
കേന്ദ്ര വ്യോമയാനമന്ത്രി കരിപ്പൂരിൽ: ധനസഹായം പ്രഖ്യാപിച്ചു
കോഴിക്കോട്: വിമാനാപകടം വിലയിരുത്താനായി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി കോഴിക്കോട്ടെത്തി. കരിപ്പൂര്‍ ദുരന്തത്തില്‍ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി.
സമയോചിത ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പരമാവധി തെളിവുകള്‍ കണ്ടെത്തുകയാണ് പ്രധാനം. ഊഹാപോഹത്തിനുള്ള സമയമല്ല ഇതെന്നും മന്ത്രി പറഞ്ഞു. റണ്‍വേ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക്ബോക്സുകളും കിട്ടി. ഡാറ്റ റെക്കോര്‍ഡറും കണ്ടെത്തിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. നിസാര പരിക്കുള്ളവര്‍ക്ക് അമ്ബതിനായിരം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും കോഴിക്കോട് എത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു. ഇതിനുശേഷം ഗവര്‍ണറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിജിപിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനുശേഷം സംഘം കരിപ്പൂരിലേക്ക് പോകുമെന്നാണ് സൂചന.
മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.കെ. ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്, ടി.പി. രാമകൃഷ്ണന്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.
നേരത്തെ കേന്ദ്രമന്ത്രി വി.മുരളീധരന് കരിപ്പൂരിലെത്തിയിരുന്നു. മന്ത്രി കെ.ടി. ജലിലും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.