കോവിഡ് കാലത്തെ ദൃശ്യമാധ്യമങ്ങള്‍

Share News

മലയാള ദൃശ്യമാധ്യമങ്ങൾ കോവിഡ്പ്രധിരോധകാലഘട്ടത്തിൽ എങ്ങനെ പ്രവർത്തിച്ചുവെന്ന പഠനം സത്യദീപം വാരിക നടത്തിയത് ശ്രദ്ധിക്കപ്പെട്ടു .മനോരമ ന്യൂസ് ഡയറക്ടർ ശ്രീ ജോണി ലൂക്കോസിൻെറ നിരീക്ഷണം പ്രസക്തമാണ് .സത്യദീപത്തിനും ശ്രീ ജോണിക്കും അനുമോദനങ്ങൾ .സത്യദീപം വായിക്കുവാൻ സാധിക്കാത്തവർക്ക് അവസരം

.പ്രശ്ന പരിഹാരത്തിന്‍റെ ഭാഗമാകേണ്ട മാധ്യമങ്ങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍, പ്രശ്നത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് പുതിയകാലത്തെ ഏറ്റവും പ്രസക്തമായ മാധ്യമവിമര്‍ശനം. ഈ പഴി നിരന്തരം കേട്ടുകൊണ്ടിരിക്കുന്നവര്‍ക്കു നന്നാവാന്‍ ദൈവം/പ്രകൃതി നല്‍കുന്ന അവസരങ്ങളാണോ ദുരന്തങ്ങള്‍?

എന്തായാലും പ്രളയം, നിപ്പ വൈറസ് ബാധ, കോവിഡ് ഇങ്ങനെ കേരളം അകപ്പെട്ട വലിയ പ്രതിസന്ധികളില്‍ വിശ്വാസ്യതയുടെ തെളിച്ചമായി ഇവിടുത്തെ ദൃശ്യമാധ്യമങ്ങള്‍.

ആകാംക്ഷയോടെ കാത്തിരിക്കുന്നവര്‍ക്കു മുന്നില്‍ ആവശ്യമായ വിവരങ്ങളുമായി എത്തിയ ദൃശ്യമാധ്യമങ്ങള്‍ ആധികാരികതയിലൂടെ വാര്‍ത്തയുടെ അധികാരമായി മാറിയ കോവിഡ് കാലത്ത് അധികപ്രസംഗങ്ങള്‍ ഒഴിഞ്ഞുനിന്നു. രാഷ്ട്രീയവും, സാമുദായികവുമായ സങ്കുചിത വേര്‍തിരിവുകള്‍ക്ക് ഇടമില്ലാതായി, അഥവാ അതുകൊണ്ടുവരാന്‍ ശ്രമിച്ചവരെ മാധ്യമങ്ങള്‍ കൂടിച്ചേര്‍ന്നു നിന്നു വൈറസിനെ എന്നതുപോലെ പ്രതിരോധിച്ചു. രണ്ടു പക്ഷങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണു ടെലിവിഷന്‍ വാര്‍ത്ത എന്ന ധാരണയ്ക്കു വന്ന പക്ഷാന്തരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ ക്രിയാത്മകതയുടെ രൂപകമായി.

ദൃശ്യമാധ്യമരംഗം പൊതുവേ മത്സരാധിഷ്ഠിതമാണ്. ഒരു സെക്കന്‍ഡ് എങ്കില്‍ ഒരു സെക്കന്‍ഡ് മുമ്പേ വാര്‍ത്ത കൊടുക്കുക, മറ്റുള്ളവര്‍ക്കു കിട്ടാത്ത വാര്‍ത്ത എക്സ്ക്ലൂസീവ് ലേബലില്‍ കൊടുക്കുക ഇതൊക്കെ മത്സരത്തിന്‍റെ അടിസ്ഥാന സ്വഭാവമാണ്, അംഗീകൃത സ്വഭാവവുമാണ്. എന്നാല്‍ കോവിഡ് വാര്‍ത്തകളുടെ കാര്യത്തില്‍ ഇങ്ങനെയൊരു മത്സരം ചാനലുകള്‍ക്കിടയില്‍ ഉണ്ടായില്ല.

