ടോമിന്‍ ജെ. തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം

Share News

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് തച്ചങ്കരി. എന്‍ ശങ്കര്‍ റെഡ്ഡി വിരമിച്ചതിനെത്തുടര്‍ന്നാണ് തച്ചങ്കരിയുടെ റാങ്ക് ഉയര്‍ന്നത്.

പൊലീസിലും വിജിലന്‍സിലും അടക്കം 34 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്നലെയാണ് ശങ്കര്‍ റെഡ്ഡി വിരമിച്ചത്. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ശങ്കര്‍ റെഡ്ഡി.

അതേസമയം, തച്ചങ്കരിക്ക്, പോലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത .അടുത്ത വർഷം ജൂണിൽ സംസ്ഥാന പോലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് ബെഹ്‌റ ഐപിഎസ് വിരമിക്കുമ്പോൾ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയർ IPS ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ തച്ചങ്കരി ഐപിഎസ്.

തച്ചങ്കരി കെഎസ്ആർടിസിയിലും ക്രൈം ബ്രാഞ്ചിലും നടത്തിയ പ്രവർത്തനങ്ങൾ രാഷ്ട്രീയകക്ഷി ഭേദമന്യേ അതീവ ജനശ്രദ്ധ നേടിയിരുന്നു. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്‌, കണ്ണൂർ ജില്ലകളുടെ പോലീസ് മേധാവി ആയിരുന്നു. കണ്ണൂർ റേഞ്ച് ഐജി , പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപി, ട്രാൻസ്‌പോർട്ട് കമ്മീഷണർ, ഫയർ ഫോഴ്സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

3 വർഷത്തെ സേവനകാലാവധി ടോമിൻ ജെ തച്ചങ്കരിക്ക് ഇനിയും അവശേഷിക്കുന്നുണ്ട്. പരേതയായ അനിത തച്ചങ്കരി ആണ് ഭാര്യ. ഇലക്രോണിക്സ് രംഗത്തുള്ള മേഘയും കാവ്യയും ആണ് മക്കൾ.

Share News