നിങ്ങളെ ഓര്ത്തു് വിലപിക്കുവിന്‍
ഹാഗിയാ സോഫിയാ നമ്മോടു മന്ത്രിക്കുന്നതു കേള്‍ക്കുന്നുണ്ടോ?
എന്റെ ഒരു സുഹൃത്തു യൂറോപ്പില്‍ നിന്നും വാട്സ് ആപ് ചെയ്ത ഒരു സന്ദേശം:
ഹാഗിയ സോഫിയ മോസ്ക് ആക്കിയത് ശരിയല്ല.
പക്ഷേ, വിലപിക്കുന്നവരുടെ കൂടെ ഞാൻ കൂടിയില്ല. ഞാൻ നിശബ്ദത പാലിക്കുന്നു.
ഒരു വൈരുദ്ധ്യാത്മകത ഞാൻ കാണുന്നു.
ഓസ്ട്രിയായിലും ജർമ്മനിയിലും പള്ളികൾ വില്ക്കുന്നു . ഹോട്ടൽ ആക്കുന്നു. ബാർ ആക്കുന്നു.
ഇവിടെ ഞങ്ങളുടെ വീടിനു സമീപം ഞങ്ങൾ ദിവ്യബലിയ്ക്ക് അനേകം തവണ പോയിട്ടുള്ള പള്ളി കഴിഞ്ഞ ഡിസംമ്പറിൽ വിറ്റു. വലിയ കെട്ടിടനിർമ്മാതക്കൾ അതു വാങ്ങി apartments ഉണ്ടാക്കുന്നു.
വിറ്റതിന്റെ കാരണം പള്ളിയിൽ വരുന്ന വിശ്വാസികളുടെ എണ്ണം കുറവാണത്രേ.
ഒരു നിത്യാരാധന നടത്തിയിരുന്ന പള്ളി മുന്നു വർഷം മുമ്പു വില്ക്കാൻ വച്ചപ്പോൾ Sex Shop കാരും അത് വാങ്ങാൻ മത്സരിച്ചു.
പക്ഷേ orthodox കാർ അത് വാങ്ങി. ദൈവത്തിന് സ്തുതി.
ഇതെല്ലാം ചെയ്യുന്നത് അതിരൂപതയാണ്. ആരും വിലപിക്കുന്നത് ഞാൻ കാണുന്നില്ല.
വിലപിക്കാൻ തോന്നുന്നുണ്ടോ?
അതങ്ങു യൂറോപ്പിലല്ലേ എന്ന് പറയാന്‍ നില്‍ക്കട്ടെ. ദോഷൈകദൃക്കുകള്‍ പോലും പ്രവചിച്ചിരുന്നതിനേക്കാള്‍ വേഗത്തില്‍ നമ്മുടെ നാട്ടിലും അതെത്തിയിരിക്കുന്നു.
നമ്മുടെ ദേവലയങ്ങളിലേക്ക് നോക്കൂ.
സര്‍ക്കാര്‍ അനുവദിച്ച എണ്ണത്തോളം ആളുകള്‍ എത്തുന്ന എത്ര പള്ളികളുണ്ട്?
തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ദിവ്യബലികളുടെ എണ്ണം വളരെക്കുറച്ചിട്ടും ആള് തികയുന്നില്ല. എന്താണിതിനര്‍ത്ഥം?
