മുംബൈയുടെ മനസ്സറിഞ്ഞ് മോഹന്‍ലാല്‍ ; കരുതലായി വിശ്വ ശാന്തി ഫൗണ്ടേഷൻ ; ചേരി പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ( ബിഎംസി) കീഴിലുള്ള ആശുപത്രികള്‍ക്ക് പിപിഇ കിറ്റുകള്‍ സംഭാവന ചെയ്താണ് മലയാളത്തിന്റെ മഹാനടന്‍ തന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷവേള ധന്യമാക്കിയത്. മുംബൈയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ധാരാവിയിലും ഇതര ചേരി പ്രദേശങ്ങള്‍ക്കും അടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സയണിയിലെ ലോക്മന്യ തിലക് ഹോസ്പിറ്റല്‍, താനെയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രി എന്നിവടങ്ങളിലാണ് കിറ്റുകള്‍ നല്‍കിയത്. ഇതോടെ ഇത്തരം ചേരി പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ പേരെ നിയോഗിക്കുവാന്‍ അധികൃതര്‍ക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് ട്രസ്റ്റികള്‍. നിര്‍മയാ ഫൌണ്ടേഷന്റെയും മുംബൈ ആസ്ഥാനമായുള്ള കേശവ് ശ്രുതി ട്രസ്റ്റിന്റെയും സന്നദ്ധപ്രവര്‍ത്തകരാണ് കിറ്റുകള്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറിയത്. അന്ധേരി, ധാരാവി, എന്നിവിടങ്ങളിലെ ചേരികളിലും കോളനികളിലും കൊറോണ സംശയിക്കപ്പെടുന്ന വീടുതോറുമുള്ള പരിശോധനയ്ക്കായി ബിഎംസി രൂപീകരിച്ച മെഡിക്കല്‍ ടീമുകള്‍ക്ക് പിപിഇ കിറ്റുകള്‍ പ്രയോജനപ്പെടും.