ചാലക്കുടി, തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ സംഭവിക്കുന്നതെന്ത്?
ചാലക്കുടിക്കടുത്ത് തച്ചുടപ്പറമ്പ് സ്വദേശിയായ ഡിന്നി ചാക്കോ എന്ന വ്യക്തിയുടെ കോവിഡ് ബാധിച്ചുള്ള മരണം ഏറെ വേദനാജനകമാണ്.
മാലദ്വീപിൽ ജോലിചെയ്യുകയായിരുന്ന ഡിന്നിയും ഭാര്യയും കുടുംബവും കഴിഞ്ഞ നാളുകളിൽ തിരികെ എത്തുകയും, തുടർന്ന് കോവിഡ് രോഗബാധിതരായി ചികിത്സയിൽ കഴിയുകയുമായിരുന്നു. അതിനിടെയാണ് ഡിന്നിയുടെ മരണം. വളരെ ദുഃഖകരമായ ഈ സാഹചര്യത്തിലാണ് ആ വ്യക്തിയുടെ മൃതസംസ്കാരവും ചിലരുടെ ഇടപെടൽ വിവാദമാക്കി മാറ്റുന്നത്.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതശരീരം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളും സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങളും പരിഗണിച്ചുകൊണ്ട് വേണം ഈ വിഷയം കൈകാര്യം ചെയ്യാൻ എന്നുള്ളതാണ് ഈ വിഷയത്തെ കൂടുതൽ സങ്കീർണമാക്കി തീർത്തത്. അതിനുമപ്പുറം, സാഹചര്യം മനസിലാക്കി വിവേകത്തോടെ ഈ വിഷയത്തിൽ ഇടപെടേണ്ടതിന് പകരം വൈകാരികത വളർത്താനുള്ള ചിലരുടെ ശ്രമങ്ങൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു
.ഒന്നാമതായി നാം മനസിലാക്കേണ്ട വസ്തുത, കോവിഡ് മരണങ്ങളെ തുടർന്നുള്ള മൃതസംസ്കാരങ്ങൾ ലോകമെമ്പാടും വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട് എന്നുള്ളതാണ്. പ്രതിദിനം മരിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ് പരമ്പരാഗതമായ മൃതസംസ്കാര രീതികളിൽനിന്ന് മാറ്റി ചിന്തിക്കാൻ ഒട്ടുമിക്ക എല്ലാ സമൂഹങ്ങളെയും പ്രേരിപ്പിച്ചിരിക്കുന്നു.
തങ്ങളുടെ പ്രിയപ്പെട്ടവരെ എവിടെയാണ് സംസ്കരിച്ചിരിക്കുന്നതെന്നു പോലും അറിയാൻ കഴിയാത്ത അവസ്ഥ പലയിടങ്ങളിലുമുണ്ട്. ചില ഇന്ത്യൻ നഗരങ്ങളിൽപോലും മരിച്ചവരുടെ ബോഡി അധികാരികൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ബന്ധുക്കൾ അറിയാറില്ല.
ഇത്തരമൊരു സ്ഥിതിവിശേഷം ഒരുപക്ഷെ ഭാവിയിൽ നമ്മെയും കാത്തിരിക്കുന്നു എന്ന് മനസിലാക്കിക്കൊണ്ടുവേണം ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുവാൻ. ഇതുപോലുള്ള സാഹചര്യങ്ങളിൽ നാം ചില വിട്ടുവീഴ്ചകൾ ചെയ്തേ മതിയാവൂ.വിഷയത്തിലേക്ക് വരാം.
തച്ചുടപ്പറമ്പ് ഇടവകയിലെ ഒരു കുടുംബം മുഴുവൻ രോഗബാധിതരായി ചികിത്സയിൽ പ്രവേശിച്ചത് മുതൽ ഒരേ മനസോടെ അവർക്കൊപ്പം ആയിരുന്നവരാണ് ഇടവകാംഗങ്ങളും വികാരിയച്ചനും.
