
ഞാനും ഒരു പ്രിൻസിപ്പാളാണ്.. നിരവധി കോപ്പിയടികൾ പിടിച്ചിട്ടുമുണ്ട്
ഞാനും ഒരു പ്രിൻസിപ്പാളാണ്.. നിരവധി കോപ്പിയടികൾ പിടിച്ചിട്ടുമുണ്ട്..
. നമുക്ക് നഷ്ടപ്പെട്ട, കുഞ്ഞിന്റെ മരണത്തിൽ അഗാധമായ ദുഃഖവും വേദനയും പങ്കുവെക്കുന്നു. പത്തിരുപത് വർഷമായി അധ്യാപകനാണ്, അതിൽ ഏതാണ്ട് പത്ത് വർഷവമായി, കോളേജ് പ്രിൻസിപ്പാൾ ആയി ജോലി ചെയ്യുന്നു.
ഇന്ന്, 10 ശതമാനം കുട്ടികളിലും കോപ്പി അടിക്കുക എന്ന വികാരം ശക്തമാണ്, കാരണം ജീവിത വിജയങ്ങൾക്ക് കുറുക്കുവഴി അന്വേഷിക്കുന്ന ഒരു തലമുറയാണ്, ഇന്നുള്ളത്. പണ്ടൊക്കെ ഇത്തരം വികൃതികൾക്ക് പോയിരുന്നത് ഒരു ശതമാനം കുട്ടികൾ മാത്രമാണെങ്കിൽ ഇന്നത്, 5 മുതൽ 10 ശതമാനം വരെയായി, കാരണം വിജയം അല്ലാതെ മറ്റൊന്നും വീട്ടുകാരും, നാട്ടുകാരും, സമൂഹവും, അംഗീകരിക്കാത്ത അവസ്ഥയിൽ പെട്ടുപോകുന്ന കുട്ടികൾ…
ചെറുപ്പകാലം മുതലേ പരാജയപ്പെടാൻ അനുവദിക്കാറില്ലാത്ത, അല്ലെങ്കിൽ പരാജയം മരണത്തിനു തുല്യം എന്ന് പഠിപ്പിച്ചു വെക്കുന്ന ഒരു സമൂഹം… നിങ്ങൾ പുട്ടിൻ കുഴലിലൂടെ തള്ളുമ്പോൾ ദോശയും ഇഡ്ഡലിയും ആയി മാറാൻ അവർക്ക് മന്ത്ര വിദ്യകൾ ഒന്നും അറിയില്ല…
പരീക്ഷയിൽ കോപ്പിയടി തടയുക എന്നത് ഇൻവിജിലേറ്റർ ആയ അധ്യാപകരുടെ കടമയാണ് അല്ലെങ്കിൽ പരീക്ഷ കൊണ്ട് എന്ത് കാര്യം?. ചില യൂണിവേഴ്സിറ്റികളിൽ പുസ്തകം തുറന്നു വച്ച് പരീക്ഷ എഴുതാൻ അനുവദിക്കാറുണ്ട്, പക്ഷേ നിസ്സാരമാണ്, ആ പരിക്ഷകളിലെ ചോദ്യങ്ങൾ എന്ന് കരുതേണ്ട. പരീക്ഷഹാളിൽ, വളരെ സ്ട്രിക്ട് ആയി പരീക്ഷ നടത്തണം എന്ന് ശഠിക്കുന്ന ഒരു അധ്യാപകനും പ്രിൻസിപ്പൽ എന്ന നിലയ്ക്ക് ചീഫ് എക്സാമിനറൂമാണ് ഞാൻ. “ദേ കാലൻ വരുന്നുണ്ട് “എന്ന് മനസ്സിൽ, പറഞ്ഞാണ് എന്റെ എക്സാം ഹാളിലെലേക്കുള്ള പ്രവേശനത്തെ, കുട്ടികൾ കാണുന്നതെന്നും എനിക്കറിയാം.
MBA പഠനശേഷം ആത്മാർത്ഥ സുഹൃത്തായി മാറിയ, വ്യക്തി എന്നോട് “കാലമാടാ നിങ്ങൾ പരീക്ഷ ഹാളിൽ ഇടക്കിടക്ക് വന്നില്ലായിരുന്നെങ്കിൽ, ഞാൻ ഡിസ്റ്റിങ്ഷൻ മേടിച്ച് പാസായേനെ” എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്. എന്റെ പല കുട്ടികളും ഇത് വായിച്ച്, അവരുടെ അനുഭവം ഓർത്ത്, ചിരിക്കും എന്നും എനിക്കറിയാം.
