സുഭിക്ഷ കേരളത്തിനായി തണ്ണീര്‍മുക്കത്തിന്റെ 2 കോടി രൂപയുടെ പദ്ധതി
ആലപ്പുഴ : കാര്‍ഷിക- മത്സ്യ, മൃഗസംരക്ഷണ, ക്ഷീര കര്‍മ്മപദ്ധതികൾ, തൊഴിലുറപ്പ് എന്നിവയെ സംയോജിപ്പിച്ചുള്ള രണ്ട് കോടിയുടെ പുതിയ സംയോജിത പദ്ധതിക്ക് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അംഗീകാരം നല്‍കി.
മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് അടിയന്തിരമായി പഞ്ചായത്ത് യോഗം ചേർന്ന് സംയോജിത പദ്ധതികള്‍ക്ക് പ്രത്യേക അനുമതി നല്‍കിയത്. കാര്‍ഷിക രംഗത്ത് 50 ലക്ഷം രൂപയുടെ പദ്ധതികളും മൃഗസംരക്ഷണ, ക്ഷീര പദ്ധതികളില്‍ 50 ലക്ഷം രൂപയുടെ പദ്ധതികളും മത്സ്യ മേഖലയില്‍ ഒരു കോടി രൂപയുടെ പദ്ധതികള്‍ക്കുമാണ് തുടക്കമാകുന്നത്.
കാര്‍ഷിക മേഖലയില്‍ നെല്‍കൃഷിയും വീട് ഒന്നിന് നൂറിലധികം പച്ചക്കറി തൈകൾ, കപ്പ, ചേന, വാഴവിത്തുകള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഇതോടൊപ്പം സംയോജിത പദ്ധതിയായ ഹരിത ഭവനവും ഗ്രാമചന്തകളും കര്‍ഷകര്‍ക്കാവശ്യമായ സ്പ്രെയറുകളും ജൈവ വളവും നൽകും. സസ്യസംരക്ഷണ ക്ലിനിക്കുകളും റിട്ടേഡ് കൃഷി ഓഫീസര്‍മാരായ റ്റി.പി ചന്ദ്രമതി, റ്റി.എസ് വിശ്വന്‍, ഷാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കര്‍ഷക അവാര്‍ഡ് ജേതാക്കള്‍ അടങ്ങുന്ന കൃഷി പാഠശാലയും തുടങ്ങും.
മത്സ്യ മേഖലയില്‍ കരിമീന്‍ കൃഷിക്കായുളള അടുക്കള കുളം പദ്ധതി, കുളം ഒരുക്കുന്നവര്‍ക്ക് കരിമീന്‍ വിതരണം, ബയോ ഫ്‌ളോക്ക് ശുദ്ധജല മത്സ്യ കൃഷി, പൊതു കുളങ്ങള്‍ വൃത്തിയാക്കി മത്സ്യ കൃഷി, കൂടിലുളള മത്സ്യ കൃഷി, ശുദ്ധജല മത്സ്യകൃഷി, വേമ്പനാട് കായൽ സംരക്ഷണ പദ്ധതി എന്നിവയും മൃഗ സംരക്ഷണമേഖലയില്‍ ഫാമുകള്‍, തൊഴുത്തുകളുടെ നവീകരണം, കറവ യന്ത്രം, ചാണക പിറ്റ് എന്നിവയോടൊപ്പം മുട്ടക്കോഴി, താറാവ്, കാട, കല്ലുമ്മേക്കായ കൃഷി, മില്‍മ യൂണിറ്റുകള്‍, മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ വിപണനം , ബയോഗ്യാസ് പ്ലാന്റ്, ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയും മുഴുവന്‍ വീടുകളിലും സോക്ക്പിറ്റ് നിര്‍മ്മാണവും നടത്തും.
പഞ്ചായത്ത് കോൺഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സൺമാരായ രമാമദനന്‍, സുധര്‍മ്മസന്തോഷ്, ബിനിത മനോജ്, അംഗങ്ങളായ കെ.ജെ സെബാസ്റ്റ്യന്‍ , സനല്‍നാഥ്, സാനുസുധീന്ദ്രന്‍, രമേഷ്ബാബു, പഞ്ചായത്ത് സെക്രട്ടറി പി.സി സേവ്യര്‍, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.