കളിക്കളം ഉണരുന്നു മലബാർ സ്പോർട്‌സ് അക്കാദമിയിൽ കുട്ടികൾ പരിശീലനം തുടങ്ങി
തിരുവമ്പാടി: പുല്ലൂരാംപാറയിലെ മലബാർ സ്പോർട്‌സ് അക്കാദമിയിൽ കുട്ടികൾ പരിശീലനം തുടങ്ങി. ഒട്ടേറെ ദേശീയ-അന്തർദേശീയ കായികപ്രതിഭകളെ സൃഷ്ടിച്ച അക്കാദമിയിൽ ആറുമാസത്തെ നിശ്ചലാവസ്ഥയ്ക്കുശേഷമാണ് കളിക്കളമുണരുന്നത്. ലോക്ഡൗണും തുടർന്നുണ്ടായ പരിശീലനവിലക്കും മാറിയതോടെയാണ് അക്കാദമി വീണ്ടും സജീവമാകുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം തീവ്രയത്നത്തിലേക്ക് കടക്കുകയാണ് കുട്ടികളും പരിശീലകരും. ചില മീറ്റുകളുടെ തീയതി പ്രഖ്യാപിച്ചതിനാൽ ഇനിയുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
ആറുമാസം കുട്ടികളെ ഫിറ്റ്‌നസ് നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പരിശീലകർ പറഞ്ഞു. ഓൺലൈൻ ക്ലാസുകളിലൂടെ പരിശീലകർ ഇതിനായി കഠിനപ്രയത്നം തന്നെ നടത്തി. രക്ഷിതാക്കളുടെ പിന്തുണയോടെയായിരുന്നു പരിശീലനത്തിനുള്ള നിർദേശങ്ങൾ നൽകിയിരുന്നത്. ഒാരോ പരിശീലകനും നിശ്ചിതകുട്ടികളുടെ ഉത്തരവാദിത്വമേറ്റെടുത്ത് മുന്നോട്ടുപോകുകയായിരുന്നു.
എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തും
കർശനനിയന്ത്രണങ്ങളോടെയാണ് തിങ്കളാഴ്ചമുതൽ പരിശീലനം തുടങ്ങിയിരിക്കുന്നത്.
നൂറോളം വിദ്യാർഥികളാണ് ഇപ്പോൾ അക്കാദമിയിലുള്ളത്. ഘട്ടം ഘട്ടമായി മുഴുവൻ വിദ്യാർഥികളെയും പരിശീലനത്തിനെത്തിക്കും. ഇവരിൽ പകുതിയിലേറെപ്പേരും പെൺകുട്ടികളാണ്. പോലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് എന്നിവയുടെ നിർദേശങ്ങൾക്കനുസരിച്ച് ഗ്രൗണ്ടിൽ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽനിന്നുള്ള കുട്ടികളെയെല്ലാം ആന്റിജെൻ പരിശോധനയ്ക്ക് വിധേയരാക്കി ഫലം വന്നതിനുശേഷമാണ് പരിശീലനത്തിൽ പങ്കെടുപ്പിക്കുക. രക്ഷിതാക്കളെയോ പുറത്തുനിന്നുള്ളവരെയോ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കില്ല. ഗ്രൗണ്ടിലെത്തുന്ന കുട്ടികളുടെ ശരീരോഷ്മാവ് എല്ലാ ദിവസവും പരിശോധിക്കും. കൈകഴുകി സാനിറ്റൈസർ ഉപയോഗിച്ചശേഷമാണ് പരിശീലനസ്ഥലത്തേക്ക് പോകുന്നത്. പരിശീലനവേളയിൽ മുഖാവരണം ഒഴിവാക്കും. ഈകാര്യങ്ങളെല്ലാം കുറ്റമറ്റരീതിയിൽ നടപ്പാക്കാൻ ഗ്രൗണ്ടിൽ പ്രത്യേകസംഘമുണ്ട്.
സ്‌പ്രിന്റ്, ത്രോ തുടങ്ങി ഒാരോ ഇനങ്ങൾക്കും വ്യത്യസ്തസ്ഥലങ്ങളിലാണ് പരിശീലനം. കുട്ടികളിൽ പകുതിപ്പേർ ഹോസ്റ്റലിൽത്തന്നെ കഴിയുകയാണ്. ഇവരെ പുറത്തേക്ക് വിടുന്നില്ല. വീടുകളിൽനിന്ന് വരുന്നർ മറ്റൊരിടത്തും പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.