ആരാധനാലയങ്ങൾ ജൂൺ ഒന്നിന് തുറക്കും?
ബെംഗളൂരു : സംസ്ഥാനത്തെ ആരാധനാലയങ്ങൾ ജൂൺ ഒന്നിന് തുറക്കുമെന്ന് കർണാടക മുഖ്യമന്ത്രി B S യെദ്യൂരപ്പ അറിയിച്ചു. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
‘ആരാധനാലയങ്ങൾ തുറക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് ധാരാളം അനുമതികൾ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് നമുക്ക് കാത്തിരിക്കാം. അനുമതി ലഭിക്കുകയാണെങ്കിൽ ജൂൺ ഒന്നിനകം ആരാധനാലയങ്ങൾ തുറക്കാം”,യെദ്യൂരപ്പ പറഞ്ഞു. ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെയുള്ള എല്ലാ ആരാധനാലയങ്ങളും തുറക്കുവാനാണ് സർക്കാർ തീരുമാനം.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാധനാലയങ്ങൾ അടച്ചിടാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് മറ്റ് മേഖലകൾക്ക് ഇളവ് നൽകിയിരുന്നുവെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചിരുന്നില്ല.
വിമാനങ്ങളും ട്രെയിനുകളും സർവീസ് പുനരാരംഭിച്ച സാഹചര്യത്തിൽ നിരവധി ആളുകൾ ക്ഷേത്രങ്ങൾ തുറക്കണമെന്ന ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്ന് സംസ്ഥാന മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. തുടർന്ന് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നും ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ ക്യാബിനറ്റ് മീറ്റിങ് കൂടുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നാലാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുക്കുന്നു എന്നത് കണക്കിലെടുത്താവും തീരുമാനം പ്രാബല്യത്തിൽ വരികയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.