ഡിന്നിയുടെ മരണ ശേഷം മൃത സംസ്കാരം നടത്താനുള്ള ക്രമീകരണങ്ങൾക്കായി ബന്ധുക്കൾ വികാരിയെയും, പഞ്ചായത്ത് അധികാരികളെയും സമീപിക്കുന്നു. കോവിഡ് മരണമായതിനാൽ ഡീപ്പ് ബറിയൽ, അഥവാ പത്ത് അടിയെങ്കിലും ആഴത്തിൽ കുഴിയെടുത്തുള്ള മൃതസംസ്കാരം വേണമെന്നാണ് ചട്ടം. അല്ലാത്തപക്ഷം ദഹിപ്പിക്കണം.
തച്ചുടപ്പറമ്പ് പള്ളിയുടെ സെമിത്തേരി സെൽ ടൈപ്പ് ആണ്. അതായത്, പൊതുവായി ഒരു കുഴിയും ചുറ്റും സെല്ലുകളും ആയി പണിയപ്പെട്ടിരിക്കുന്ന സെമിത്തേരി. അത്തരം സെമിത്തേരിയിൽ കോവിഡ് മൂലം മരിച്ചവരെ സംസ്കരിക്കാൻ നിയമം അനുവദിക്കുന്നില്ല.
പള്ളിക്ക് സ്വന്തമായി അത്യാവശ്യം സ്ഥലമുണ്ടെങ്കിലും, അത് വയൽ പ്രദേശമായതിനാലും, മഴക്കാലത്ത് പതിവായി വെള്ളം കയറുന്നതായതിനാലും സാധാരണ രീതിയിലുള്ള കല്ലറ പണിയാൻ കഴിയാത്തതിനാലാണ് സെൽ ടൈപ്പ് സെമിത്തേരി പണിതത്. ഇതേ പ്രത്യകതകൾ മൂലം മറ്റു രീതികളിലുള്ള സെമിത്തേരി നിർമ്മാണത്തിനുള്ള അനുമതിയും അവിടെ ലഭിക്കുമായിരുന്നില്ല. ഈ വിഷയം വന്നപ്പോൾ, ഡീപ്പ് ബറിയൽ നടത്തണമെങ്കിൽ പള്ളിപ്പറമ്പിൽ എവിടെയെങ്കിലും പ്രത്യേകമായി ആഴമുള്ള കുഴിയെടുക്കണം എന്നുവന്നു. മഴ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ, മൂന്നോ നാലോ അടി താഴ്ത്തിയാൽപോലും വെള്ളം ഉണ്ടാകും എന്ന് ഉറപ്പായതിനാൽ, പത്തടി താഴ്ത്തി കുഴിയെടുത്ത് മൃതസംസ്കാരം നടത്തുക എളുപ്പമല്ല. മാത്രമല്ല, കാലവർഷം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരുപക്ഷെ ഏറെ താമസിയാതെ ആ ഭാഗങ്ങളിൽ വെള്ളം കയറിയേക്കാം. അതോടൊപ്പം, പുതിയ പള്ളിയുടെ പണി നടക്കുന്ന സാഹചര്യം, സമീപത്ത് കിണറുകളുടെ സാന്നിദ്ധ്യം, സമീപ പരിസരങ്ങളിൽ തന്നെ നിരവധി വീടുകൾ എന്നിങ്ങനെയുള്ളവകൂടി പരിഗണിച്ചപ്പോൾ, കോവിഡ് രോഗിയുടെ മൃതസംസ്കാരം അവിടെ നടത്താൻ കഴിയില്ല എന്നായിരുന്നു ഇടവക പൊതുയോഗത്തിന്റെ ഐകകണ്ഠേനയുള്ള തീരുമാനം.
