ശ്മശാനജീവിതങ്ങൾ / സെമിത്തേരിയിൽ താമസിക്കുന്നവരെക്കുറിച്ച്.

Share News

ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിലെ മനില നോർത്ത് സെമിത്തേരിയിൽ മരിച്ചടക്കിയവരെക്കൂടാതെ ധാരാളം ജീവിച്ചിരിക്കുന്നവരുമുണ്ട്. ലോകത്തെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നാണ് മനില. ഗ്രാമങ്ങളിൽ നിന്നും തൊഴിലന്വേഷിച്ച് നഗരങ്ങളിലേക്കെത്തുന്നവർ പണിയൊന്നും കിട്ടാതെ വരുമ്പോൾ താമസിക്കാൻ ഇടമില്ലാതെ ശ്മശാനത്തിലെത്തിയവരും അവരുടെ പിന്മുറക്കാരുമാണ് ഇവരിൽ മിക്കവരും. കഴിഞ്ഞ 60-70 കൊല്ലമായി ഇങ്ങനെ എത്തിയവർ തിങ്ങിനിറഞ്ഞ് ഇന്ന് ആയിരക്കണക്കിനു കുടുംബങ്ങളിലായി പതിനായിരത്തോളം ആൾക്കാർ ഈ സെമിത്തേരിയിൽ ജീവിക്കുന്നു, ജീവിക്കാൻ വേണ്ട അടിസ്ഥാനസൗകര്യങ്ങൾ മിക്കതും ഇല്ലാതെ. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഫിലിപ്പൈൻസിലെത്തിയപ്പോൾ ജപ്പാന്റെ ജനറൽ യമാഷിത ആയുധം പോലുമില്ലാതെ പോരാടിയ രണ്ടായിരത്തോളം ഫിലിപ്പൈൻസുകാരെ കൂട്ടക്കൊല നടത്തിയ ഇടമാണിത്.133 ഏക്കർ വിസ്താരമുണ്ട് ഈ സെമിത്തേരിക്ക്. സാമ്പത്തികമായി തീരെതാണനിലയിലുള്ളവരാണ് ഇവിടത്തെ താമസക്കാർ. ജീവിക്കാൻ വേണ്ടി കുട്ടികൾ ശവപ്പെട്ടി ചുമക്കുന്നു, ആക്രി പെറുക്കുന്നു, സെമിത്തേരിയിലെ സമ്പന്നരെ അടക്കുന്ന ഇടങ്ങളിൽ ശവകുടീരങ്ങൾ പരിപാലിച്ചുകിട്ടുന്ന കാശുകൊണ്ട് ജീവിക്കാൻ ശ്രമിക്കുന്നു. തിരക്കുള്ള നഗരമായതിനാൽ ഒരു കല്ലറ അഞ്ചുവർഷത്തേക്കുമാത്രമാണ് വാടകയ്ക്കു കിട്ടുക, നീട്ടിക്കിട്ടണമെങ്കിൽ പിന്നെയും കാശുകൊടുക്കണം, ഇല്ലെങ്കിൽ അതുതുറന്ന് എല്ലുകൾ എടുത്ത് കത്തിക്കാനായി കൊണ്ടുപോകും, കല്ലറ അടുത്തയാൾക്ക് കൊടുക്കും. ഈ അവസരങ്ങളിൽ കല്ലറ ഒഴിവാക്കിക്കൊടുക്കുന്ന പണികൾ ചെയ്യുന്നതും കുഴികൾ എടുക്കുന്നതും കല്ലറയ്ക്കുമുകളിൽ വയ്ക്കാനുള്ള ഫലകങ്ങൾ ഉണ്ടാക്കുന്നതും ഇവിടെ ജീവിക്കുന്നവരാണ്.80-100 ശവസംസ്കാരങ്ങളാണ് ഓരോ ദിവസവും ഇവിടെ നടക്കുന്നത്. സംസ്കാരത്തിനുവരുന്നവർക്ക് പൂക്കൾ വിറ്റും, ശവപ്പെട്ടികൾ ഉണ്ടാക്കിയും