ഇത് ജനങ്ങളുടെ വിജയം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആവേശകരമായ വിജയം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനാല് ജില്ലകളില്‍ പതിനൊന്നിലും ഇടതുമുന്നണി വിജയിച്ചു. സര്‍വതലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. ഇത് ജനങ്ങളുടെ വിജയമാണ്. നമ്മള്‍ ഒന്നായി തുടരണമെന്ന ദൃഡനിശ്ചയത്തിന്റെ പ്രതിഫലനമാണ് ഈ വിജയമെന്നും പിണറായി പറഞ്ഞു.

ബിജെപിയുടെ അവകാശ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലുകള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ല എന്ന് തെളിയിച്ചിരിക്കുന്നു. 2015നെ താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. ഏഴ് ജില്ലാ പഞ്ചായത്തുണ്ടായിരുന്നത് 11 പഞ്ചായത്തായി. കഴിഞ്ഞ തവണ 98 ബ്ലോക്കില്‍ ജയിച്ചെങ്കില്‍ ഇക്കുറി 108 എണ്ണം ജയിച്ചു. ആറില്‍ 5 കോര്‍പറേഷനും നേടി. 941 ഗ്രാമപഞ്ചായത്തില്‍ 514 ല്‍ മേല്‍ക്കൈ നേടി. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് എല്‍ഡിഎഫ് മത്സരിച്ചത്. 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റപ്പെട്ട സ്ഥലത്തല്ല എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടായതെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം സമഗ്ര മുന്നേറ്റം നടത്തി. എല്ലാ വിഭാഗക്കാരും അതിലുണ്ട്. ഒരു ഭേദവുമില്ലാതെ എല്‍ഡിഎഫിനെ പിന്താങ്ങുന്ന നിലയാണ് ഉണ്ടായത്. എല്‍ഡിഎഫിനെ വലിയ സ്വീകാര്യതയോടെയാണ് ജനം സ്വീകരിച്ചത്. അതുകണ്ടാണ് കേരള ജനതയുടെ വിജയമാണ് എന്ന് പറഞ്ഞത്. യുഡിഎഫിന് ആധിപത്യമുണ്ടായ പല സ്ഥലത്തും ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ് നേതാക്കളുടെ തട്ടകത്തില്‍ പോലും എല്‍ഡിഎഫ് വിജയക്കൊടി നാട്ടി. ഒരിക്കലും കൈവിടില്ല എന്ന് കരുതിയ സ്ഥലത്താണ് അട്ടിമറി സംഭവിച്ചത്. അതിന് കാരണം ആ മുന്നണിയുടെ വിശ്വാസ്യത തകര്‍ന്നു എന്നതിന് സൂചനയാണ്. ഒന്നിച്ചു നില്‍ക്കുന്നതിന് പകരം പ്രതിലോമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ജനം നല്‍കിയ ശിക്ഷയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share News