എന്നാൽ, മറ്റു ചില നിർദ്ദേശങ്ങൾ ഇടവക മുന്നോട്ടുവച്ചു
.ഒന്ന്: കേരളസഭയിൽ പരിചിതമല്ലെങ്കിലും കത്തോലിക്കാ സഭയ്ക്ക് സ്വീകാര്യമായ ദഹിപ്പിക്കൽ രീതി സ്വീകരിക്കുകയും, ഭൗതികാവശിഷ്ടം ഇടവകയിൽ കൊണ്ടുവന്ന് സംസ്കരിക്കുകയും ചെയ്യുക. ഈ സാഹചര്യത്തിൽ തുടർന്നും മാതൃകയാക്കാൻ കഴിയുന്ന ഒരു നിർദ്ദേശമായിരുന്നു ഇത്. വളരെ ആരോഗ്യകരമായും, സുരക്ഷിതമായും ഇടവക സെമിത്തേരിയിൽ ഭൗതികാവശിഷ്ടം സൂക്ഷിക്കാനും ബന്ധുക്കൾക്ക് വന്ന് പ്രാർത്ഥിക്കാനും മറ്റുംകഴിയുമായിരുന്നിട്ടും ബാലിശമായ കാരണങ്ങൾ പറഞ്ഞാണ് ബന്ധുക്കൾ ഈ നിർദ്ദേശത്തെ തള്ളിക്കളഞ്ഞത്.
രണ്ട്: സമീപത്തുള്ള മറ്റേതെങ്കിലും ഇടവകയിൽ ഡീപ്പ് ബറിയലിനുള്ള സൗകര്യം ഉണ്ടോ എന്ന് അന്വേഷിച്ച് അപ്രകാരം ചെയ്യുക. ഈ നിർദ്ദേശവും ബന്ധുക്കൾക്ക് സ്വീകാര്യമായിരുന്നില്ല
.മൂന്ന്: കത്തോലിക്കർക്കിടയിൽ പതിവില്ലെങ്കിലും, സ്വന്തം വീട്ടുവളപ്പിൽ സുരക്ഷിതമായി മൃതസംസ്കാരം നടത്താനുള്ള സൗകര്യം ഒരുക്കിയാൽ അതിനുവേണ്ട മറ്റു ക്രമീകരണങ്ങൾ ഇടവകയിൽനിന്ന് ചെയ്യാമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, മരിച്ചയാളുടെ ബന്ധുക്കൾക്ക് അതും സ്വീകാര്യമായിരുന്നില്ല. ഇതിന് പുറമെ, ആരോഗ്യവകുപ്പ് രേഖാമൂലം അനുവാദം നൽകിയാൽ ഇടവകാ സെമിത്തേരിയിൽ മൃതസംസ്കാരം നടത്താമെന്ന് വികാരി, ഫാ. സെബാസ്റ്റ്യൻ നടവരമ്പൻ അറിയിച്ചിട്ടുണ്ട്
.പ്രായോഗികമായ രീതിയിൽ ഈ പ്രശ്നം പരിഹരിക്കാൻ രൂപതാധികൃതരും ഇടവകാവികാരിയും ഇടവകാ സമൂഹം മുഴുവനും കഴിഞ്ഞ മണിക്കൂറുകളായി കിണഞ്ഞു പരിശ്രമിക്കുമ്പോഴും പരേതന്റെ ബന്ധുക്കളിൽ ചിലർ ഈ വിഷയം വലിയ വിവാദമാക്കി മാറ്റാനാണ് ശ്രമം നടത്തിക്കൊണ്ടിരുന്നത്.
പ്രസ്തുത ഇടവകാംഗങ്ങളല്ല അതിന് പിന്നിൽ എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ഇതുപോലൊരു സാഹചര്യത്തെ സമചിത്തതയുടെയും വിവേകത്തോടെയും കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതിനു പകരം, മുമ്പ് പല വിഷയങ്ങളിലും എന്നതുപോലെ രൂപതയേയും, ഇടവകാവികാരിയെയും, സഭയെയും പ്രതിക്കൂട്ടിൽ നിർത്താനാണ് വഴിപോക്കരായ കുറേപ്പേർ ശ്രമിച്ചത്. തെറ്റിദ്ധാരണകളും, അബദ്ധങ്ങളും പ്രചരിപ്പിക്കുന്നതിൽ ചില മാദ്ധ്യമങ്ങളും, സോഷ്യൽമീഡിയ ആക്ടിവിസ്റ്റുകളും പ്രത്യേകം താൽപ്പര്യമെടുത്തത് പ്രതിഷേധാർഹമാണ്.