എവിടെയെങ്കിലും ഒരാള്‍ക്കു കോവിഡാണെന്നു സംശയിച്ചാല്‍, ഒരുവേള സ്ഥിരീകരിച്ചാല്‍ തന്നെ അതു ആദ്യം സംപ്രേഷണം ചെയ്ത് ഖ്യാതി നേടാന്‍ ഒരു ചാനലും ശ്രമിച്ചില്ല. ജില്ലകളില്‍ നിന്ന് മുന്‍കൂട്ടി ലഭിച്ച വിവരങ്ങള്‍പോലും പരസ്യമാക്കിയില്ല. വൈകിട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം, അല്ലെങ്കില്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പു വരെ കാത്തിരിക്കാന്‍ ആര്‍ക്കും മടിയുണ്ടായില്ല. ഔദ്യോഗിക കണക്കുകളെ മാത്രം ആശ്രയിച്ചതു കൊണ്ടു ഇക്കാര്യത്തില്‍ അവ്യക്തതയോ ആശയക്കുഴപ്പമോ ഉണ്ടായില്ല.

എന്നാല്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങളിലെ ഇളവുകളും മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഉത്തരവുകളും തമ്മിലുള്ള പൊരുത്തക്കേടുകളും ആശയക്കുഴപ്പം ഉണ്ടാക്കിയ സന്ദര്‍ഭങ്ങളില്‍ അതു ചൂണ്ടിക്കാട്ടാന്‍ ദൃശ്യ മാധ്യമങ്ങള്‍ മുന്നില്‍തന്നെ ഉണ്ടായിരുന്നു. സാഹചര്യത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് ക്രിയാത്മകമായാണ് അതും ചെയ്തത് എന്നും പറയേണ്ടിയിരിക്കുന്നു.

ആഗോള മലയാളിസമൂഹത്തെ ഇത്രയും പങ്കെടുപ്പിച്ച ന്യൂസ് കവറേജ് മുമ്പെങ്ങും ഉണ്ടായിട്ടില്ല. മറ്റു രാജ്യങ്ങളിലെ സ്ഥിതി വിവരിക്കുക എന്നതില്‍ അപ്പുറം അവര്‍ പറഞ്ഞുതന്ന അനുഭവപാഠം കേരളത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ ഏറെ സഹായകമായി. ഉദാഹരണത്തിന് ഇന്ത്യയില്‍ കൊറോണ ഭീഷണിയുയര്‍ത്തിത്തുടങ്ങിയ ഘട്ടത്തില്‍ ഇറ്റലിയില്‍നിന്ന് വൈദികര്‍ ഉള്‍പ്പെടെ മലയാളികള്‍ ടെലിവിഷനിലൂടെ നമുക്കു തന്ന ഉപദേശം വിലപ്പെട്ടതായി. കേരളത്തില്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് അത് ആവശ്യമുണ്ടോ എന്നു ചിന്തിക്കുന്നവരും സമൂഹത്തില്‍ ഏറെയുണ്ടായിരുന്നു. അവരോടാണ് ഫാ. മാര്‍ട്ടിന്‍ എടയന്ത്രത്ത് ഉള്‍പ്പെടെയുള്ള വൈദികരും ഇറ്റലിയിലെ മറ്റു അനുഭവസ്ഥരും പറഞ്ഞത് “കേരളം ചെയ്യുന്നതാണ് ശരി. ഇറ്റലിയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയത് നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്നതു കൊണ്ടാണ്.” തുടര്‍ച്ചയായ ദിവസങ്ങളില്‍ ഈ സന്ദേശം നല്‍കിയ ദൃശ്യമാധ്യമങ്ങള്‍ കേരളത്തില്‍ ലോക്ക്ഡൗണിന് അനുകൂലമായ മാനസികാവസ്ഥ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചു.

ബോധവല്‍ക്കരണം മാധ്യമങ്ങളുടെ പ്രധാന ധര്‍മങ്ങളിലൊന്നാണെങ്കിലും മത്സരയോട്ടത്തിനിടയില്‍ മാറ്റിവയ്ക്കപ്പെടുന്ന ഒന്നുമാണ്. എന്നാല്‍ പ്രളയമായാലും കോവിഡ് ആയാലും പ്രതിസന്ധിയില്‍ ഈ ധര്‍മം നിറവേറ്റുന്നതില്‍ ദൃശൃമാധ്യമങ്ങള്‍ മുന്നിലായിരുന്നു.