വീടിന്റെ സൌകര്യത്തില്‍, ഇഷ്ടാനുസരണം ടീ വീ യിലോ മൊബൈലിലോ ലൈവായോ അല്ലാതെയോ ദിവ്യബലിയില്‍ സംബന്ധിക്കാം എന്നിരിക്കെ വെറുതെ എന്തിനു റിസ്ക്കെടുത്തു പള്ളീല്‍ പോകണം എന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങി. ഇതിനോടൊന്നും ഇണങ്ങാന്‍ പറ്റാത്ത പഴമനസ്സുകളെ വീടിനു പുറത്തുപോകാതെ ബന്ധിച്ചിരിക്കുന്നു താനും. ഈ പള്ളീല്‍ പോക്കൊന്നും ചെറുപ്പകാലങ്ങളിലെ ശീലമാക്കതിരിക്കാന്‍ പാകത്തിനു കുട്ടികളെയും നാം വിലക്കിയിരിക്കുന്നു. ഇതൊക്കെ ഈ ലോക് ഡൌണ്‍ കാലത്തല്ലേ എന്നു ചോദിക്കാന്‍ വരട്ടെ. കുറിയറായി കുര്‍ബാന വീട്ടിലെക്കയയ്ക്കാന്‍ വഴിയില്ലേ എന്ന് തേടുന്ന തലമുറയാണ് കാത്തിരിക്കുന്നതു. ‘നിങ്ങള്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുമ്പോള്‍ എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍.’ ഈ ഒന്നിച്ചുകൂടല്‍ ഗൂഗിള്‍ മീറ്റിലായാലും പോരെ? കാലത്തിനൊത്തു ദൈവ വചനത്തെയും സഭാ പഠനങ്ങളെയും വ്യാഖ്യാനിക്കാന്‍ നാം പഠിച്ചു കഴിഞ്ഞു, പഠിപ്പിച്ചു കഴിഞ്ഞു.
രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ രേഖകളില്‍ നിന്ന് അതിനു ന്യായീകരണം കണ്ടെത്താനും. കൊറോണക്കാലം കഴിഞ്ഞാലും ഇന്ധനം കത്തിച്ചു, അന്തരീക്ഷം മലിനീകരിച്ചു പള്ളിയില്‍ പോകണോ? പ്രകൃതിയെ സംരക്ഷിക്കുക ദൈവം മനുഷ്യനെ ഏല്പിച്ചിരിക്കുന്ന സുവിശേഷ പ്രഘോഷണ ദൌത്യമല്ലേ? ദേവാലയത്തില്‍ വരാന്‍ അനുമതിയുള്ള എല്ലാവരും ആഴ്ചയില്‍ ഒരു കുര്‍ബ്ബാനയെങ്കിലും പങ്കെടുക്കാന്‍ കടമയുണ്ട്. അതിനു നല്‍കിയ ഇളവു പിന്‍വലിച്ചിരിക്കുന്നു എന്ന് പറഞ്ഞ വികാരിയച്ചനോട് ഒരാള്‍ ചോദിക്കുന്നതു കേട്ടു. ‘അതങ്ങു സ്ഥിരപ്പെടുത്തിയേക്കാന്‍ പറയാന്‍ മേലാഞ്ഞോ, അച്ചാ.’ ശവമടക്കാന്‍ പോലും പള്ളിയില്‍ എത്തേണ്ട ആവശ്യമില്ലാതായിരിക്കുന്നു. ജീവിതത്തില്‍ മൂന്നു പ്രാവശ്യം മാത്രം – ജ്ഞാനസ്നാനത്തിനും കല്യാണത്തിനും പിന്നെ സെമിത്തേരിയിലേക്കുള്ള വഴിക്കും – പള്ളിയില്‍ പോയിരുന്നവരും തഥൈവ.
പള്ളിയിലേക്ക് പോകും വഴിയില്‍ കണ്ടുമുട്ടിയ സുഹൃത്തു ചോദിച്ചു: ‘എങ്ങോട്ടാ?’ ‘പള്ളീലോട്ടു’ എന്റെ മറുപടി. ‘ഇത്ര റിസ്ക് എടുത്തു ഇപ്പോള്‍ ഈ പള്ളീല്‍ പോകേണ്ട വല്ല ആവശ്യവുമുണ്ടോ?’ സുഹൃത്തു വിടാന്‍ ഭാവമില്ല. എങ്കിലും ആ ചോദ്യത്തിനു മറുപടി കൊടുക്കാന്‍ ഞാന്‍ മെനക്കെട്ടില്ല. പകരം തിരിച്ചൊന്നു ചോദിച്ചു, ‘ചേട്ടന്‍ എങ്ങോട്ടാ?’ ‘മില്‍മാ ബൂത്തിലേക്ക്. ഒരു പാക്കറ്റ് പാല് വാങ്ങാന്‍.’ മില്‍മയില്‍ നിന്ന് പാലു വാങ്ങുന്നതും ബിവറേജസ്സിനു മുന്നില്‍ ക്യു നില്‍ക്കുന്നതും അത്യാവശ്യം; പള്ളീല്‍ പോകുന്നത് അങ്ങിനെയല്ല താനും. ഇതിനു കാരണക്കാരന്‍ കൊറോണയല്ല, കോവിഡുമല്ല. അതൊരു മനോഭാവത്തിന്റെ പ്രകടനമാണ്. അത് പ്രകാശിതമാകാന്‍ കൊറോണ ഒരു കാരണമായെന്നു മാത്രം.
എന്തെങ്കിലുമൊക്കെ നേടാന്‍ മാത്രം ഉള്ള ഒരു അദ്ധ്യാത്മീകത – അതാണീ മനോഭാവത്തിനു പിന്നില്‍. സമൃദ്ധിയുടെ സുവിശേഷം എന്നൊക്കെ പറഞ്ഞു നാം അതു ചില സെക്ടുകളുടെമേല്‍ ആരോപിച്ചിരുന്നു.
എന്നിട്ടു നമ്മുടെ പള്ളികളില്‍ നോവേനകളായും മറ്റു നേര്‍ച്ച കാഴ്ചകളായും ഭൌതീക നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ആദ്ധ്യാത്മീകത നാം വളര്‍ത്തുകയും ചെയ്തു. കൊറോണ വരുന്നതിനു തൊട്ടുമുന്‍പു പെരുന്നാള്‍ കാലമായിരുന്നല്ലോ. ഒരു പള്ളിയില്‍ വികാരിയച്ചന്‍ വിളിച്ചു പറയുന്നതു കേട്ടു, പെരുന്നാള്‍ നടത്തിപ്പിനു മൂവായിരം കൊടുത്തില്ലെങ്കില്‍ ആറായിരം ആശുപത്രിയില്‍ ചെലവാക്കേണ്ടി വരുമെന്ന്. ഇത്തരത്തിലുള്ള ഭയത്തിന്റെ ഒരു ആത്മീയത മറ്റൊരു വഴിക്കും. ഒരു വഴിത്തിരിവിനു കാരണമായേക്കുമെന്നു ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളില്‍ പ്രതീക്ഷ നല്‍കിയ കരിസ്മാറ്റിക് നവീകരണവും ചവിട്ടിത്തെളിഞ്ഞ വഴിയിലേക്ക് തന്നെ തിരിഞ്ഞു. ‘അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു’ (മാര്‍ക്കോ 16/20). പിന്നീടു അവരും അടയാളങ്ങളും രോഗശാന്തികളും നടക്കാന്‍ വേണ്ടി പ്രത്യേക ഇടങ്ങളില്‍ വചനം പ്രഘോഷിക്കാന്‍ ആരംഭിച്ചു. ചെറിയ നേര്‍ച്ച ഇട്ടു വലിയ കാര്യം നേടുന്നു. ദശാംശം കൊടുത്തു വരുമാനം ഇരട്ടിയാക്കുന്നു. വലിയ സമ്മാനം കിട്ടുമെന്ന പ്രതീക്ഷയില്‍ ചെറിയ വിലയില്‍ ലോട്ടറി ടിക്കറ്റെടുക്കുന്നു. കൊടുക്കുന്നവനും കിട്ടുന്നവനും സന്തോഷം പകരുന്ന കച്ചവടം. ‘കച്ചവടക്കാരന് കാപട്യത്തില്‍ നിന്നൊഴിഞ്ഞിരിക്കുക ദുഷ്കരം; വ്യാപാരിക്ക് നിഷ്കളങ്കനാവുക പ്രയാസം.’ (പ്രഭാ. 26/29)
നേടാനൊന്നുമില്ലെങ്കില്‍, നഷ്ടപ്പെടുമെന്നു ഭയപ്പെടാനുമില്ലെങ്കില്‍ പിന്നെന്തിനിതൊക്കെ എന്നു ഒരു സാധാരണ വിശ്വാസി ചിന്തിക്കുന്നെങ്കില്‍ കുറ്റം പറയാനാകുമോ?