കിട്ടുന്ന ചില്ലറകൾ ആണ് ഇവരുടെ മുഖ്യവരുമാനം. കല്ലറയ്ക്കുമുകളിലാണ് വെപ്പും കുടിയും കിടപ്പും ജീവിതവുമെല്ലാം. വെള്ളമോ വൈദ്യുതിയോ കിടപ്പാടമോ മിക്കവർക്കും ഇല്ല. എപ്പോൾ വേണമെങ്കിലും മയക്കുമരുന്നുവേട്ടയ്ക്കായെന്ന പേരിൽ പോലീസെത്താം, സംശയം തോന്നുന്നവരെ വെടിവച്ചുകൊല്ലാം. പണിയൊന്നുമില്ലാതെ ശ്മശാനങ്ങളിൽ ജീവിക്കുന്നവർ ക്രിമിനൽ പണിക്കുപോകുന്നുവെന്നാണ് പോലീസിന്റെ ഭാഷ്യം. അവിടത്തെ താമസക്കാർ നഗരത്തിന്റെ മേയറോട് സ്കൂളിനും ബാത്റൂം സൗകര്യങ്ങൾക്കും ഒരു പള്ളിക്കുമെല്ലാം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അതൊന്നും കിട്ടിയിട്ടില്ല, സ്കൂളുകൾ ഇല്ലാത്തതിനാൽ അവിടത്തെ കുട്ടികളെ അവർ തന്നെ പഠിപ്പിക്കുന്നു.ഇപ്പോൾ അവിടെ ജീവിക്കുന്ന പലരും മറ്റാൾക്കാരുടെ ശവകുടീരങ്ങളുടെ മുകളിൽ താമസിക്കുന്നതോടൊപ്പം അവ സംരക്ഷിക്കുന്നപ്രവൃത്തിയും ചെയ്യുന്നുണ്ട്. അതിനുകിട്ടുന്ന കാശാണ് പലരുടെയും വരുമാനം. വിശിഷ്ടദിവസങ്ങളിലും ധാരാളം ആൾക്കാർ ശവകുടീരങ്ങൾ സന്ദർശിക്കുന്ന അവസരങ്ങളിലും ഇവർ അവിടുന്നു മാറിക്കൊടുക്കും. മറ്റവസരങ്ങളിൽ സെമിത്തേരി കാണാൻ വരുന്നവരുടെ ഗൈഡായി ജോലിചെയ്യും. പ്രസിദ്ധരുടെ ശവകുടീരങ്ങൾ കൊണ്ടുപോയി കാണിച്ചുകൊടുക്കും, സ്ഥലത്തിന്റെ ചരിത്രം വിവരിച്ചുകൊടുക്കും. തിരക്കുള്ള സീസണിൽ വരുന്നവർക്കായി സെമിത്തേരിയിൽത്തന്നെ പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിൽക്കുന്ന താൽക്കാലിക വിൽപ്പനശാലകൾ ഉണ്ടാക്കും, അവർക്ക് ടോയിലറ്റുകൾ വാടകയ്ക്ക് കൊടുക്കും. അവിടെയുള്ളവർക്കെല്ലാം മികച്ച മറ്റൊരിടത്തേക്ക് മാറണമെന്നുണ്ട്, അവിടെ നിന്നും അവരെ ഒഴിപ്പിക്കണമെന്ന് നഗരസഭയ്ക്കുമുണ്ട്, ഏതായാലും രണ്ടും നടക്കുന്നില്ല. ആട്ടേ നിങ്ങൾ ജീവിക്കുന്ന ഇടത്തെപ്പറ്റി നിങ്ങൾക്ക് പരാതികളുണ്ടോ?© വിനയ് രാജ് .വി.ആർ /ശ്രീ പി വി ആൽബി ഫേസ്ബുക്കിൽ നൽകിയത് .നമ്മുടെ ചിന്തകൾ ഉണരട്ടെ ,ജീവിതത്തെ വിലയിരുത്താം .

Share

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു