ശത്രുക്കൾ വരുന്ന വഴി…

Share News

ഏതാനും ദിവസം മുൻപ് ഒരു പെൺകുട്ടി ഒരു കഥപറഞ്ഞു. അവളെ മണപ്പിച്ചു നടന്നൊരുത്തനോട് എപ്പോഴും എന്റെ ഗ്രൂപ്പുകളെക്കുറിച്ചും അതിലെ പോസ്റ്റുകളെക്കുറിച്ചും പറയാൻ തുടങ്ങിയത്രേ. കൂട്ടത്തിൽ എന്നെയും പൊക്കിപ്പറയുമല്ലോ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ കുറ്റം കണ്ടു പിടിക്കലായി അയാളുടെ പണി. കോളേജ് കാലത്തെ എന്നെ എടുത്തുയർത്തി അവളുടെ മുന്നിൽ വലിയൊരു ഫ്രാഡ് ആയി എന്നെ ചിത്രീകരിക്കുവാനായി അയാളുടെ ശ്രമം. ഇതിലെ ഒരു രസകരമായ കാര്യം അയാൾക്ക് എന്നെ അറിയില്ല, എനിക്കും അയാളെ അറിയില്ല, ഞാനയാളെ കണ്ടിട്ടുമില്ല. വർഷങ്ങൾക്ക് മുൻപ് ഞാനറിയാതെ അങ്ങനെ എനിക്കൊരു ശത്രുവായി

ഇത് കേട്ടപ്പോൾ ഞാനൊരു വ്യക്തിയെ ഓർത്തു. കോളേജിൽ പഠിച്ചതാണ്. അത്രയധികം അടുപ്പമൊന്നുമില്ല. എനിക്ക് അയാളോട് ഇഷ്ടമുണ്ടായിരുന്നു. നന്നായിട്ട് പലതും എഴുതുമായിരുന്നയാൾ. പറ്റിയ സംഭവം ഇത്രേയുള്ളൂ. പുള്ളി സംസാരിച്ച എന്റെ ഗ്രൂപ്പിലെ പല സ്ത്രീകളും എന്നെക്കുറിച്ചു വളരെ നല്ല അഭിപ്രായം പറയുന്നു. പുള്ളി എന്നെക്കുറിച്ചു കുറ്റങ്ങൾ പറഞ്ഞു നോക്കി. ഏൽക്കുന്നില്ല. പിന്നെയദ്ദേഹം കോളേജ് ഗ്രൂപ്പിൽ എല്ലാവരോടും വ്യക്തിപരമായി എന്റെ കുറ്റം പറഞ്ഞു തുടങ്ങി. ഞാൻ പോലുമറിയാത്ത കഥകളുമായി ആർമാദിക്കാൻ തുടങ്ങി.സ്ത്രീ വിഷയത്തിൽ തല്പരനായതുകൊണ്ട് ചില സ്ത്രീകൾ എന്നോട് പുള്ളിയെക്കുറിച്ചു പറഞ്ഞു എന്നുള്ള തെറ്റിദ്ധാരണയായിരുന്നു പ്രധാന ശത്രുതക്ക് കാരണം. ഇന്നും അവസരം കിട്ടുന്നിടത്തെല്ലാം എന്നെ കുറ്റം പറഞ്ഞു നടക്കുന്നുണ്ടത്രേ.നല്ലതു ചെയ്താലും ശത്രുക്കൾ ഉണ്ടാകുമെന്ന് എന്നെ പഠിപ്പിച്ച അനുഭവമാണിത്.