രോഗശാന്തി തേടി പള്ളിയില്‍ വന്നിരുന്നവര്‍ കൊറോണ കിട്ടിയേക്കുമെന്നുണ്ടെങ്കില്‍ പള്ളിയില്‍ വരുമോ?
അയാളില്‍ രൂപപ്പെട്ടിട്ടുള്ള, അയാള്‍ക്കു കിട്ടിയിട്ടുള്ള ആദ്ധ്യത്മീകത അതാണ്. ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധം ഉണ്ടാകാന്‍ അനുവദിച്ചില്ല ആല്ലെങ്കില്‍ അതിനെ ഭയപ്പെട്ടു. ‘എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് (ഫിലിപ്പി.1/21) എന്ന നിലപാട് ക്രിസ്ത്യാനിക്കുണ്ടായിരിക്കേണ്ട മിനിമം യോഗ്യതയാണ്. അല്ലെങ്കില്‍ ‘ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്’ എന്ന് ഒരു ദിവസം തിരിച്ചറിയുമ്പോള്‍ ഭാഗ്യത്തിലേക്ക് കടന്നു വരാന്‍ കഴിയാതെവരും.
കൊറോണ വന്നു മരിച്ച കുഞ്ഞിനെ വാരിപ്പുണരുന്നതില്‍ നിന്നു ഒരമ്മയെ തടയാന്‍ ഒരുപക്ഷേ നമുക്ക് ആയേക്കില്ല. ആ വാരിപ്പുണരുന്നതില്‍ യുക്തിയില്ല, ബുദ്ധിയില്ല. കൊറോണയുടെ കാര്യം അറിയാമെങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കാതിരിക്കാന്‍ എനിക്കാവില്ല എന്നു ഞാന്‍ കരുതാത്തത് എനിക്കു കര്‍ത്താവുമായി വ്യക്തി ബന്ധമില്ലാത്തതു കൊണ്ടാണ്.
ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ കൊറോണയ്ക്കു ശേഷവും ഏറെപ്പേരെ പള്ളിയില്‍ പ്രതീക്ഷിക്കേണ്ടതുണ്ടോ? അറപ്പുര പൊളിച്ചു പണുത ധനികനെപ്പോലെ ശൂന്യമായ വലിയ പള്ളികളുമായി എത്രനാള്‍ നാമിരിക്കും?
പരിപാലനച്ചിലവ് താങ്ങാനാവാതെ പതിയെ വിറ്റ് തുടങ്ങും. പിന്നെ അതൊരു ലാഭകരമായ ഇടപാടാകും. കഴുകന്മാര്‍ ഇപ്പോഴേ നോട്ടമിട്ടിരിക്കും.
കാതോര്‍ത്തു നോക്കൂ. ഹാഗിയാ സോഫിയാ നമ്മോടു മന്ത്രിക്കുന്നതു കേള്‍ക്കുന്നുണ്ടോ?
‘നിങ്ങള്‍ എന്നെയോര്‍ത്ത് കരയേണ്ട. നിങ്ങളെയും നിങ്ങളുടെ പള്ളികളെയും ഓര്‍ത്തു വിലപിക്കുവിന്‍’.
George Gloria