ഭയമല്ല വേണ്ടതു ജാഗ്രത, ബ്രെയ്ക്ക് ദ ചെയ്ന്‍, തുപ്പല്ലേ തോറ്റുപോകും എന്നിങ്ങനെയുള്ള സര്‍ക്കാര്‍ ക്യാംപെയ്നുകള്‍ വിജയിപ്പിക്കാന്‍ മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങി. അതിനുവേണ്ടി പ്രത്യേകം വീഡിയോകള്‍ നിര്‍മിച്ചു. സാധാരണ ജനങ്ങളിലേക്ക് വേഗമെത്തിക്കാന്‍ ജനപ്രിയ സിനിമാരംഗങ്ങള്‍ കോര്‍ത്തിണക്കി ഇത്തരം വീഡിയോകള്‍ നിര്‍മിക്കുന്നതില്‍ പരസ്പരം മത്സരിക്കുക പോലും ചെയ്തു.

കോവിഡിനെ പ്രതിരോധിക്കുന്നതിനൊപ്പം വ്യാജവാര്‍ത്തകളെയും പ്രതിരോധിക്കേണ്ടി വന്നു കോവിഡ്കാലത്ത് അധികൃതര്‍ക്ക്. വീട്ടില്‍ അടയ്ക്കപ്പെട്ടവരില്‍ ചിലരുടെ വികല മനസ്സ് കൂടുതല്‍ നാശോന്മുഖമായപ്പോള്‍ വ്യാജവാര്‍ത്തകള്‍ പിറന്നുകൊണ്ടേയിരുന്നു. സമൂഹമാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകളുടെ വാഹകരായി. അവ പ്രതിരോധിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ വേണ്ടി വന്നു. സമൂഹമാധ്യമങ്ങള്‍ സ്വയം പ്രസാധനവേദികള്‍ ആക്കിയവരും, വിരോധ വിനിമയ ഉപാധിയാക്കിയവരും എന്‍റെ പക്ഷത്തല്ലെങ്കില്‍ പിന്നെന്തിനീ ദൃശ്യമാധ്യമങ്ങള്‍ എന്നു ചിന്തിച്ചവരുമൊക്കെ സത്യമറിയാന്‍ മുഖ്യധാര മാധ്യമങ്ങളെത്തന്നെ ആശ്രയിച്ചു. ഓരോ വാര്‍ത്തയും തങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് വ്യാഖ്യാനിച്ച് അതിനുചേര്‍ന്ന വീഡിയോ എവിടെ നിന്നെങ്കിലും കണ്ടെത്തി പോസ്റ്റ് ചെയ്തവരുടെ കള്ളം പൊളിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ പംക്തികള്‍ തന്നെ തുടങ്ങി, സ്ക്രീനില്‍ പ്രത്യേക ബാന്‍ഡ് സൃഷ്ടിച്ച് വ്യാജനെ കാട്ടിക്കൊടുത്തു. തബ്ലീഗുകാര്‍ രോഗം പരത്താന്‍ വഴിയില്‍ തുപ്പുന്നു, പാത്രങ്ങളില്‍ തുപ്പല്‍ പുരട്ടുന്നു, കേന്ദ്ര ജീവനക്കാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുന്നു, കോവിഡിനെ തടയാന്‍ വേപ്പിലയും ചൂടുവെള്ളവും മതി, കോവിഡിനു വാക്സിന്‍ കണ്ടെത്തി, ബ്രെഡിന്‍റെ കവറില്‍വച്ച് അമീര്‍ഖാന്‍ 15,000 രൂപ വീതം പാവങ്ങള്‍ക്കു വിതരണം ചെയ്തു, ചില ഹിന്ദി സിനിമകളിലെ രംഗം എടുത്തിട്ട് ലോക്ക് ഡൗണ്‍ ലംഘിച്ച പുരോഹിതരെ തല്ലുന്ന വീഡിയോ എന്ന നിലയിലുള്ള പ്രചാരണം, മോദിക്ക് സല്യൂട്ട് അടിക്കാന്‍ ആഹ്വാനം, കോവിഡ് പോസ്റ്റിട്ടാല്‍ പൊലീസ് പിടിക്കും, മുഖ്യമന്ത്രി വിളക്കണച്ചു, ഇമ്രാന്‍ ഖാന്‍റെ ഭാര്യയ്ക്കും ഡ്രൈവര്‍ക്കും കോവിഡ്, പിണറായിയുടെ ചിത്രവുമായി ശ്രീലങ്കന്‍ സ്റ്റാംപ്… തുടങ്ങി എത്രയോ വ്യാജവാര്‍ത്തകളെയാണ് മാധ്യമങ്ങള്‍ കോവിഡ്കാലത്തു തുറന്നുകാട്ടിയത്. മാധ്യമങ്ങള്‍ ബോധവല്‍ക്കരണ ദൗത്യം ഏറ്റവും ഫലപ്രദമായി ഏറ്റെടുത്ത ഒരു മേഖലയായിരുന്നു ഇത്.

സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരം ലഭിക്കുന്നതിന് വൈറലാവുക എന്നാണല്ലോ പറയുക. വൈറലാക്കാന്‍ വേണ്ടിയാണ് ഏറെപ്പേരും ആഭാസവും അശ്ലീലവും ഒക്കെ ചൊരിയുന്നത്. സാക്ഷാല്‍ വൈറസ് തന്നെ വൈറലായ സമയത്ത് പക്ഷേ സമൂഹ മാധ്യമങ്ങളുടെ വിശ്വാസ്യത ഇടിയുകയാണ് ചെയ്തത്. റോയിട്ടേ ഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് ജേര്‍ണലിസം നടത്തിയ പഠനത്തില്‍ കോവിഡ് കാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കുമാണ് അംഗീകാരം ലഭിച്ചത്. മുഖ്യധാര മാധ്യമങ്ങളുടേത് നല്ല പ്രവര്‍ത്തനമാണെന്നു 37 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 15 ശതമാനം പേരാണ് സമൂഹമാധ്യമങ്ങളെ പിന്തുണച്ചത്. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്‍റെ ഇക്കാലം സോഷ്യല്‍ മീഡിയ ഡിസ്റ്റന്‍സിങ്ങ് പരിശീലിക്കാനും ഉപയോഗപ്പെടുത്താം എന്ന ചിന്താഗതി ഉണ്ടായതും ഇവിടെ ഓര്‍ക്കാം.

ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കുറെപ്പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ രോഗത്തിനു വര്‍ഗീയനിറം പകരാനുള്ള ശ്രമങ്ങളുണ്ടായി. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ അതിനു വഴിപ്പെട്ടില്ല. കര്‍ശന ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പിലാവുന്നതിനു മുമ്പായിരുന്നു തബ്ലീഗ് സമ്മേളനം എന്ന് മാധ്യമങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിയും കേരളത്തിന്‍റെ മുഖ്യമന്ത്രിയും കോവിഡില്‍ വര്‍ഗീയത കലരാതിരിക്കാന്‍ പ്രത്യേക ജാഗ്രത കാട്ടി എന്നും പറയേണ്ടതുണ്ട്. ദേശീയത കുത്തകപാട്ടത്തിന് എടുത്തിരിക്കുന്ന ചില ചാനലുകള്‍ ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്‍റെ പ്രധാനപ്രതിയായി തബ്ലീഗ് സമ്മേളനത്തെ എടുത്തു കാട്ടാന്‍ ശ്രമിച്ചു. പക്ഷേ ബി.ജെ.പി. സര്‍ക്കാരില്‍നിന്ന് അതിന് പിന്തുണ ഉണ്ടായില്ല. വിദ്വേഷം പ്രചരിപ്പിക്കുന്ന ചാനലുകള്‍ കോവിഡ്കാലത്ത് റേറ്റിങ്ങില്‍ പിന്നിലായി. അതു തിരിച്ചുപിടിക്കാന്‍ അവര്‍ പഴുതുകള്‍ തേടുന്നതും കണ്ടു കോവിഡ്കാലം.

അര്‍ഹിക്കുന്നവരെ ബഹുമാനിക്കുന്നതില്‍, സാമാന്യമര്യാദ കാട്ടുന്നതില്‍പോലും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ പിന്നിലാണെന്ന് ആക്ഷേപമുണ്ടല്ലോ. എന്നാല്‍ പ്രതിസന്ധികളില്‍ അവര്‍ വ്യത്യസ്തരാണ്. കേരള മോഡല്‍ ജാഗ്രതാ പ്രതിരോധം ഉയര്‍ത്തിക്കാട്ടാന്‍ ചാനലുകള്‍ ശ്രദ്ധവച്ചു. വിമര്‍ശനങ്ങളില്‍ ജാഗ്രത പുലര്‍ത്തി. സ്വയം ഹീറോ ചമയാന്‍ ശ്രമിക്കാതെ ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും ആദരിക്കാന്‍ മുന്നില്‍നിന്നു.

