
കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. -മുഖ്യ മന്ത്രി
സാമൂഹ്യ ഉത്തരവാദിത്ത നിധിയില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്തി 25 ആംബുലന്‍സുകളും നാലായിരം പിപിഇ കിറ്റുകളും സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് ഇന്ന് സര്‍ക്കാരിന് കൈമാറി. തികച്ചും ശ്ലാഘനീയമായ പ്രവൃത്തിയാണത്. നിലവിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തവയാണല്ലോ ആംബുലന്‍സുകളും പിപിഇ കിറ്റും. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ ഇവ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ലോകമാകെ നാശംവിതച്ചു മുന്നേറുന്ന കോവിഡ് എന്ന മഹാമാരിയെ പിടിച്ചുകെട്ടുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കൊണ്ടുമാത്രം അത് ഫലവത്താകുകയില്ല. പൊതുസമൂഹത്തി ന്‍റെയാകെ യോജിച്ച പ്രവര്‍ത്തനം അതിന് അനിവാര്യമാണ്. ഈ കാഴ്ചപ്പാടോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളവുമായി സഹകരിക്കാന്‍ നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നുവെന്നത് സന്തോഷംപകരുന്ന കാര്യമാണ്.
ടാറ്റാ ഗ്രൂപ്പ് നമുക്ക് കോവിഡ് ആശുപത്രി നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇപ്പോള്‍ സീ ഗ്രൂപ്പ് ആംബുലന്‍സുകളും പിപിഇ കിറ്റുകളും നല്‍കി. മറ്റ് പല വന്‍കിട സ്ഥാപനങ്ങളും നമ്മളോട് സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്.
മുഖ്യ മന്ത്രി പിണറായി വിജയൻ