സെക്രട്ടറിയേറ്റില്‍ അതിക്രമിച്ചു കയറിയത് ആയുധങ്ങളുമായി: യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ച് മന്ത്രി ഇ പി ജയരാജന്‍

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ച്‌ മന്ത്രി ഇ പി ജയരാജന്‍.

ആയുധങ്ങളുമായാണ് സെക്രട്ടറിയേറ്റില്‍ ബിജെപി നേതാക്കള്‍ അതിക്രമിച്ചു കയറിയതെന്നും കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. നേതാക്കന്‍മാരുടെ സാന്നിധ്യത്തിലാണ് പൊലീസിനെ ആക്രമിച്ചത്. പ്രതിപക്ഷ നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ചെറുപ്പക്കാരെ കോവിഡിന്റെ അപകടത്തിലേക്ക് തള്ളിവിടരുത്. അവരുടെ രക്ഷിതാക്കളോട് നേതാക്കള്‍ മറുപടി പറയേണ്ടിവരും. നാടിന്റെ അവസ്ഥ മനസിലാക്കിക്കൊണ്ട് യഥാര്‍ഥ പ്രതിപക്ഷമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ഒരു ഫയലും പൂര്‍ണമായും കത്തി നശിച്ചിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

യുഡിഎഫിന്റെ ഭരണകാലത്തും സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. 300ലധികം ഫയലുകള്‍ പൂജപ്പുര ജയില്‍ വളപ്പില്‍ വച്ച്‌ കത്തിച്ച സംഭവത്തില്‍ അന്വേഷണം വരെ നടന്നതാണ്. നിലവില്‍ സെക്രട്ടറിയേറ്റില്‍ ഇ-ഫയലിങ് സംവിധാനമാണ് ഉളളത്. കോവിഡ് കാലത്ത് നിയന്ത്രണമില്ലാത്ത ആള്‍ക്കൂട്ടത്തെയാണ് കണ്ടത്. പൊലീസിനെ ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായി. ഇത്തരം അക്രമ സംഭവങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

Share News