ആണ്‍കുട്ടികള്‍ ഒന്നര ലക്ഷം രൂപയ്ക്ക്, അറുപതിനായിരം രൂപയ്ക്ക് പെണ്‍കുട്ടികള്‍: ദത്തെടുത്ത കുട്ടികളെ വില്‍ക്കുന്ന സംഘം പിടിയിൽ

Share News

മുംബൈ: ദത്തെടുത്ത കുഞ്ഞുങ്ങളെ വിറ്റ് പണമുണ്ടാക്കുന്ന വന്‍ സംഘത്തെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടി . ആറു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന അമ്മമാരെ കെണിയിലാക്കിയാണു സംഘം കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നത്. പെണ്‍കുട്ടികളെ 60,000 രൂപയ്ക്കും ആണ്‍കുട്ടികളെ 1.50 ലക്ഷത്തിനുമാണു വില്‍പ്പന നടത്തിയത്.

കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തില്‍ നാല് കുട്ടികളെ വിറ്റതായി അന്വേഷണ സംഘം കണ്ടെത്തി.
രുഖ്‌സര്‍ ഷെയ്ഖ് എന്ന സ്ത്രീയെ കിഴക്കന്‍ ബാന്ദ്രയില്‍ നിന്നും പിടികൂടി ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് ഷാജഹാന്‍ ജോഗില്‍കര്‍, രൂപാലി ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ കൂടി പിടിയിലാകുകയായിരുന്നു. ഹീന ഖാന്‍, നിഷ ആഹിരെ തുടങ്ങിയ ഇടനിലക്കാരെയും പിന്നീട് അന്വേഷണ സംഘം പിടികൂടി.

2019ല്‍ തന്റെ പെണ്‍കുഞ്ഞിനെ 60,000 രൂപയ്ക്കും അടുത്തിടെ ജനിച്ച ആണ്‍കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്കും വില്‍ക്കാന്‍ രൂപാലി സഹായിച്ചതായി രുഖ്‌സര്‍ ഷെയ്ഖ് പറഞ്ഞു.

ധാരാവിയിലെ കുടുംബത്തിന് 60,000 രൂപയ്ക്കു തന്റെ ആണ്‍കുഞ്ഞിനെ വിറ്റതായി ജോഗില്‍ക്കറും സമ്മതിച്ചു. രുഖ്‌സര്‍ ഷെയ്ഖ്, നിഷ അഹിര്‍, ഹീന ഖാന്‍, ആരതി സിങ്, രൂപാലി വര്‍മ, ഗീതാഞ്ജലി ഗെയ്ക്‌വാദ്, ഷാജഹാന്‍ ജോഗില്‍ക്കര്‍, സഞ്ജയ് പദം എന്നിവര്‍ക്കെതിരെ കേസെടുത്തു. മനുഷ്യക്കടത്ത്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Share News