
മദ്യം പാഴ്സലിൽ നല്‍കും, വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ അനുമതി നൽകി
തിരുവനന്തപുരം:കേരളത്തിലെ ബാറുകളിൽ പാഴ്സൽ സംവിധാനത്തിൽ മദ്യം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.മദ്യവിൽപന നടത്തുന്നതിനായുള്ള വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ അനുമതി നല്കി. ബാറുകളില്‍ ഓണ്‍ലൈന്‍ ടോക്കണും നല്‍കും.
മദ്യശാലകള്‍ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ തിരക്കു നിയന്ത്രിക്കുന്നതിനായി ഓണ്‍ലൈന്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള സംവിധാനമൊരുക്കാന്‍ ബിവറേജസ് കോര്പറേഷന് നേരത്തെ സ്റ്റാര്‍ട്ടപ് മിഷനെ സമീപിച്ചിരുന്നു.പണം മുന്‍കൂറായി അടച്ച് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനമാണ് ബെവ്കോ ഒരുക്കുന്നത്.
എല്ലാ ബിവറേജസ് ഔട്ട് ലെറ്റുകളുടേയും വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തും. പിൻകോഡ് അനുസരിച്ചാകും ബിവ്റേജസ് ഷോപ്പുകൾ ആപ്പിൽ കാണിക്കുക. എസ്എംഎസ് വഴിയാകും തുടർ നടപടികൾ. ഒരാൾ ഒരിക്കൽ മദ്യം ബുക്ക് ചെയ്താൽ പിന്നീട് അഞ്ച് ദിവസം കഴിഞ്ഞേ ബുക്കിങ്ങ് അനുവദിക്കാവു . ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽനിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകുന്ന തരത്തിലാണ് സംവിധാനം
അതെസമയം, മദ്യത്തിനും വിലകൂട്ടാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മദ്യത്തിന് പത്ത് മുതല്‍ 35 ശതമാനം വരെ നികുതിയാണ് കൂടുന്നത്. മദ്യത്തിന് അധിക നികുതി ചുമത്തുന്നതോടെ 700 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