
ഉദ്ധരണികളേക്കാൾ പ്രസക്തം , നിങ്ങൾ അത് ജീവിക്കുന്നുണ്ടോ അല്ലെങ്കിൽ മറ്റുള്ളവർ അങ്ങനെ ജീവിക്കാൻ മാതൃകയെങ്കിലും ആകുന്നുണ്ടോ എന്നതാണ്
ഉദ്ധരണികളേക്കാൾ പ്രസക്തം , നിങ്ങൾ അത് ജീവിക്കുന്നുണ്ടോ അല്ലെങ്കിൽ മറ്റുള്ളവർ അങ്ങനെ ജീവിക്കാൻ മാതൃകയെങ്കിലും ആകുന്നുണ്ടോ എന്നതാണ് പ്രധാനം .
അതില്ലെങ്കിൽ എല്ലാം വെറും നാട്യമാണ് . ഞാൻ ജീവിക്കുന്ന കൊച്ചിയിൽ മെട്രോ റെയിലിനുവേണ്ടി ആദ്യം ഇടിച്ചുനിരത്തപ്പെട്ടവയിലൊന്ന് ഗാന്ധിഭവനായിരുന്നു . ഗാന്ധിജിയുടെ ജീവിതദർശനം മറ്റുള്ളവരിലേക്ക് , പുതുതലമുറയിലേക്ക് പകരാൻ നിലകൊണ്ടിരുന്നിടം . ഖാദി വിൽപ്പനശാലയും ഒപ്പം ഇടിച്ചുനിരത്തപ്പെട്ടു . ഇളക്കിയെടുത്ത ഗാന്ധിപ്രതിമ മാത്രം എന്തുകൊണ്ടോ വീണ്ടും അവിടെ അനാഥമായി നിക്ഷേപിക്കപ്പെട്ടു .
മനുഷ്യന്റെ ആർത്തിക്കും ആസക്തിക്കും എന്നും എതിരായിരുന്നു ഗാന്ധിജി . ലാളിത്യവും സ്വയം പര്യാപ്‌തതയുമായിരുന്നു പകരം അവിടെ എന്നും ദർശിക്കപ്പെട്ടിട്ടുള്ളത് . സ്വയം പര്യാപ്തതയെന്നാൽ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം വിയർപ്പൊഴുക്കി , സ്വയം ഉല്പാദിപ്പിച്ച് , സ്വന്തം ആവശ്യങ്ങൾ നിറവേറ്റുകയും സഹജീവികൾക്ക് പങ്കുവയ്ക്കുകയും എന്നർത്ഥം . ഗ്രാമത്തിന്റെ വിശുദ്ധിയായിരുന്നു അതിൽ എവിടെയും എന്നും നിറഞ്ഞുനിന്നിരുന്നത് . അതായിരുന്നു വാസ്‌തവത്തിൽ അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യം . പകരം ആർത്തിയുടെയും ആസക്തിയുടെയും കൺസൾട്ടൻസിയുടെയുമൊക്കെ ഇക്കാലത്ത് എന്ത് ഗാന്ധിയൻ തത്വസംഹിതയാണ് ജീവിക്കപ്പെടുന്നത് , വൈദേശിക പണത്തിന്റെ നേരിട്ടും വളഞ്ഞവഴിയിലുമൂടെയുള്ള കുത്തൊഴുക്കിൽ പൂത്തൊഴുകുന്ന ആർഭാടങ്ങളും ഹിംസയുമല്ലാതെ എന്ത് സ്വയം പര്യാപ്തതയാണ് ഇന്നുമുള്ളത് , വാക്കിലും നോക്കിലും പ്രവർത്തിയിലും കാപട്യവും ആർത്തി തീർക്കാനുള്ള അടിമത്തവുമല്ലാതെ !!!