ഇത്തരം കാര്യങ്ങളിൽ ഒരു അധ്യാപകൻ എന്ന നിലയ്ക്ക് ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറാല്ല, അത് പഠിക്കുന്ന കുട്ടികളോടും, സമൂഹത്തോടും ചെയ്യുന്ന വലിയ തെറ്റാണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു.
കോപ്പിയടിക്കുന്ന കുട്ടികളോടുള്ള സമീപനത്തിൽ ചിലപ്പോൾ മാറ്റങ്ങൾ വരാറുണ്ട്…അത് അവർ ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും. അടുത്തിരിക്കുന്ന ആളുടെ, പേപ്പറിൽ എത്തിനോക്കുന്ന ആളോടും , ആംഗ്യങ്ങൾ കൊണ്ട് ഒറ്റ വാക്കിന്റെ ഉത്തരങ്ങൾ പങ്കുവയ്ക്കാൻ ശ്രമിക്കുന്നവരോടും, ചിലപ്പോൾ ഒരു ഭീഷണിയും നോട്ടവും കൊണ്ട് നിർത്താറുണ്ട്. പക്ഷേ വ്യക്തമായി, എഴുതി കൊണ്ടു വന്ന് കോപ്പിയടിക്കുന്നവരെ, യൂണിവേഴ്സിറ്റി അനുശാസിക്കുന്ന നിയമങ്ങൾക്ക് വിധേയമാക്കാറുണ്ട്. തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്നാണ് മിക്ക യൂണിവേഴ്സിറ്റികളിലെയും നിയമം.എന്നാൽ അപ്പോഴൊക്കെ പരസ്യമായി ശാസിക്കാനോ, കുട്ടിയെ ഡീബാറിലേക്ക് എത്തിക്കാതിരിക്കാനോ ശ്രമിക്കാറുണ്ട്.
ഒരു അധ്യാപകനും, ഒരു കുട്ടിയുടെയും ഭാവികളയാൻ ഒരിക്കലും ശ്രമിക്കുകയുമില്ല, എന്ന് ആത്മാർത്ഥമായി എനിക്ക് പറയാൻ സാധിക്കും.ആ പരീക്ഷ അടുത്ത തവണ എഴുതുക, മറ്റു പരീക്ഷകൾ തുടരുക, എന്ന ശിക്ഷാനടപടികൾ ആണ് അധ്യാപകർ 99% സ്വീകരിക്കുക. അതുകൊണ്ടുതന്നെ, ഈ വിഷയത്തിലും അധ്യാപകർ കാണിച്ചത് ഉചിതവും ന്യായവും ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇനി, കോപ്പിയടി ഒന്ന് ക്ഷമിച്ചുകൂടെ…ആരാണ് കോപ്പി അടിക്കാത്തത്… എന്നുള്ള ചോദ്യങ്ങൾ അനവധി കണ്ടു. കുട്ടികൾ കഞ്ചാവ് വലിക്കുന്നത് കാണുമ്പോൾ ഒന്ന് ക്ഷമിച്ച് കൂടെ… ആരാണ് കഞ്ചാവ് വലിക്കാത്തത് എന്ന് ഇത്തരക്കാർ ചോദിക്കുമായിരിക്കുമോ?
സ്നേഹത്തോടെ പറയട്ടെ വികാരമല്ല, വിവേകമാണ് നമുക്ക് ആവശ്യം, പക്ഷേ പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പലരും വികാരം മാത്രമേ പ്രകടിപ്പിക്കാറുള്ളൂ. എല്ലാവരും പറയുന്നതുപോലെ ഞാനും പറഞ്ഞില്ലെങ്കിൽ, ശരിയല്ല എന്നുള്ള ഒരു തോന്നൽ, ഇന്ന് പലർക്കുമുണ്ട്.
കഴിഞ്ഞ ഒരുമാസം BVQ ആപ്പിനെകുറിച്ചുള്ള ചർച്ചകളും, ട്രൊളുകളും കാണുന്ന ഒരു സാധാരണ ചെറുപ്പക്കാരൻ, മദ്യം കുടിക്കുന്നത് ഒരു സ്റ്റാറ്റസ് സിംബൽ ആണെന്നും, അത് തെറ്റല്ലെന്നും, അറിയാതെ വിശ്വസിച്ചു പോകും. അത്രമേൽ രസകരമായ രീതിയിലാണ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും അതിനെ പ്രസന്റ് ചെയ്തത്. അതുപോലെ തന്നെയാണ് ഇന്നത്തെ ചില മാധ്യമ വിചാരണകളും, സോഷ്യൽ മീഡിയ ചർച്ചകളും… അവ കാണുമ്പോൾ, കോപ്പിയടിക്കുന്നത് ഒരു തെറ്റല്ല എന്ന വിശ്വാസം വളരുന്ന തലമുറയ്ക്ക് ഉണ്ടാകുന്നു.
അങ്ങനെയെങ്കിൽ മൂല്യങ്ങൾ ഇല്ലാത്ത, ആത്മശക്തി ഇല്ലാത്ത, കച്ചവട മനസ്ഥിതി മാത്രമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ ഞാനും നിങ്ങളും കൂട്ടുനിൽക്കുകയാണ് എന്ന് പറയാതെ വയ്യ.
ഞാൻ കാര്യമായി പ്രതിപാദിക്കാൻ വന്ന കാര്യം മറ്റൊന്നാണ്. അത് ആ കുഞ്ഞിന്റെ മരണത്തെക്കുറിച്ചല്ല, മറിച്ച്, പല കുട്ടികളുടെയും, മരണ കാരണത്തെക്കുറിച്ചാണ്. ഒന്നു പറഞ്ഞ് രണ്ടാമത്തെതിന്, എന്തുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങൾ ജീവിതം അവസാനിപ്പിക്കുന്നു?. അതിനുകാരണം നമ്മളാണ്, പ്രത്യേകിച്ചും മാതാപിതാക്കൾ.
ജീവിത പ്രതിസന്ധികളെ മനക്കരുത്തോടെ നേരിടാൻ നമ്മുടെ കുട്ടികളെ നാം പഠിപ്പിക്കാൻ മറന്നു പോകുന്നു. മാതാപിതാക്കളെ, നിങ്ങൾ എല്ലാ സുഖസൗകര്യങ്ങളുടെയും “കലവറ” തീർത്തു കുട്ടികളെ നിഷ്ക്രിയരാക്കുന്നു എന്ന് പറയാതെ വയ്യ.
അയലത്തെ കുട്ടി 100 മാർക്ക് വാങ്ങിയപ്പോൾ , മണ്ടനായ നിനക്കെന്താ 99 മാത്രം , കിട്ടിയത്, എന്ന് ദയവായി കുട്ടികളോട് ചോദിക്കരുതേ… നമ്മുടെ തലമുറയിലും കോപ്പിയടി എന്ന സമ്പ്രദായം നിലനിന്നിരുന്നു. ഞാനും ഒരിക്കൽ കോപ്പിയടിക്ക് ശ്രമിച്ചിട്ടുണ്ട്, (a+b)2=… എന്ന ഫോർമുല കൈവെള്ളയിൽ എഴുതിയത്, പരീക്ഷയ്ക്ക് മുന്നേ കണ്ടുപിടിച്ച സാർ, തുടയിൽ ചൂരൽ കൊണ്ട് സംഹാരതാണ്ഡവമാടി. അത് വീട്ടിൽ അറിഞ്ഞപ്പോൾ മറ്റേ തുടയിൽ അതിനേക്കാൾ ഏറെ പ്രഹരം കിട്ടി.
ആത്മഹത്യചെയ്യാൻ അല്ല, മറിച്ച്, ആ തെറ്റ്, ഒരിക്കലും ചെയ്യരുത് എന്ന പാഠമാണ്, ആ അപമാനം എനിക്കും എന്റെ തലമുറയ്ക്കും നൽകിയത്. കാരണം കഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനകളും നൊമ്പരങ്ങളും മനസ്സിലാക്കി, അവ പങ്കുവെച്ച് ജീവിച്ചിരുന്ന കുഞ്ഞുങ്ങൾ ആയിരുന്നു അന്നുണ്ടായിരുന്നത്.
മാതാപിതാക്കളെ…. നിങ്ങൾ കുഞ്ഞുങ്ങൾ എന്തു ചെയ്താലും പരാതിയില്ല എന്നും, എന്റെ മക്കൾ അരുതാത്തത് ഒന്നും ചെയ്യില്ല എന്നുമുള്ള മുൻവിധികൾ ഒഴിവാക്കി, NO പറയേണ്ടിടത്തത് പറഞ്ഞു, തിരുത്തേണ്ടത് തിരുത്തി. ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ അവരെ പഠിപ്പിക്കണം
. അത്തരം കുട്ടികൾ ജീവിതത്തിൽ മുന്നേറുകയും നിങ്ങൾക്ക് തണൽ ആവുകയും ചെയ്യും. എന്ന്…. ഇനിയും ഒരു കുഞ്ഞും, ഇത്തരം കടുംകൈ ചെയ്യരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന ഒരു അദ്ധ്യാപകൻ.
..പായിക്കാടൻ