ലോക്ക് ഡൗണിൽ ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചന

Share News

ന്യൂഡല്‍ഹി:മെയ് 18 മുതലുള്ള നാലാംഘട്ട ദേശീയ ലോക്ക് ഡൗണിൽ ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചന.കർശന നിർദേശങ്ങളോടെ ബസ്, ടാക്സി, ഓട്ടോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഭാഗീകമായി ആരംഭിക്കും. തീവ്രബാധിത പ്രദേശങ്ങളിൽ ഒഴികെ മറ്റ് ഇടങ്ങളില്‍ സാധാരണ ജീവിതം പുന:സ്ഥാപിക്കുന്നതിനായിരിക്കും സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുകയെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനങ്ങള്‍ക്കായിരിക്കും ഹോട്ട്സ്പോട്ട് നിശ്ചയിക്കാനുള്ള അധികാരം. ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ നാലിലൊന്ന് ബസ്, വിമാന സര്‍വീസുകള്‍ ആരംഭിക്കും. നിയന്ത്രിത തോതില്‍ യാത്രാക്കാരെ കയറ്റിക്കൊണ്ട് ടാക്സി, ഓട്ടോ സര്‍വീസുകള്‍ അനുവദിക്കും. ലോക്കല്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകും. പക്ഷെ ബസ്സുകളില്‍ കയറാവുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും.

അതേസമയം, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് വേണമെന്ന നിബന്ധന തുടരും. ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ അടുത്തയാഴ്ചയോടെ തുടങ്ങും. ഓണ്‍ലൈന്‍ ഹോം ഡെലിവെറി അനുവദിക്കും. അവശ്യസാധനങ്ങളുടെ മാത്രം ഹോം ഡെലിവറി എന്നതിലും മാറ്റമുണ്ടാകും.

ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ടൂറിസം മേഖലയുടെ പുനരുജ്ജീവനം കണക്കിലെടുത്ത് മെട്രോ, ലോക്കല്‍ ട്രെയിന്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ എന്നിവ ആരംഭിക്കണമെന്നും ഹോട്ടലുകളും റസ്റ്ററന്‍റുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. ഇവ പരിഗണിക്കാവുന്നതാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

അതേസമയം, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ തുടരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു