വന്ദേ ഭാരത്:12000പേരെ തിരിച്ചെത്തിച്ചതായി കേന്ദ്രം
ന്യൂഡൽഹി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിദേശത്ത് കുടുങ്ങിയ 12,000 ഇന്ത്യക്കാരെ തിരികെ എത്തിച്ചതായി കേന്ദ്ര സർക്കാർ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യമറിയിച്ചത്.
12 രാജ്യങ്ങളിൽ നിന്ന് 56 വിമാനങ്ങളിൽ പൗരന്മാരെ നാട്ടിലെത്തിച്ചു. മാലിദ്വീപിൽ നിന്ന് ഐ.എൻ.എസ് ജലശ്വ, ഐ.എൻ.എസ് മഗർ കപ്പലുകളിൽ കുടുങ്ങി കിടന്നവർ മടങ്ങിയെത്തി. വ്യോമ, ആഭ്യന്തര, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയങ്ങൾ കൂട്ടായാണ് പ്രവർത്തിക്കുന്നതെന്നും വക്താവ് പറഞ്ഞു.
വന്ദേഭാരത് മിഷന്‍റെ രണ്ടാംഘട്ടം മെയ് 16 മുതൽ 22 വരെയാണ്. ഈ ഘട്ടത്തിൽ 31 രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കും. ഇതിനായി 149 വിമാനങ്ങൾ സർവീസ് നടത്തും. 1,88,646 പേർ മടങ്ങിവരാനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.