കായംകുളം മാര്‍ക്കറ്റ് ഓഗസ്റ്റ് 14ന് തുറക്കും
ഓഗസ്റ്റ് 14 മുതല്‍ കായംകുളം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. ഓഗസ്റ്റ് 14 രാവിലെ നാലുമുതലായിരിക്കും പ്രവർത്തിക്കുക.
എല്ലാ ദിവസവും രാത്രി 12 മണി മുതല്‍ രാവിലെ ആറുമണി വരെ ഇതരസംസ്ഥാനത്തുനിന്നുള്‍പ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നല്‍കും. ചരക്ക് ഇറക്കിയ വാഹനങ്ങള്‍ നഗരസഭ വക റയില്‍വേ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. ലോറി ഡ്രൈവര്‍മാര്‍/ ക്ലീനര്‍ മാര്‍ക്ക് നഗരസഭ വക കംഫര്‍ട്ട് സ്റ്റേഷന്‍, വിശ്രമകേന്ദ്രം ഉപയോഗിക്കുന്നതിന് അനുമതി നല്‍കും്.
ദിവസവും രാവിലെ ആറുമുതല്‍ ഒമ്പതു മണി വരെ റീടെയില്‍ വ്യാപാരത്തിനായി എത്തുന്നവര്‍ക്ക് കടകളില്‍ നിന്നുംചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റുന്നതിന് അനുമതി നല്‍കും. ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് എഴ് വരെ യാതൊരു വാഹനങ്ങളുടെയും പാര്‍ക്കിംഗ് മാര്‍ക്കറ്റില്‍ അനുവദിക്കുന്നതല്ല. ഈ സമയത്ത് മാത്രം പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങി കൊണ്ടുപോകുന്നതിനായി ചെറിയ വാഹനങ്ങള്‍ മാത്രം മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്കും.
മാര്‍ക്കറ്റിലേക്ക് കയറുന്ന വാഹനങ്ങളുടെ വഴി സംബന്ധിച്ച ക്രമീകരണം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കായംകുളം പോലീസുമായി ആലോചിച്ച് നിര്‍വഹിക്കും.
ഞായറാഴ്ച ദിവസം മാര്‍ക്കറ്റ് സമ്പൂര്‍ണ്ണമായി അടച്ചുകൊണ്ട് ശുചീകരണം നടത്തും. ഒരു ദിവസം 30 ഹെവി ചരക്കുവാഹനങ്ങള്‍ക്ക് മാത്രമേ മാര്‍ക്കറ്റില്‍ പ്രവേശനം അനുവദിക്കൂ. ഓരോ സ്ഥാപനത്തിലും, ലോഡുമായി എത്തുന്ന വാഹനത്തിന്റെ വിവരം ,ഡ്രൈവറുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ലോഡ് ഇറക്കിയ തൊഴിലാളികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതും, ഇത് നഗരസഭ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ്.
കോവിഡ് ജാഗ്രത പോർട്ടൽ വഴി നൽകുന്ന ഡിജിറ്റൽ രജിസ്റ്റർ സേവനവും മാർക്കറ്റിലെ കടകൾ ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും, സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്ന വ്യക്തികളുടെ പേര് വിവരം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും, കൈ കഴുകുന്നതിനുള്ള സൗകര്യം, സാനിറ്റൈസര്‍, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവ കൃത്യമായി നടപ്പാക്കണം. ഒരു സ്ഥാപനത്തില്‍ ഒരു സമയം 4 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ. എല്ലാ വ്യാപാരികളും കൊവിഡ് ടെസ്റ്റിന് വിധേയരാകണം. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന സമയത്ത് ബന്ധപ്പെട്ട കോവിഡ് ടെസ്റ്റ് സംബന്ധിച്ച രേഖകള്‍ ഹാജരാകേണ്ടതാണ്. നടപ്പാത കയ്യേറി കച്ചവടം നടത്തുന്നത് നിയമവിരുദ്ധ നടപടി ആയതിനാല്‍ അനുവദനീയമല്ല. കായംകുളം നഗരസഭയുടെ നേതൃത്വത്തില്‍ ഒരു ജനകീയമേല്‍നോട്ട കമ്മിറ്റി മാര്‍ക്കറ്റിലെ നിയന്ത്രണങ്ങള്‍ ഉറപ്പാക്കും.
ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി വേണുഗോപാല്‍, സബ്കളക്ടര്‍ അനുപം മിശ്ര, മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.