
രാജ്യം സ്വയം പര്യാപ്തമാകണം, ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് പ്രാധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 74ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചത്. ആരോഗ്യപ്രവർത്തകർ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിശ്ചയദാർഢ്യം കൊണ്ട് കോവിഡിനെ മറികടക്കാമെന്നും ഈ മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിർത്തി കടന്നുള്ള ആക്രമണത്തിനെതിരെ പ്രധാനമന്ത്രി വിമർശനമുന്നയിക്കുകയും ചൈയ്തു. വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സ്വയം പര്യാപ്തമാവേണ്ടതുണ്ട്, അത് രാജ്യത്തിനും ലോകത്തിനും ആവശ്യമാണ്. ആത്മനിർഭർ (സ്വയം പര്യാപ്തത)130 കോടി ജനങ്ങളുടെ മന്ത്രമാണ്. അതൊരു യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം കാലിൽ നിൽക്കുകയെന്ന ലക്ഷ്യം രാജ്യം തിരിച്ചറിയുമെന്ന ആത്മവിശ്വസം തനിക്കുണ്ട്. ഇന്ത്യക്കാരിലും അവരുടെ കഴിവിലും തനിക്ക് ആത്മവിശ്വാസമുണ്ട്. എന്തെങ്കിലും ചെയ്യാനായി തീരുമാനിച്ചാൽ ആ ലക്ഷ്യം കൈവരിക്കുന്നതുവരെ നാം വിശ്രമിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വയം പര്യാപ്ത കർഷകരും സ്വയംപര്യാപ്ത കൃഷിയും സ്വയം പര്യാപ്ത ഇന്ത്യക്ക് ആവശ്യമാണ്. ആത്മനിർഭറിന് ലക്ഷം വെല്ലുവിളികൾ ഉണ്ടാകുമെന്നും ആഗോള കിടമത്സരത്തിൽ ഇൗ വെല്ലുവിളികൾ ഉയരുമെന്നും ഞാൻ അംഗീകരിക്കുന്നു. എന്നാൽ ലക്ഷം വെല്ലുവിളികൾക്ക് േകാടി പരിഹാരങ്ങൾ നൽകാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. രാജ്യത്തെ പൗരൻമാരാണ് ഈ കരുത്ത് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