കോവിഡ്കാലത്തു രൂപപ്പെട്ട പൊതുബോധത്തിന് അനുസരിച്ചു നീങ്ങാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതമായതു രസകരമായ പരിശോധനയ്ക്കു വകയുള്ളതാണ്. ആരുടെയും ദേഹത്ത് കൈവയ്ക്കാന്‍ പൊലീസിനു അധികാരം ഇല്ലെന്നിരിക്കെ, ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കിട്ട് പൊലീസ് രണ്ടു പൊട്ടിച്ചാലും കുഴപ്പമില്ല എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടിവന്നു. കണ്ണൂര്‍ എസ്.പി ലോക്ക്ഡൗണ്‍ ലംഘകരെക്കൊണ്ട് പരസ്യമായി ഏത്തമിടിച്ചത് നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെങ്കിലും അവര്‍ക്കതു വേണം എന്നു കരുതിയവര്‍ ഏറെ. ‘റോഡില്‍ക്കൂടെയാണോടോ സൈക്കിള്‍ ഓടിക്കുന്നത്’ എന്ന് ആരെങ്കിലും ചോദിച്ചാല്‍ സിനിമയിലെപ്പോലെ, ആലോചിക്കാതെ ഞെട്ടുന്ന നിലയിലായി കാര്യങ്ങള്‍. ചോദ്യം ചോദിക്കാതിരിക്കുന്നതാണു മാതൃകാപരം എന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതാണോ ശരിയെന്ന സംശയംപോലും ഉണ്ടായി. എന്നാല്‍ പതിയെ ദൃശ്യമാധ്യമങ്ങള്‍ ഈ കുരുക്കില്‍ നിന്നു പുറത്തുവന്നു.

സ്പ്രിംഗ്ളര്‍ വിവാദവും സാലറി ചലഞ്ചുമൊക്കെ വിവാദമായപ്പോള്‍ ദൃശ്യമായത് ഇതാണ്. പ്രതിസന്ധിയില്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണം എന്നതു ശരി. പക്ഷേ സംശയങ്ങള്‍ ദുരീകരിക്കാന്‍ ബാധ്യതയുള്ളവര്‍ അതിനു മടികാട്ടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അന്വേഷണത്വര ഉണ്ടാവുന്നതു സ്വഭാവികം. പ്രശ്നം കോടതിയില്‍ എത്തിയതുകൊണ്ടു പ്രത്യേകിച്ചും. എന്നാല്‍ ഈ വിവാദങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തുവന്ന ചിലരെ പതിവുവിട്ട് മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിച്ചില്ല എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. തെളിവില്ലാത്തതിനൊന്നും നിലനില്‍പ്പില്ലാത്ത കാലമായിരുന്നു കോവിഡിന്‍റേത്.

കോവിഡ് കാലത്തെ ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനത്തിന്, മാധ്യമസ്ഥാപനങ്ങളോടൊപ്പം, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കും ക്രെഡിറ്റ് അവകാശപ്പെടാവുന്നതാണ്. പ്രതിസന്ധിയിലെ അത്യാവശ്യഘടകമായ നേതൃത്വം അതിന്‍റെ സാന്നിധ്യം അനുഭവിപ്പിച്ച സമയമായിരുന്നു അത്. പ്രതിരോധ നടപടികളില്‍ ജനങ്ങളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുന്നതില്‍ ഭരണനേതൃത്വങ്ങള്‍ വിജയിച്ചു. ‘പേടിക്കേണ്ട, ഞങ്ങളുണ്ട്, ഞങ്ങളുടെ ടീമിന്‍റെ കയ്യില്‍ എല്ലാം ഭദ്രം’ എന്നൊരു തോന്നല്‍ ജനമനസ്സുകളില്‍ ഉണ്ടാക്കാന്‍ നരേന്ദ്രമോദിക്കും പിണറായി വിജയനും കെ.കെ. ശൈലജ ടീച്ചര്‍ക്കും കഴിഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ തല്‍ക്കാലത്തേക്കു മറക്കാനോ മറയ്ക്കാനോ അവര്‍ക്കു കഴിഞ്ഞു. മോദിക്കും പിണറായിക്കും ശക്തരായ നേതാക്കള്‍ എന്ന പരിവേഷമുള്ളതുകൊണ്ട് ഒന്നും മേശയില്‍ അടിച്ചു പറയേണ്ടിവന്നില്ല. അവര്‍ക്കു ശ്രോതാക്കള്‍ ഉറപ്പായിരുന്നു. അവരെ ധിക്കരിക്കാന്‍ പേടിയുമായിരുന്നു. ഓരോരുത്തരുടെയും ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളാണ് ഭരണാധികാരികള്‍ വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞുകൊണ്ടിരുന്നത്. അതു കൊണ്ടുതന്നെ അവ തത്സമയം സംപ്രേഷണം ചെയ്യുന്ന ദൃശ്യമാധ്യമങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പ്രാഥമിക വാര്‍ത്താ ഉറവിടമായി.

ജനപ്രിയ പരമ്പരകള്‍ക്കു അടിമയായവര്‍ വൈകുന്നേരം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു കണ്ണും കാതും കൂര്‍പ്പിച്ചിരുന്നു. ജനങ്ങളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത ഒരു മുഖ്യമന്ത്രിയെയാണ് ടെലിവിഷനില്‍ കണ്ടത്. വിവാദങ്ങളോട് മുഖംതിരിക്കുന്ന മുഖ്യമന്ത്രി, പ്രകോപിതനാവാതിരിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി, മുമ്പെങ്ങും കാണാത്തപോലെ മുഖ്യമന്ത്രി ടെലിവിഷനിലെ റണ്ണിങ് കമന്‍ററിയുടേയും വാര്‍ത്താവിശകലനത്തിന്‍റെയും ചുമതല കൂടി ഏറ്റെടുത്ത പോലെയായി. ജനങ്ങളുടെ ആകാംക്ഷ ശമിപ്പിക്കുന്ന ഉത്തരവാദിത്തം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തപ്പോള്‍ അതിന്‍റെ വിശദാംശങ്ങള്‍ അപ്പഴപ്പോള്‍ ജനങ്ങളില്‍ എത്തിക്കുകയും നടപടികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിനെയും സഹായിക്കുകയുമായി ദൃശ്യമാധ്യമങ്ങളുടെ മുന്‍ഗണന. അതിനായി ഇന്‍ഫോഗ്രാഫിക്സ് കൂടുതല്‍ ഉപയോഗിച്ചു.

കേരളത്തില്‍ രണ്ടാം രോഗവ്യാപനത്തിനു കാരണമായതിന്‍റെ പേരില്‍ ഏറെ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങിയ പത്തനംതിട്ടയിലെ കുടുംബം സുഖം പ്രാപിച്ചപ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ അവരെ പ്രേക്ഷകര്‍ക്കു മുന്നില്‍ കൊണ്ടുവന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവര്‍ നന്ദിപറഞ്ഞപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ അവരെ ആദ്യം അപമാനിച്ചവര്‍പോലും അവരെ മനസ്സാ സ്വീകരിച്ചു. കോവിഡുമായി ബന്ധപ്പെട്ടുള്ള ‘സോഷ്യല്‍ സ്റ്റിഗ്മ’ യുടെ രൂപാന്തരമാണ് ഇവിടെ മാധ്യമങ്ങള്‍ വഴി സാധ്യമായത്. രോഗം ഒരു കറ്റമല്ലെന്നു തിരിച്ചറിഞ്ഞ മലയാളികള്‍ പിന്നീട് രോഗവിമുക്തരായവരെയൊക്കെ ചേര്‍ത്തുപിടിക്കുന്നതാണ് കണ്ടത്.

സാമൂഹിക സാംസ്ക്കാരിക പുരോഗതിയെ സൂചിപ്പിക്കുന്ന ഒരു കേരളമാതൃക നമുക്ക് മുമ്പേയുണ്ട്. കോവിഡ് പ്രതിരോധത്തിലെ കേരളമാതൃക ലോകമെങ്ങും അംഗീകാരം നേടി. 2018-ലെ പ്രളയകാലത്തും കേരളമാതൃക ലോകശ്രദ്ധയില്‍ വന്നു. അക്കാലത്തെ മാധ്യമപ്രവര്‍ത്തനവും മാതൃകാപരമെന്ന് വിശേഷിപ്പിക്കപ്പെട്ടു. ഇപ്പോള്‍ കോവിഡ്കാലത്തെ ജാഗ്രതാ മാധ്യമപ്രവര്‍ത്തനത്തിലും നമുക്കുണ്ടായി കേരളമാതൃക.

ജോണി ലൂക്കോസ്
ന്യൂസ് ഡയറക്ടര്‍
മനോരമ ന്യൂസ്

സത്യദീപം മെയ് 15 ന്റ്റെ ലക്കത്തിൽ പ്രസിദ്ധികരിച്ചത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു