കാലവര്‍ഷ ദുരന്തനിവാരണം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തന്നതിന് മന്ത്രി ജി.സുധാകരന്റെഅധ്യക്ഷതയില് യോഗം
ആലപ്പുഴ: കോവിഡിന്റ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനും മറ്റ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എ.എം.ആരിഫ് എം.പി, എം.എല്‍.എമാരായ സജി ചെറിയാന്, ആര്.രാജേഷ്, യു.പ്രതിഭ, ഷാനിമോള്‍ ഉസ്മാന് , ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, പ്രതിപക്ഷ നേതാവിന്റെ പ്രതിനിധി ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രകൃതിക്ഷോഭം, കടൽക്ഷോഭം എന്നിവ മൂലം ദുരിതശ്യാസ ക്യാമ്പുകൾ തുറക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ദുരിതാശ്വാസ ക്യാമ്പുകള്‍ മുൻകൂട്ടി ഏർപ്പാടാക്കുവാനും മുൻവർഷങ്ങളിൽ ക്യാമ്പിനായി ഉപയോഗിച്ചിരുന്ന സ്കൂളുകളും മറ്റു കേന്ദ്രങ്ങളും മതിയായ സജ്ജീകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുവാനും തഹസിൽദാർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി നാല് തരം കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്കി.
പൊതുവായ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമേ , അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും കോവിഡിതര രോഗമുള്ളവരും ദുരിതാശ്വാസ് ക്യാമ്പുകളിലെത്തിയാല് അവരെ പ്രത്യേകം താമസിപ്പിക്കാന്‍ കെട്ടിടം കണ്ടെത്തണം. കോവിഡ് രോഗ ലക്ഷണമുള്ളവരെ പാര്‍പ്പിക്കാനുള്ള പ്രത്യേക കെട്ടിടങ്ങള്‍ ഉണ്ടായിരിക്കണം. മുറിയോട് ചേര്‍ന്ന് ടോയ്ലറ്റ് സംവിധാനങ്ങളുള്ള കെട്ടിടങ്ങളാണ് ഇതിന് ഉപയോഗിക്കുക. ഹോം ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികളെ താമസിപ്പിക്കാനായി മുറിയോട് ചേര്‍ന്ന് ടോയ് ലറ്റ് സംവിധാനമുള്ള കെട്ടിടങ്ങള്‍ സജ്ജീകരിക്കണം. ഹോം ക്വാറന്റൈന് കഴിയുന്ന മുറക്ക് ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ അവരെ പൊതു ക്യാമ്പുകളില്‍ താമസിപ്പിക്കും.
അടിയന്തിര സാഹചര്യങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കേണ്ടി വരുമ്പോള്‍ ഭക്ഷണ വിതരണത്തിന് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകാൻ സപ്ലൈകൊ, മാവേലി സ്റ്റോർ, സിവിൽ സപ്ലൈസ്, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ടതാണ്.
അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളുടെ ചില്ലുകൾ വെട്ടിമാറ്റുവാനും തകരാറിലായിരിക്കുന്ന ട്രാൻസ്ഫോർമറുകൾ, വൈദ്യുത ലൈനുകൾ, പോസ്റ്റുകൾ അടിയന്തിരമായി പൂർവസ്ഥിയിലാക്കി വൈദ്യുതി തടസ്സമില്ലാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കെ എസ് ഇ ബിക്ക് നിർദ്ദേശം നൽകി. ജില്ലയിലെ മുഴുവന്‍ തോടുകളിലെയും ആറുകളിലെയും തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാന്‍ ജലസേചന വകുപ്പിനു നിർദ്ദേശം നൽകി.
കുട്ടനാട് കാർഷിക മേഖലയില്‍ കൊയ്ത്തു വിജയകരമായി പൂർത്തിയാക്കുകയാണ്. പാടശേഖരങ്ങളുടെ പുറംബണ്ട് സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൃഷി വകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കേണ്ടതും അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള മണൽ ചാക്കുകൾ, പമ്പ് സെറ്റുകൾ തുടങ്ങിയവ കണ്ടത്തേണ്ടതുമാണ്.
കോവിഡ് 19 രോഗവ്യാപന നിയന്ത്രണം, മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമായി ശുചിത്വ പരിശോധന, ആവശ്യത്തിന് ആരോഗ്യ പ്രവർത്തകർ ഉണ്ടെന്ന് ഉറപ്പു വരുത്തല്‍ തുടങ്ങിയവയ്ക്ക് ഡി എം ഓ (ആരോഗ്യം, ആയുർവേദം, ഹോമിയോ,) ശുചിത്യമിഷൻ എന്നിവര്‍ക്ക് നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, മഴക്കാലത്തിനു മുന്നോടിയായുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിക്കുവാനും ഫിഷറീസ് വകുപ്പിന് നിർദ്ദേശം നൽകി. ഈ കാലയളവിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ മുന്നിൽ കണ്ടു ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുവാനും ഹൗസ്ബോട്ട് പോലെയുള്ള ജലയാനങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കുവാനും ടൂറിസം വകുപ്പ് നടപടികൾ സ്വീകരിക്കണം.
പിഡബ്ല്യുഡി അറ്റകുറ്റപ്പണികൾ നടത്തേണ്ട മുഴുവൻ റോഡുകളും മഴക്കാലത്തിനു മുൻപായി തന്നെ പൂർത്തീകരിക്കേണ്ടതുണ്ട്. റോഡരികിലെ ഓടകൾ മുഴുവനും വൃത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ളതും കാലാവധി കഴിഞ്ഞതുമായിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കട്ടൗട്ടുകൾ തുടങ്ങിയവർ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണ്. പഞ്ചായത്തുതല ശുചീകരണം ഓരോ പഞ്ചായത്തിന്റെയും ഉത്തരവാദിത്തമാണ്. പഞ്ചായത്തു തല ദുരന്ത നിവാരണ കമ്മറ്റികൾ കൂടണം. അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിന് എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് പോലീസും ഫയർ ആൻഡ് റെസ്ക്യൂവും ശ്രദ്ധിക്കേണ്ടതാണ്.
