
പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച
മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച (മെയ് 20ന്) പുറപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബ്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.ഒരു സംസ്ഥാനത്തു നിന്നും അല്ലെങ്കില്‍ ഒരു പ്രത്യേക സ്റ്റേഷനില്‍ നിന്നും 1200 യാത്രക്കാര്‍ ആകുന്ന മുറയ്ക്കാണ് റെയില്‍വെ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്ത് യാത്രക്കാരുടെ സൗകര്യരാര്‍ത്ഥം ആവശ്യമെങ്കില്‍ ഒരു സ്റ്റോപ്പുകൂടി അനുവദിക്കണമെന്ന് റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.വിദേശരാജ്യങ്ങളില്‍ ഇന്നുമുതല്‍ ജൂണ്‍ 2 വരെ 38 വിമാനങ്ങള്‍ സംസ്ഥാനത്തേയ്ക്ക് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്നും എട്ട് വിമാനങ്ങളും, ഒമാനില്‍ നിന്നും ആറ് വിമാനങ്ങളും, സൗദി അറേബ്യയില്‍ നിന്നും 4 വിമാനങ്ങളും, ഖത്തറില്‍ നിന്നും മൂന്നും, കുവൈറ്റില്‍ നിന്നും രണ്ടും വിമാനങ്ങള്‍ കേരളത്തിലെത്തും. ബഹ്റൈന്‍, ഫിലിപൈന്‍സ്, മലേഷ്യ, യുകെ, യുഎസ്എ, ആസ്ട്രേലിയ, ഫ്രാന്‍സ്, ഇന്തോനേഷ്യ, അര്‍മേനിയ, താജിക്കിസ്ഥാന്‍, ഉക്രയിന്‍, അയര്‍ലാന്‍റ്, ഇറ്റലി, റഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ വിമാനങ്ങളും കേരളത്തിലെത്തും. 6530 യാത്രക്കാര്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്മുഖ്യ മന്ത്രി അറിയിച്ചു .