തോൽവികളുടെ പരമ്പര കൊണ്ടാണ് വിജയിച്ച ഓരോ ജീവിതവും സൃഷ്ടിക്കപ്പെടുന്നത് എന്ന് നമ്മുടെ കുട്ടികളും യുവതയും അറിയട്ടെ.

Share News

ജീവിതം മത്സരമാണ്.

ജോസ് വള്ളിക്കാട് MST

ജീവിതത്തെ കുറിച്ചുള്ള നമ്മുടെ യുവതയുടെ നിർവചനം ഇതാണ് എന്ന് അവരുടെ മിക്ക പ്രവർത്തികളിൽ നിന്നും വെളിപ്പെടുന്നു. അതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കഴിഞ്ഞ മുപ്പതു വർഷമെങ്കിലുമായി നാം ജീവിതത്തോട് കാട്ടുന്ന പ്രതിപത്തികളും വിശേഷവിധിയായി വിദ്യാഭ്യാസത്തെകുറിച്ചുള്ള നമ്മുടെ സമീപനങ്ങളും തെരഞ്ഞെടുപ്പുകളും തെളിയിക്കുന്നത് അതാണ്.

ജീവിതം മത്സരമല്ലാതെ മറ്റൊന്നുമല്ല എന്ന നിർവചനം പാലിക്കുമ്പോൾ, താരതമ്യം ഉണ്ടാകുന്നു. എന്റെ ജീവിതം അർത്ഥപൂർണ്ണമായി ജീവിക്കാൻ ശ്രമിക്കാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കണ്ണും നട്ടു അസൂയപ്പെടുവാൻ മാത്രമുള്ളതായി നാം ജീവിതത്തെ തരംതാഴ്ത്തുന്നു. ജീവിതം മത്സരമായിരിക്കെ, അതിൽ വിജയം നേടുന്നത് വലിയ സമ്മർദം നൽകുന്ന കാര്യമാണ്. വിശേഷിച്ചും അതിനുള്ള സിദ്ധികൾ പരിമിതമാവുമ്പോൾ.

അത് ഞാൻ മനപ്പൂർവം പറഞ്ഞതാണ്. സത്യത്തിൽ നമ്മുടെ മാതാപിതാക്കളോട് എനിക്ക് സഹതാപമാണ് തോന്നുന്നത് (കുട്ടികളോട് അതിലപ്പുറവും). നമ്മുടെ കുട്ടികൾക്ക് കഴിയാത്തതിലും അപ്പുറമുള്ള മത്സരത്തിലേക്കാണ് നാം അവരെ തള്ളിവിടുന്നത്. ഓട്ടക്കാരുടെ ഉദാഹരണം എടുക്കാം. 100, 400, 800, 1200 മീറ്റർ എന്നൊക്കെ വിവിധ ഇനം ഓട്ട മത്സരങ്ങളുണ്ട്. ഇത് കൂടാതെ മാരത്തണും, സ്പ്രിന്റും ഉണ്ട്. എല്ലാം ഓട്ടമത്സരങ്ങളാണെങ്കിലും 800 മീറ്റർ ഓടുന്ന പ്രതിഭ 100ൽ വിജയി ആകണം എന്നില്ല. മറിച്ചും അങ്ങനെ തന്നെ. മാരത്തൺ ഓടുന്ന സിദ്ധികളും, തന്ത്രങ്ങളുമല്ല സ്പ്രിന്റിന് വേണ്ടത്.

നമ്മുടെ കുട്ടികളുടെ സിദ്ധികൾ അറിയാതെയാണ് നാം അവരെ മത്സരക്കളത്തിലേക്കും, അതുവഴി സമ്മർദത്തിന്റെ ട്രാക്കിലേക്കും തള്ളിവിടുന്നത്. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തപോലെ നമ്മുടെ യുവത പെരുമാറുന്നതെന്താണ്? എന്ത് കൊണ്ട് അവരുടെ ജീവിതത്തിൽ സംതൃപ്തി കണ്ടെത്തുവാൻ ആവുന്നില്ല?

ജീവിതത്തോടുള്ള ഇപ്പോഴത്തെ നമ്മുടെ മനോഭാവങ്ങൾ ജീവിതത്തിന്റെ ആനന്ദദായകമായ അംശങ്ങൾ കണ്ടെടുക്കുന്നതിൽ നിന്നും നമ്മെ വിമുഖരക്കുന്നതാണ്. രോഗിയായ തന്റെ പിതാവിനെ ഗ്രാമത്തിലെത്തിക്കാൻ 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടുവാൻ ഒരു ബാലികയെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണ്? ഉടനെ തന്നെ അവളെ ട്രയൽസിനു ക്ഷണിച്ച ഫെഡറേഷന് ജീവിതത്തോടുള്ള കാഴ്ചപ്പാട് എന്താണ്? എന്നാൽ ആ ക്ഷണം നിരാകരിക്കുവാൻ അവളെ പ്രേരിപ്പിച്ചത് എന്താണ്? ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചെന്നു തന്നെ വരില്ല.

ധാർമികമായ തിരഞ്ഞെടുപ്പുകൾ ഉത്തരവാദിത്തപൂർണമായി എടുക്കുവാൻ പരിശീലിപ്പിക്കാത്ത ഒരു വിദ്യാഭ്യാസ പദ്ധതിക്കും ക്ഷേമം ഉറപ്പു വരുത്തുവാൻ സാധിക്കില്ല. ധാർമ്മികമായ തിരഞ്ഞെടുപ്പുകൾ നടത്താൻ മൂന്നോ, നാലോ വയസു മുതൽ കുട്ടികളെ പരിശീലിപ്പിക്കാവുന്നതാണ്.

വിദ്യാഭ്യാസം വിദ്യാലയത്തിൽ നടക്കുന്നു എന്നാണു ബഹുഭൂരിപക്ഷം ആളുകളും ധരിക്കുന്നതു. അവിടെ അറിവുകളെ ശാസ്ത്രീയമായ രീതിയിൽ അടുക്കും ചിട്ടയും നൽകി പകരുന്നു എന്നെ ഉള്ളൂ. ജീവിതക്കളരിയായ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമാണ് വിജയത്തിനാവശ്യമായ പാഠങ്ങൾ ഏറെയും കുട്ടികൾ പഠിക്കുന്നത്. അതിൻറെ പ്രാഥമിക ഉത്തരവാദികൾ മാതാപിതാക്കൾ തന്നെയാണ്. പിന്നെ എക്സറ്റൻഡഡ്‌ ഫാമിലിയും, സമൂഹവും.

ഇവിടെ നാം സൗകര്യപൂർവം ഒഴിവാക്കിക്കളഞ്ഞ ഒരു വലിയ വില്ലൻ ഉണ്ട്, മാദ്ധ്യമങ്ങൾ, വിശേഷിച്ചു ദൃശ്യമാധ്യമങ്ങൾ. അത് വിനോദോപാധി എന്നാണ് നാം കരുതിയിരിക്കുന്നത്. വാഹന വ്യവസായം പോലെയോ, മരുന്ന് കമ്പനി പോലെയോ, ലൈംഗിക ഉത്തേജന ഉപകരണ വ്യവസായം പോലെയോ ഉള്ള ഒരു വ്യവസായമാണ് അത്. അതേസമയം അതൊരു വിദ്യാ കേന്ദ്രം കൂടിയാണ്. നാം കാണുന്ന ഒരോ ദൃശ്യവും, സ്വരവും ഒരു അറിവാണ്. അത് നമ്മുടെ തിരഞ്ഞെടുപ്പുകളെ വലിയ തോതിൽ സ്വാധീനിക്കുന്നു.

ഒരു വൈദ്യ വിദ്യാർത്ഥി ഓപ്പറേഷനായി ഏതു ഞരമ്പാണ് മുറിക്കേണ്ടത് എന്ന് മുൻകൂറായി പഠിക്കേണ്ടത് പോലെ പഠിച്ചെടുക്കേണ്ട വിദ്യയാണ് മാധ്യമങ്ങളിലെ സന്ദേശ സ്വീകരണം. എന്നാൽ, മാദ്ധ്യമങ്ങൾ അടക്കമുള്ള സംസ്കാരം നൽകുന്ന പാഠങ്ങളെ വിവേചനമില്ലാതെ സ്വീകരിക്കുന്ന ജനതകളിൽ പ്രധാനമായ ഒന്നാണ് ‘സാക്ഷര’ മലയാളി. ആ പാഠങ്ങൾ എഡിറ്റു ചെയ്യപ്പെടേണ്ടതാണ് എന്ന് ആദ്യം വിരലുയർത്തി പറയേണ്ടത് നിങ്ങളാണ്. കാരണം നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദി നിങ്ങൾ മാത്രമാണ്.

എല്ലാവർക്കും ജയിക്കാനാവുന്ന ഒരു സമസ്യ മാത്രമാണ് ജീവിതം. അഥവാ എനിക്ക് ജയിക്കണമെങ്കിൽ മറ്റുള്ളവർ തോല്കണം എന്ന നിയമം ഇല്ലാത്ത ഒരു മത്സരമാണ് ജീവിതം. എല്ലാവരും ജയിക്കുമ്പോൾ മധുരിക്കുന്ന അനുഭവം.തോൽവികളുടെ പരമ്പര കൊണ്ടാണ് വിജയിച്ച ഓരോ ജീവിതവും സൃഷ്ടിക്കപ്പെടുന്നത് എന്ന് നമ്മുടെ കുട്ടികളും യുവതയും അറിയട്ടെ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു