ലോക്ക്ഡൗണ്‍: കേസുകളുടെ എണ്ണം കുറഞ്ഞു

Share News

പത്തനംതിട്ട;ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവുവന്നതോടെ ലംഘനങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കുറഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജില്ലയില്‍ ഒരാഴ്ചത്തെ ഇടവേളക്കുശേഷം തുടര്‍ച്ചയായി രണ്ടു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടായത് ആശങ്കാജനകമാണെന്നും, പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നാട്ടിലേക്കു വരുന്ന സാഹചര്യത്തില്‍ ഏവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയുടെ പുറത്തുനിന്നു വരുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ സ്വമേധയാ ഫോണ്‍ മുഖേന വിവരം അറിയിക്കണം.  ക്വാറന്റൈന്‍ ലഘനം നടത്തുന്നുണ്ടോ എന്നുള്ള കാര്യം നിരീക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്വാറന്റൈന്‍ ലഘനം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. കൂടുതല്‍ ആളുകള്‍ പുറത്തുനിന്നും വരും നാളുകളില്‍ എത്തും എന്നുള്ളതിനാല്‍  എല്ലവരും പ്രത്യേകം ശ്രദ്ധിക്കണം. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടത് അനിവാര്യമാണ്. ലോക്ക്ഡൗണ്‍ കാലത്ത് അടച്ചിട്ട ബാറുകളില്‍ നിന്നും മദ്യം പാഴ്സലായി നല്‍കാനുള്ള തീരുമാനം നടപ്പാക്കിയാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ജീവനക്കാരും വാങ്ങാനെത്തുന്നവരും നിയന്ത്രണങ്ങള്‍ ലംഘിക്കാതെ നോക്കും. ബാറുള്ള മേഖലകളില്‍ നിരീക്ഷണം ശക്തമാക്കും. 

       ക്വാറന്റൈനില്‍ കഴിയുന്നവര്‍ സൂക്ഷ്മത പാലിക്കണം. പ്രതിരോധ മരുന്നിന്റെ അഭാവത്തില്‍ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഉള്‍ക്കൊണ്ട് പ്രവര്‍ത്തനം ഉണ്ടാവണം. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. വ്യാപാരകേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും തിക്കും തിരക്കുമുണ്ടാവാതെ നോക്കാനും, അത്യാവശ്യമല്ലാത്ത യാത്രകളും കൂടിച്ചേരലുകളും തടഞ്ഞ് നിയമനടപടി സ്വീകരിക്കാനും പോലീസിന് കര്‍ശന നിര്‍ദേശം നല്‍കി. 

        അനധികൃത പാറ, പച്ചമണ്ണ് തുടങ്ങിയവയുടെ കടത്തും, ചാരായ നിര്‍മാണവും തടയാന്‍ നടപടി സ്വീകരിച്ചു വരുന്നു. പാസോ അനുമതിപത്രമോ ഇല്ലാതെ കരിങ്കല്ല് കടത്തിയതിന് ഇന്നലെ നാലു ടോറസും, ഓരോ ലോറിയും ടിപ്പറും പിടികൂടി നടപടി സ്വീകരിച്ചു. വ്യാഴം വൈകിട്ട് നാലു മുതല്‍ വെള്ളി ഉച്ചയ്ക്കുശേഷം വരെ ജില്ലയില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കു 158 കേസുകളിലായി 158 ആളുകളെ അറസ്റ്റ് ചെയ്യുകയും 118 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു