കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ ഇരട്ട സഹോദര വൈദികർ ഇന്ന് സഭയിലെ ഏറെ തിളക്കമുള്ള താരങ്ങളാണ്

Share News

സന്യസ്തർക്കിടയിലെ അപൂർവ്വസഹോദരങ്ങൾ

കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ ഇരട്ട സഹോദര വൈദികർ ഇന്ന് സഭയിലെ ഏറെ തിളക്കമുള്ള താരങ്ങളാണ്

ഇടുക്കി ജില്ലയിലെ കിളിയാർകണ്ടത്താണ് ആ സഹോദരങ്ങളുടെ വീട്.കാഴ്ചയിലും പ്രവൃത്തിയിലും ഒരുപാട് സമാനതകളുള്ള ആ ഇരട്ട സഹോദരങ്ങളൊരുമിച്ചാണ് സ്‌കൂളിൽ പോയതും മടങ്ങിയതും. മുഖഭാവത്തിലും വസ്ത്രധാരണത്തിലുമുള്ള ഇവരുടെ അസാധാരണ സാമ്യം അധ്യാപകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. റോബി, റോയി പേരുകളിൽ പോലും നിഴലിച്ച് നിന്ന ഈ സമാനത അവരുടെ ജീവിതരംഗങ്ങളിലും തെളിഞ്ഞുനിന്നു.രണ്ടുപേരും ഒരുമിച്ചാണ് നാട്ടിൽ തന്നെയുള്ള എസ്.എൻ.ഡി.പി. എൽ.പി.സ്‌കൂളിൽ പ്രാഥമിക പഠനം ആരംഭിച്ചത്. പിന്നീട് കാമാക്ഷിയിലുള്ള ഗവൺമെന്റ് യു.പി.സ്‌കൂളിലായി പഠനം.

തങ്കമണിയിലെ സെന്റ് തോമസ് ഹൈസ്‌കൂളിൽ പഠനം തുടരുമ്പോഴും ഒരേ ക്ലാസിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു അവരുടെ സ്ഥാനം. രണ്ടുപേരും ഒരുമിച്ച് പത്താംക്ലാസ് പാസായപ്പോൾ വീട്ടുകാരും നാട്ടുകാരും ഒരുപോലെ ‘ഇനി ഏതു കോളജിലേക്ക്’ എന്നായിരുന്നു അന്വേഷിച്ചത്. എന്നാൽ നാളുകളായി അവരുടെ മനസ്സിൽ തിങ്ങിനിറഞ്ഞുനിന്ന സന്യാസജീവിതത്തെക്കുറിച്ച് അവർ വെളിപ്പെടുത്തിയപ്പോൾ എല്ലാവരുടെയും മനസ്സിലത് അമ്പരപ്പായിത്തീർന്നു. ഒടുവിലത് അനുഗ്രഹവർഷവും.എറണാകുളം രാജഗിരി മൈനർ സെമിനാരിയിലായിരുന്നു വൈദികജീവിതത്തിന്റെ പ്രാരംഭപരിശീലനം.

പിന്നീട് കറുകുറ്റിയിലും ബാംഗ്ലൂരിലുമായി ആ വൈദിക പഠനം നീണ്ടു. ഈ സമയങ്ങളിലെല്ലാം അവരെന്നും ഒരുമിച്ചുതന്നെയായിരുന്നു. ബിരുദത്തിന് ആലുവ യു.സി. കോളജിൽ ചേർന്നപ്പോൾ ഫാ.റോയി മലയാളം ഇഷ്ടവിഷയമായി തിരഞ്ഞെടുത്തു. ഫാ.റോബിയാകട്ടെ ഇംഗ്ലീഷും. റീജൻസി കാലഘട്ടത്തിലും അങ്ങനെയൊരു വേർതിരിവുണ്ടായി. വാഴക്കുളത്ത് കാർമ്മൽ പബ്ലിക് സ്‌കൂളിൽ മലയാളം അധ്യാപകനായി റോയി, അടിമാലിയിലെ വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ ഇംഗ്ലീഷ് മാഷായിത്തീർന്നു റോബി. തിയോളജി പഠനം കഴിഞ്ഞ് രണ്ടുപേരും ബിരുദാനന്തരബിരുദവും പൂർത്തിയാക്കി.