മഴക്കാലത്ത് വളർത്തുമൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ അതിനുള്ള ഷെൽട്ടറുകൾ മുൻകൂട്ടി തന്നെ കണ്ടെത്തേണ്ടതും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് കൺട്രോൾ റൂമുകൾ തുറന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മൃഗസംരക്ഷണവകുപ്പ് നടപടി സ്വീകരിക്കേണ്ടതാണ്.
വിദ്യാഭ്യാസ വകുപ്പ് ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കേണ്ടി വരുന്ന സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കൽ വേണ്ടി വരികയാണെങ്കിൽ അതിനുള്ള വാഹന സൗകര്യം കെഎസ്ആർടിസി, ജല ഗതാഗത ഉദ്യോഗസ്ഥർ ഉറപ്പാക്കേണ്ടതാണ്. വാട്ടര്‍ അതോറിട്ടി ശുദ്ധജല ലഭ്യത ഉറപ്പുവരുത്തേണ്ടതാണ്. കോസ്റ്റൽ പോലീസ് മൺസൂൺ കാലയളവിൽ കടലിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിലേക്ക് ആവശ്യമായ ബോട്ടുകൾ സജ്ജമാക്കി കടലിൽ പെട്രോളിങ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
കടലോര പ്രദേശങ്ങളിൽ വാർഡ് ജാഗ്രത സമിതി സജീവമാക്കുകയും നേരത്തെ തന്നെ ആളുകളെ മാറ്റി താമസിക്കുകയും ചെയ്യുന്നത് കൂടുതൽ ഫലപ്രദമായിരിക്കുമെന്ന് എ. എം. ആരിഫ് എം.പി പറഞ്ഞു. ഓഡിറ്റോറിയങ്ങൾ ദുരിതാശ്വാസ ക്യാമ്പിന് സജ്ജമാക്കിയാല്‍ സൗകര്യങ്ങൾ കൂടുതൽ ഉപയോഗിക്കാൻ സാധിക്കുമെന്നും എം.പി പറഞ്ഞു.
അരൂർ മണ്ഡലത്തിൽ തോടുകള്‍ ശുചീകരിക്കുന്നതും വേഗത്തിലാക്കണമെന്ന് ഷാനി മോൾ ഉസ്മാൻ എം എൽ എ യോഗത്തിൽ പറഞ്ഞു. റോഡരികില്‍ മാലിന്യമില്ലാത്ത സാഹചര്യവും ഉറപ്പുവരുത്തണം.
പിഡബ്ല്യുഡി നാഷണൽ ഹൈവേക്ക് സമീപത്തെ കാടുകൾ വെട്ടിത്തെളിക്കുവാൻ വേണ്ട നടപടികളും കായംകുളത്ത് വെള്ളക്കെട്ട് രൂക്ഷമായി ഉള്ളിടങ്ങളിൽ അപകട സാധ്യത ഉള്ള പ്രദേശങ്ങളിലെ പ്രതിസന്ധികൾ ഒഴിവാക്കുവാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്നു ചെയ്യണമെന്ന് യു പ്രതിഭ എം എൽ എ പറഞ്ഞു.
കെ എസ് ഇ ബി, ഫയർ ഫോഴ്സ് തുടങ്ങിയ വകുപ്പുകൾ മരങ്ങൾ വെട്ടിമാറ്റുന്ന കാര്യങ്ങളിലും വൈദ്യുതി പോസ്റ്റ് നേരെയാക്കുന്ന കാര്യങ്ങളിലും ജാഗ്രത പുലത്തേണ്ടതാണെന്നും വെള്ളക്കെട്ടിൽ വീണ് അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ ഒഴിവാക്കണമെന്നും രാജേഷ് എം എൽ എ പറഞ്ഞു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വെള്ളപൊക്കത്തിന്റെ സാഹചര്യത്തിൽ ആളുകളെ കൂട്ടത്തോടെ താമസിപ്പിക്കുന്നതിനേക്കാളും നേരത്ത തന്നെ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് സജി ചെറിയാൻ എം എൽ എ പറഞ്ഞു. ഫയർ ഫോഴ്സ് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിക്കണം. പമ്പയാറ്റിലെ മണ്ണുനീക്കൽ വേഗത്തിലാക്കണമെന്നും എം.എല്‍.എ പറഞ്ഞു.
ഹരിപ്പാട് മണ്ഡലത്തിലെ രണ്ട് സൈക്ലോണ്‍ ഷെല്‍ട്ടറുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോൺ തോമസ് പറഞ്ഞു
ജില്ലയിലെ കടലാക്രമണം മുൻകൂട്ടി കണ്ടു പട്ടിക തയ്യാറാക്കി വേണ്ട നടപടികൾ സ്വീകരിക്കുവാനും നീർച്ചാലുകൾ വൃത്തിയാക്കുവാനുള്ള പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളുമായി അടിയന്തിരമായി ഏറ്റെടുത്തു ചെയ്യുവാനുള്ള നടപടികൾ ചെയ്യുവാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഇതുവരെ യുള്ള പ്രവർത്തനങ്ങൾ വിലയിരുത്തന്നതിന് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയില്‍ അടുത്ത യോഗം ജൂൺ 11 വ്യാഴാഴ്ച പ്ലാനിങ് ഓഫീസിൽ വെച്ച് നടക്കും