അനുകമ്പയും പ്രതിരോധവും തീർത്ത് കൊല്ലത്ത് മത്സ്യത്തൊഴിലാളി സാമൂഹ്യ സംഘടനയായ എഫ്. സി. ഡി. പി യും
കൊറോണ കാലത്ത് അനുകമ്പയും പ്രതിരോധവും തീർത്ത് കൊല്ലത്ത് മത്സ്യത്തൊഴിലാളി സാമൂഹ്യ സംഘടനയായ എഫ്. സി. ഡി. പി യും
കൊറോണ വൈറസിന്റെ ആരംഭ ഘട്ടത്തിൽ തന്നെ കൊല്ലം തീരദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിൽ FCDP പ്രവർത്തനം ആരംഭിച്ചു. FCDP യുടെയും തീരദേശ മഹിളാ സൊസൈറ്റിയുടെയും നേതൃത്യത്തിലുള്ള 180-ൽ പരം വരുന്ന സ്വാശ്രയ സംഖ്യങ്ങളിലെ ലീഡേഴ്സിനും അംഗങ്ങൾക്കും ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളോടെ ആയിരുന്നു FCDP യുടെ കൊറോണ വിരുദ്ധ പ്രവർത്തനങ്ങളുടെ തുടക്കം. സ്വാശ്രയ സംഖ്യങ്ങളിലെ ലീഡേഴ്സിന് മാത്രമായി ഫെബ്രുവരി 12, മാർച്ച് 14 തീയതികളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്യത്തിൽ പരിശീലന പരിപാടികൾ നടത്തി. ഇതിലൂടെ ലോക്കഡൗണിന് മുൻപ് തന്നെ കൊല്ലം തീരദേശത്തെ ജനങ്ങൾക്കിടയിൽ കോറോണയെ പറ്റിയും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും നടത്താൻ സംഘടനയ്ക്ക് സാധിച്ചു.
രണ്ടാം ഘട്ടത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ എഫ്. സി. ഡി. പി യുടെ നേതൃത്യത്തിൽ മാർച്ച് 17 മുതൽ തീരദേശ സ്ത്രീകളുടെ സഹായത്തോടെ മുഖാവരണനിർമാണം ആരംഭിച്ചു. മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും മാസ്‌കുകളുടെ ലഭ്യത കുറവായ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തിലെ വനിതാ അംഗങ്ങൾക്ക് ലോക്ക്ഡൗൺ കാലത്ത് ഉപജീവനമാർഗമായാണ് എഫ്.സി.ഡി.പി മുഖാവരണനിർമാണം ആരംഭിച്ചത്. എഫ്.സി.ഡി.പി യിലെ പ്രവർത്തകർ സന്നദ്ധപ്രവർത്തകരുടെ വീടുകളിലേക്ക് മുഖാവരണ നിർമാണത്തിന് ആവശ്യമായ തുണിത്തരങ്ങൾ എത്തിക്കുകയും കൂടാതെ ഡോൺ ബോസ്കോ ടൈലറിംഗ് യൂണിറ്റ്, എഫ്. സി. ഡി. പി, തീരദേശ മഹിളാ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിലെ അംഗങ്ങളുമാണ് വിലകുറഞ്ഞതും അതേ സമയം വീണ്ടും ഉപയോഗിക്കാവുന്നതുമായ മുഖാവരണങ്ങൾ നിർമ്മിച്ചു നൽകിയത്ത്. പോർട്ട് കൊല്ലത്തിലെ മത്സ്യത്തൊഴിലാളികൾക്ക് “തീരാസംരക്ഷണ സമിതി” വഴി 100 മാസ്കുകൾ വിതരണം ചെയ്ത് കൊണ്ടു തുടങ്ങിയ എഫ്.സി.ഡി.പി യുടെ ഈ ഇടപെടൽ ഇന്ന് ഒരു പരിധി വരെ കൊല്ലം ജില്ലയിലെ ആവശ്യക്കാർക്ക് മുഖാവരണം തുച്ഛമായ വിലയിൽ (8 രൂപ 10 രൂപ, 12 രൂപ നിരക്കിൽ) ലഭ്യമാക്കുവാൻ സഹായിക്കുന്നു. നാളിതുവരെ 60000 ൽ പരം മാസ്കുകൾ നിർമ്മിച്ചു നൽകി. അതിൽ തന്നെ 20000 – ൽപ്പരം മുഖാവരണങ്ങൾ ഇതുവരെ മത്സ്യത്തൊഴിലാളി സമൂഹത്തിനും വിവിധ സ്ഥാപനങ്ങൾക്കും, ആരോഗ്യ, സാമൂഹിക വകുപ്പുകളിലേക്കും സൗജന്യമായി നൽകുകയും ചെയ്തു എന്ന ചാരിതാർഥ്യത്തിലാണ് എഫ്. സി. ഡി. പി.
കൊറോണ ദുരിതാശ്വാസ പ്രവർത്തങ്ങളുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം തീരദേശത്തെ നാനൂറ്റമ്പതോളം (450) കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റുകളും എണ്ണൂറിൽപരം (800) അന്യസംസ്ഥാന തൊഴിലാളികൾക്ക് അവശ്യ സാധന സാമഗ്രികളും നൽകി. ലോക്ക് ഡൗൺ കാലഘട്ടത്തിൽ ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു കൈത്താങ്ങായാണ് എഫ്. സി. ഡി. പി ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തത്. വിഷു ദിനത്തിൽ കൊല്ലം നഗരത്തിൽ മികച്ച സേവനം നടത്തി വരുന്ന 34 ട്രാഫിക് വാർഡൻമാർക്ക് ലോക്ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ പലചരക്ക് കിറ്റുകൾ വിതരണം ചെയ്യുകയുണ്ടായി.
കൊല്ലം തീരദേശത്തെ നിർദ്ധനരും അശരണരുമായ 100 മാതാപിതാക്കൾക്ക് ദിവസേന ഉച്ചഭക്ഷണവും നഴ്സിങ് പരിചരണവും നൽകുന്ന പദ്ധതിയാണ് എഫ്. സി. ഡി പി യുടെ നേതൃത്വത്തിൽ 2017 ഓഗസ്റ്റ് മുതൽ ആരംഭിച്ച ‘വിശപ്പിനു വിട’. രണ്ടുമാസത്തിലധികമായി ‘വിശപ്പിനു വിട’ യുടെ ഭാഗമായി ദിവസേന നൽകി വരുന്ന നൂറ് ഭക്ഷണപ്പൊതികൾക്ക് പുറമെ ഇരുപത്തഞ്ച് ആളുകൾക്ക് കൊറോണ പ്രവർത്തങ്ങളുടെ ഭാഗമായി അവരുടെ വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകുന്നു. നാളിതു വരെ 1400 ൽ പരം ഭക്ഷണ പൊതികൾ കൊറോണയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നൽകുവാൻ എഫ്. സി. ഡി. പി. ക്ക് സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്. ഡോൺ ബോസ്കോ ബ്രെഡ്സ് ബാംഗ്ലൂർ, അഭ്യുദയകാംക്ഷികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെ ഏകോപിച്ചു കൊണ്ടാണ് ഇത്തരം പ്രവർത്തങ്ങൾ എഫ്.സി.ഡി.പി. നടത്തുന്നത്.