കൊച്ചി-മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായ വിവരം സന്തോഷപൂര്‍വം അറിയിക്കുകയാണ്-മുഖ്യമന്ത്രി

Share News

കൊച്ചി-മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായ വിവരം സന്തോഷപൂര്‍വം അറിയിക്കുകയാണ്. ഈ സര്‍ക്കാര്‍ ഏറ്റെടുത്ത വലിയ ഒരു വെല്ലുവിളിയാണ് ഈ പൈപ്പ് ലൈന്‍.അവസാന കടമ്പയായ കാസര്‍കോട് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റര്‍ ദൂരത്ത് പൈപ്പുലൈന്‍ ശനിയാഴ്ച രാത്രി സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ മംഗളൂരുവിലെ വ്യവസായശാലകളില്‍ വാതകമെത്തും.

ഗെയില്‍ പൈപ്പുലൈന്‍ കേരളത്തിലൂടെ കടന്നുപോകുന്നത് 510 കിലോമീറ്ററാണ്. ഇതില്‍ 470 കിലോമീറ്റര്‍ ലൈന്‍ സ്ഥാപിച്ചത് ഈ സര്‍ക്കാരിന്‍റെ കാലത്താണ്. യുഡിഎഫ് സർക്കാർ പൂര്‍ത്തിയാക്കിയത് 40 കിലോമീറ്റര്‍ മാത്രമായിരുന്നു. പദ്ധതിക്ക് ഏകജാലക അനുമതി നല്‍കിയത് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ്. കൊച്ചിയിലെ വ്യവസായശാലകള്‍ക്കു പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈന്‍ വിന്യാസമായിരുന്നു ആദ്യഘട്ടം. രണ്ടാംഘട്ടമായ കൊച്ചി – മംഗളൂരു പൈപ്പുലൈനാണ് ശനിയാഴ്ച പൂര്‍ത്തിയായത്. ഇത് ഡിസംബര്‍ ആദ്യം കമീഷന്‍ ചെയ്യുമെന്നാണ് കരുതുന്നത്. ബംഗളൂരു ലൈനിന്‍റെ ഭാഗമായ കൂറ്റനാട്-വാളയാര്‍ പൈപ്പുലൈനും (94 കിലോമീറ്റര്‍) പൂര്‍ത്തിയായി. 2021 ജനുവരിയില്‍ കമീഷന്‍ ചെയ്യും. രണ്ടാംഘട്ടം യുഡിഎഫ് സര്‍ക്കാര്‍ 2012 ജനുവരിയില്‍ തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുക്കാനുള്ള തടസ്സംമൂലം 2013 നവംബറില്‍ പണി പൂര്‍ണമായും നിറുത്തി എല്ലാ കരാറുകളും റദ്ദാക്കി. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ട ഗെയില്‍ 2015ല്‍ പിന്‍വാങ്ങാന്‍ ഒരുങ്ങി.

2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ നിലവിലുള്ള ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കി. തുടര്‍ന്ന്, ഗെയില്‍ കൊച്ചി മുതല്‍ -മംഗലാപുരം വരെയുള്ള ഏഴ് സെക്ഷനില്‍ പുതിയ കരാര്‍ കൊടുത്ത് നിര്‍മാണം പുനരാരംഭിച്ചു. പദ്ധതി നിരീക്ഷിക്കാന്‍ പ്രത്യേക പ്രോജക്ട് സെല്ലും രൂപീകരിച്ചു. 2019 ജൂണില്‍ തൃശൂര്‍ വരെയും 2020 ആഗസ്തില്‍ കണ്ണൂര്‍ വരെയും ഗ്യാസ് എത്തി.

5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാം എന്നാണ് കണക്കാക്കിയിട്ടുള്ളത്. വാഹനങ്ങള്‍ക്ക് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി) ലഭിക്കുന്നതോടെ ഇന്ധനച്ചെലവ് ശരാശരി 20 ശതമാനം കുറയും. പദ്ധതി പൂര്‍ത്തീകരിക്കുമെന്ന എല്‍.ഡി.എഫിന്‍റെ പ്രകടനപത്രികയിലെ വാഗ്ദാനം കൂടിയാണ് നടപ്പാകുന്നത്. പൈപ്ഡ് നാച്വറല്‍ ഗ്യാസ് (പിഎന്‍ജി) വീടുകളുടെ അടുക്കളകളിലും സ്ഥാപനങ്ങളിലും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി) പമ്പുകളിലും ലഭ്യമാക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി.

അവസാന ഘട്ടത്തിൽ പ്രവൃത്തി മുടങ്ങിയപ്പോൾ മുഖ്യമന്ത്രി എന്ന നിലയിൽ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി ഗെയിലിന്റെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ നേരിട്ട് വന്നു പണി പൂർത്തിയാക്കാൻ നേതൃത്വം നൽകി. ഇതിനോട് അനുഭാവപൂർണ്ണ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രിയോടുള്ള കൃതജ്ഞത അറിയിക്കുന്നു. ചരിത്ര നേട്ടം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിച്ച എല്ലാവരെയും അതിനോട് സര്‍വ്വാത്മനാ സഹകരിച്ച ജനങ്ങളെ വിശേഷിച്ചും അഭിവാദ്യം ചെയ്യുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ

Share News