
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ബാധയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വാര്‍ത്തയുടേയും യഥാര്‍ത്ഥ്യം പരിശോധിച്ച് ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. മാധ്യമങ്ങളുടെ സഹായവും ഇതിനായി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതിന് അറുതിയില്ലാത്ത സ്ഥിതിയാണുള്ളത്. കേരളത്തില്‍ കൊവിഡ് സാമൂഹ്യ വ്യാപനത്തില്‍ എത്തി എന്നത് വ്യാജപ്രചാരണമാണ്. പല കേന്ദ്രങ്ങളില്‍നിന്നും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ചാത്തന്നൂരില്‍ വലിയ തോതില്‍ രോഗം പടരുന്നെന്നുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ ഒരവസ്ഥയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് അനിയന്ത്രിതമായിട്ടൊന്നും സംഭവിക്കുന്നില്ല. എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. അബദ്ധത്തില്‍പോലും മറ്റു മാധ്യമങ്ങളും ഇത്തരംകാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ മുഖ്യമന്ത്രി പറഞ്ഞു.