രണ്ടുപേരും രണ്ടിടങ്ങളിൽ പഠിക്കുകയും രണ്ട് തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ രണ്ട് വ്യത്യസ്ത ചിന്താഗതികൾ രൂപപ്പെടുമെന്ന ആത്മീയ ഗുരുക്കന്മാരുടെ ഉപദേശം അവരെ രണ്ടിടങ്ങളിലേക്ക് തിരിച്ചെങ്കിലും അവരുടെ പ്രവർത്തനങ്ങൾ ഒരേ രീതിയിൽ അവരറിയാതെ ഒരുമിച്ചു. തൊടുപുഴയിൽ നിന്ന് റോബിയെടുക്കുന്ന അതേ വസ്ത്രങ്ങൾ തന്നെയാകും അടിമാലിയിൽ നിന്നും റോയി തിരഞ്ഞെടുക്കുന്നതും. തിരുവനന്തപുരത്തുനിന്നും റോയി എടുക്കുന്ന അതേ കമ്പനിയുടെ അതേ നിറത്തിലുള്ള കണ്ണടയാകും റോബി എറണാകുളത്തുനിന്നും സെലക്ട് ചെയ്യുന്നതും.

രണ്ടുപേരുടെയും പരസ്പരമറിയാതുള്ള ഈ തിരഞ്ഞെടുപ്പുതന്നെ അവരുടെ വൈദികജീവിതത്തിലും പിന്തുടർന്നുകൊണ്ടിരിക്കുന്നു. ഇന്നു രണ്ടുപേരും സി.എം.ഐ. സഭയിലെ പ്രശസ്തരായ വൈദികരാണ്.

ഫാ.റോയി, ദീപിക ബാലസഖ്യത്തിന്റെ കൊച്ചേട്ടനാണ്,

ഫാ.റോബി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടറും

”പൗരോഹിത്യ ദൈവവിളിയിലേക്ക് തിരിയാനും തങ്ങളുടെ ജീവിതം ക്രിസ്തുവിനായി മാറ്റിവയ്ക്കാനും കഴിഞ്ഞത് വീട്ടിലെ പ്രാർത്ഥനയും മാതാപിതാക്കളുടെ മാതൃകാജീവിതവുമാണെന്ന്”ഫാ.റോയി പറഞ്ഞു.

ഹൈറേഞ്ചിന്റെ എല്ലാ പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങളിലൂടെയും കടന്നുപോയിട്ടും കർഷകരായ മാതാപിതാക്കളുടെ പരസ്പരസ്‌നേഹവും പങ്കുവയ്ക്കൽ മനോഭാവവും മക്കളിലും ദൈവസ്‌നേഹത്തിന്റെ കുളിർമഴപ്പെയ്ത്തിനിടയാക്കി.

ഏഴുമക്കളുള്ള കണ്ണൻചിറയിലെ ആ വീട്ടിൽനിന്നും സായാഹ്നങ്ങളിൽ ഉയർന്ന് പൊന്തുന്ന പ്രാർത്ഥനയ്ക്ക് കണ്ണീരിന്റെ നനവും സ്‌നേഹത്തിന്റെ സ്‌നിഗ്ദ്ധതയും ഉണ്ടായിരുന്നു. മക്കളെ നല്ല ശീലങ്ങളിലേക്ക് നയിക്കുവാൻ വല്യമ്മയുടെ പ്രയത്‌നങ്ങളും🥰 പ്രാർത്ഥനയായി.

മക്കളെ മടിയിലിരുത്തി വല്യമ്മ പറഞ്ഞുകൊടുക്കുന്ന പ്രാർത്ഥനകൾക്ക് വ്യാകരണമോ ഭാഷാശുദ്ധിയോ ഉണ്ടായിരുന്നില്ല. എന്നാലത് ഹൃദയത്തിൽനിന്നുറപൊട്ടുന്നതായിരുന്നു. പഴയൊരു പ്രാർത്ഥന റോയിച്ചന്റെ മനസ്സിലിപ്പോഴുമുണ്ട്. ഉത്ഥാനകാലത്തെ ത്രിസന്ധ്യാജപമായി പണ്ട് കുടുംബങ്ങളിൽ നിന്നുയരുന്ന ഈ പ്രാർത്ഥന തുടങ്ങുന്നത് ഇങ്ങനെയായിരുന്നുവത്രേ.

പരലോകരാജ്ഞീ! മനോദൃഷ്ടിപൂരിക്ക!’🙏 അർത്ഥമെന്തെന്നറിഞ്ഞില്ലെങ്കിലും പ്രാർത്ഥനയിലെ ‘പൂരിക്ക’ ഏത് മരത്തിന്റെ കായാണെന്നായിരുന്നു അച്ചന്റെ ബാല്യകാലത്തെ 😄സംശയം. ഇതിന് കൃത്യമായ ഉത്തരം കൊടുക്കാൻ വല്യമ്മച്ചിക്കും കഴിഞ്ഞില്ല. എന്നാൽ പിന്നീട് ബിരുദത്തിന് ചേർന്നപ്പോൾ ആ പ്രാർത്ഥനയുടെ വിശാലമായ അർത്ഥം അച്ചന് മനസ്സിലായി. 🙏”സ്വർലോകരാജ്ഞീ.. മനസ്സ് തുറന്ന് ആഹ്ലാദിച്ചാലും’ 🙏ഇതായിരുന്നു ആ വാക്കുകളുടെ അർത്ഥം.

നിർമ്മലതയിലേക്ക് മനസ്സിനെ തിരിച്ചുവിടാനും ദൈവവിളിയുടെ നാനാർത്ഥങ്ങളിലേക്ക് മുഖം പൂഴ്ത്താനും വൃദ്ധയായ വല്യമ്മച്ചിയുടെ അർത്ഥമറിയാത്ത പ്രാർത്ഥനകൾ വഴിതെളിച്ചുവെന്ന് ഉദാഹരിക്കുമ്പോൾ ഫാ.റോയിയുടെ മുഖത്തിന് തിളക്കം.

രാത്രി അത്താഴത്തിനു മുമ്പ് അച്ചായന്റെ വക 😊‘പ്രഭാഷണപരിശീലനം’😊 വീട്ടിലുണ്ടായിരുന്നു. പ്രാർത്ഥനയ്ക്കിരുന്ന അതേ പുൽപ്പായയിൽ ഇരുന്നായിരുന്നു പരിശീലനം. ഒരു വിഷയം നിർദ്ദേശിച്ചിട്ട് അദ്ദേഹം മക്കളോട് അവയെപ്പറ്റി പ്രസംഗിക്കാൻ നിർദ്ദേശിക്കും. മക്കൾ ഒരു സദസ്സിനെ അഭിമുഖീകരിക്കുന്ന മട്ടിൽ ആ വിഷയം പ്രസംഗിക്കണം

ഭാവങ്ങളും ശാരീരികചലനങ്ങളും മാർക്കിടും. സെമിനാരി പഠനകാലത്തും വൈദിക ജീവിതത്തിലും വീട്ടിലെ ഈ പ്രസംഗ പരിശീലനം വളരെയേറെ ഉപകാരപ്രദമായെന്ന് ഫാ.റോബിയും ഓർക്കുന്നു.കുടുംബപ്രാർത്ഥന കഴിഞ്ഞ് അച്ചായൻ മക്കൾക്ക് ഒരു പ്രാർത്ഥന പതിവായി ചൊല്ലിക്കൊടുക്കുമായിരുന്നു. വളരെ ചെറിയൊരു പ്രാർത്ഥന. എന്നാൽ ലോകത്തിന് മുഴുവൻവേണ്ടി പ്രാർത്ഥിക്കുവാനുള്ള ആഹ്വാനവും അതിന്റെ ആവശ്യകതയും ആ വരികളിലുണ്ടായിരുന്നു. ഇന്ന് ബാലസഖ്യ ക്യാമ്പുകളിൽ റോയിച്ചൻ ആ പ്രാർത്ഥന മറ്റൊരു രൂപത്തിലാക്കി കുട്ടികളെക്കൊണ്ട് ചൊല്ലിക്കാറുണ്ട്. അവരുടെ നാവിൻതുമ്പത്തും ആ പ്രാർത്ഥന കാണാപാഠമായിത്തീർന്നുവെന്ന് കേൾക്കുമ്പോൾ കർഷകനായ അവരുടെ പിതാവിന്റെ ഹൃദയം വിതുമ്പുന്നത് മക്കൾക്ക് കേൾക്കാം.

വല്യമ്മച്ചിയുടെ നേതൃത്വത്തിലായിരുന്നു ബാല്യകാലത്ത് കുട്ടികൾ പള്ളിയിൽ🥰 പോയിരുന്നത്. ഒപ്പം പത്തുമുപ്പത് കുട്ടികളെങ്കിലും ഒന്നിച്ചുണ്ടാകും. എല്ലാവരെയുംകൂട്ടി വല്യമ്മച്ചി അൾത്താരയ്ക്ക് താഴെ ഒന്നിച്ച് നിർത്തി പ്രാർത്ഥിക്കും.

പൗരോഹിത്യജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരുപിടി അനുഭവങ്ങൾ തങ്ങൾക്കുണ്ടെന്ന് അച്ചന്മാർ പറയുന്നു. മാമ്മോദീസാ നൽകിയ ഫാ.തോമസ് കപ്യാരുമലയോടൊപ്പം ഒന്നിച്ചൊരു ബലിവേദിയിൽ നിന്ന് ദിവ്യബലിയർപ്പിച്ചത് കണ്ണുകളെ ഈറനാക്കുന്ന🥰 അനുഭവമായിരുന്നു. സെമിനാരിയിൽ പഠിക്കുമ്പോൾ ചില വൈദികർ പറയുമായിരുന്നു, 🥰‘ഒരാൾ ദിവ്യബലിയർപ്പിക്കുക, മറ്റേയാൾ പാട്ടുപാടുക. അങ്ങനെ പാട്ടും പ്രാർത്ഥനയും സമരസപ്പെടുത്തിയൊരു ദിവ്യബലിയർപ്പണം🥰.🙏’ എത്രയോ ദേവാലയങ്ങളിൽ ഫാ.റോബിയും ഫാ.റോയിയും ചേർന്നിങ്ങനെ സമൂഹബലിയർപ്പിച്ചിരിക്കുന്നു🙏.

1998 ഡിസംബർ 30-നായിരുന്നു പട്ടം. കിളിയാർ ഇടവക പള്ളിയിലർപ്പിച്ച പ്രഥമ ദിവ്യബലിയർപ്പണത്തിൽ പങ്കെടുക്കാൻ സമീപ പ്രദേശങ്ങളിലുള്ളവരും എത്തിച്ചേർന്നിരുന്നു. നാടിന് മുഴുവൻ കൗതുകം പകർന്ന ഈ അപൂർവ്വ ബലിയർപ്പണത്തിന് ശേഷം നാട്ടുകാരുടെ വക സ്വീകരണം പ്രാഥമിക വിദ്യാഭ്യാസം നടത്തിയ എസ്.എൻ.ഡി.പി. സ്‌കൂളിൽ. പൗരോഹിത്യവഴിയിലെ ഈ അപൂർവ്വ ദൈവവിളി അന്നുതന്നെ വാർത്തയായി.

ഫാ.റോബി തുടർന്ന് മൂന്നാർ വിമലാലയം ദേവാലയത്തിലേക്കും ഫാ.റോയി മൂവാറ്റുപുഴ പ്രൊവിൻഷ്യാൾ ഹൗസിലേക്കും നിയോഗിക്കപ്പെട്ടു. ‘ചാവറ സർഗവേദി’ എന്ന പേരിൽ രൂപീകരിക്കപ്പെട്ട ഇടവക നവീകരണ പ്രവർത്തനങ്ങളുടെ ചുമതലയായിരുന്നു ഫാ.റോയിക്ക്. തുടർന്ന് രണ്ടുപേരും തൊടുപുഴയിലും മാന്നാനത്തുമായി ബി.എഡ് കോഴ്‌സും പൂർത്തിയാക്കി.

വചനം, ഹൃദയനിലങ്ങളിൽ വിതയ്ക്കപ്പെടാനുള്ള വഴികളെക്കുറിച്ചായിരുന്നു ഇരുവരുമെന്നും ചിന്തിച്ചിരുന്നത്. സന്യാസസമൂഹം ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളിലൂടെ ആ ദൗത്യത്തിന്റെ പൂർത്തീകരണം സഫലീകൃതമാകുന്നുണ്ടെന്ന് അവർ കരുതുന്നു.

”വഴിതെറ്റി അലയുന്ന കുട്ടികളെ ക്രിസ്തുവിലേക്കുള്ള വഴി കാണിച്ച് കൊടുക്കുക അതാണ് എന്റെ മിഷനെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. എത്രയെത്ര കുഞ്ഞുങ്ങൾ ദിശതെറ്റി തെറ്റിന്റെ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നു. അവരുടെ ജീവിതത്തിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെങ്കിലും പകരാൻ കഴിയണം. കഴിഞ്ഞനാളിൽ കുറച്ചൊക്കെ അതിന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.”🙏 ഫാ.റോയിയുടെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തുടിപ്പ്.

ജീവിതത്തിന്റെ മറ്റേ അറ്റത്തെത്തുംവരെ ഒരുമിച്ച് ഒരേ തൂവൽപ്പക്ഷികളായി, അനേകരെ സ്‌നേഹത്തിന്റെ കൂടാരത്തിലൊരുമിപ്പിക്കണം. ഇരുവരുടെയും വാക്കുകൾ ഒരേ ലക്ഷ്യത്തിലേക്ക്

( പോസ്റ്റ്‌ :- കടപ്പാട് :- FCC SUPPORT ACTION COUNCIL, സെപ്റ്റംബർ 10/ 2019 )

Joshy Kappil

.

Share News