ഇവരൊക്കെ എന്റെ ആരുമല്ല എന്ന് പറയാം. പക്ഷെ എന്റെ ആരൊക്കെയോ ആണെന്ന് ഞാൻ കരുതിയ വ്യക്തിയുണ്ടായിരുന്നു. പലയിടത്തും എന്നെ കുറ്റം പറയുന്നു, ആക്രമിക്കുന്നു. കാരണം അറിയാതെ ഞാൻ അന്തം വിട്ടു പോയി. ഏതാനും മാസം മുൻപ് അവന്റെ ഒരു കൂട്ടുകാരിയെ കണ്ടു. അവളോടും പറഞ്ഞത്രേ എന്റെ പരിപാടികൾക്കൊന്നും പോകരുതെന്ന്. അവളാണ് എന്നോട് പറഞ്ഞത് ഇവന്റെ ശത്രുതതയുടെ കാരണം. അതും ഒരു പെണ്ണ് തന്നെ. അവൻ വഴി പരിചയപ്പെട്ടൊരു സ്ത്രീ. അവനോടുള്ള അടുപ്പത്തേക്കാൾ എന്നോട് അടുപ്പം കാണിക്കുന്നു. സ്ത്രീകൾ അവർ ബഹുമാനിക്കുന്നവരോട് അടുപ്പം കൂടുതൽ കാണിക്കുമെന്നുള്ള കാര്യം അവന് തിരിച്ചറിയില്ലല്ലോ. ഈ സംഭവങ്ങൾ നടക്കുമ്പോൾ എന്റെ കുടുംബം കലക്കാൻ അവൻ നോക്കിയത് അപ്പോഴാണ് ഓർമകളിൽ വന്നത്. ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ ഭാര്യ പറഞ്ഞു. ഇന്നയാൾ വിളിച്ചിരുന്നു. ഇന്ന സ്ത്രീയോട് അച്ചായൻ മിണ്ടരുത്. അവരുടെ പ്രൊഫഷൻ പറഞ്ഞു പറഞ്ഞത്രേ. അവരെല്ലാം മോശക്കാരാണ്. നമുക്ക് പറ്റിയ ബന്ധമല്ല.

പിന്നൊരു ദിവസം എന്റെ ഭാര്യയെ വിളിച്ചു വീണ്ടും പറഞ്ഞു. ചേച്ചീ അച്ചായനെ എപ്പോൾ വിളിച്ചാലും ഫോണിൽ ബിസിയാ. ഇതത്ര ശരിയല്ല. എന്നെ മനസിലാക്കുന്ന ഒരു ഭാര്യയായതുകൊണ്ട് അവളെന്നോട് പറഞ്ഞു, സൂക്ഷിക്കണം എന്റെ സ്ഥാനത്തു വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ചിലപ്പോൾ കുടുംബം കലങ്ങിയേനെ.

കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം…. ഹോ…. പ്രിയമുള്ള സ്ത്രീജനങ്ങളെ, നിങ്ങൾ സൗഹൃദം ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിക്കുകയോ ചെയ്‌തോളൂ.അവരോട് മറ്റൊരാണിനെക്കുറിച്ചു പുകഴ്ത്തിപ്പറയല്ലേ. ലോകത്തിൽ ഏറ്റവും കൂടുതൽ അസൂയയുള്ളത് നിങ്ങൾക്കല്ല. ഞങ്ങൾ ആൺ വർഗത്തിനാ. പ്രത്യേകിച്ച് ഉള്ളിൽ കാമക്കണ്ണു വെച്ചിട്ടു പുറമെ വിശുദ്ധവേഷം കെട്ടുന്ന ആൺ വർഗത്തിന്. ഇതെല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത് പേടിച്ചിട്ടല്ല കേട്ടോ, പണ്ടത്തെപ്പോലെ ഇറങ്ങേണ്ട എന്ന് വിചാരിച്ചിട്ടാ. കുടുംബവും മക്കളുമൊക്കെ ആയി മാന്യമായി ജീവിക്കുന്നതുകൊണ്ട് .

ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം. കുത്തിക്കുത്തി അണ്ണാക്കിലും കേറി കുത്തിയാൽ പിന്നെ നുമ്മ നോക്കിക്കോളാം.അതുവരെയങ്ങു ക്ഷമിക്കും. 29 കൊല്ലം ഒരാളെയും തെറി വിളിക്കാതെ ഒരാൾക്കെതിരെയും കയ്യുയർത്താതെ ജീവിച്ചു. ഒരു സിനിമാ ഡയലോഗ് പറയാം. എനിക്കും ജീവിക്കണം.മാന്യമായി, സമാധാനമായി.

George F Xavier Valiyaveedu

Share News