ക്രിസ്തു ചിന്തകൾ

Share News

ഫാ. ജേക്കബ് പുതുശ്ശേരി

മദ്യപാനം

കോവിഡ് 19 പടർന്നു പിടിക്കാൻ തുടങ്ങിയപ്പോൾ സാമൂഹിക വ്യാപനം തടയാനായി ജനങ്ങൾ ഒത്തു കൂടുന്ന സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. ആരാധനാലയങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ പാടില്ല എന്ന് നിബന്ധന വന്നു; സിനിമ തിയറ്ററുകളും മാളുകളും അടച്ചു. പൊതു ഗതാഗതം നിർത്തലാക്കി, എല്ലായിടത്തും ലോക് ഡൗൺ ആരംഭിച്ചു, അവസാനമെന്നോണം ബിവറേജസുകളും പൂട്ടി. അത് വലിയ ചർച്ചക്കും വിഷയമായി. മദ്യപാനികളെ രോഗികളായി കണ്ടു ഡോക്ടർമാരുടെ കുറുപ്പടിയോടെ മദ്യം നൽകാൻ തീരുമാനമായി. പിന്നീട് അത് കോടതി ഇടപെട്ടു നിറുത്തി. പുനരധിവാസം, ഡീ അഡിക്ഷൻ തുടങ്ങി വലിയ പ്രശ്നങ്ങൾ എന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ഇപ്പോൾ ആർക്കും വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോകുമ്പോൾ ബൈബിൾ മദ്യപാനത്തെക്കുറിച്ചു എന്ത് പറയുന്നു എന്ന് അറിയുന്നത് നല്ലതായിരിക്കും.

ഇസ്രായേൽ ജനത്തിനിടയിൽ മദ്യപാനം ഉണ്ടായിരുന്നു. തിരുനാൾ ആഘോഷങ്ങളിലും സദ്യകളിലുമൊക്കെ മദ്യം വിളമ്പുമായിരുന്നു. ദാവീദ്‌ രാജാവ് ഉറിയായെ ലഹരി നൽകി മത്തുപിടിപ്പിക്കാൻ ശ്രമിച്ചത് 2 സാമുവേൽ 11, 13 ൽ വിവരിക്കുന്നുണ്ട്. സത്കാരങ്ങളുലും ആഹ്ലാദ പ്രകടനങ്ങളിലും വീഞ്ഞും മറ്റു ലഹരി പാനീയങ്ങളും ഉപയോഗിച്ചിരുന്നു. “വീഞ്ഞു സത്‌കാരവേളയിൽ അയല്‍ക്കാരനെ ശാസിക്കരുത്‌;
ആഹ്ലാദ പ്രകടനങ്ങളിൽ അവനെ നിന്‌ദിക്കുകയും ചെയ്യരുത്‌;
അവനെ ശകാരിക്കുകയോ നിര്‍ബന്‌ധിക്കുകയോ അരുത്‌. (പ്രഭാഷകൻ 31, 31). ലഹരി പാനീയങ്ങളുടെ പിന്നാലെ പാഞ്ഞു സുബോധം നഷ്ടപെടുത്തുന്നവർക്കെതിരെ ദൈവത്തിന്റെ വചനങ്ങൾ ഏശയ്യാ പ്രവാചകൻ ഉരുവിടുന്നത് കാണാം. “ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
(ഏശയ്യാ 5, 11). “വീഞ്ഞുകുടിക്കുന്നതില്‍ വീരന്‍മാരും വിവിധതരം മദ്യം കൂട്ടിക്കലര്‍ത്തുന്നതില്‍ വിരുതന്‍മാരും ആയവര്‍ക്കു ദുരിതം! (ഏശയ്യാ 5, 22). ദൈവത്തിന്റെ നീതിയും സാഹോദര്യവും തകർക്കുന്നവർക്കെതിരെ കർത്താവിന്റെ വചനങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് പ്രവാചകൻ ഇത് പറയുന്നത്.

“അവര്‍ പറയുന്നു: വരൂ, പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു ലഹരിപാനീയങ്ങള്‍ നിറയെ കുടിക്കാം; നാളെയും അളവില്ലാതെ കുടിക്കാം. (ഏശയ്യാ 56, 12). പ്രവാസത്തിൽ നിന്നും തിരിച്ചെത്തിയവർ പ്രതീക്ഷ നശിച്ചു ധാർമ്മീക അധഃപതനവും ആഭ്യന്തര കലഹങ്ങളും കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവാചകൻ ഈ വാക്കുകൾ പറയുന്നത്. ജനത്തെ ധാർമ്മീക അധഃപതനത്തിലേക്കു തള്ളിവിടുന്ന മദ്യപാനത്തിനെതിരെ തന്നെയാണ് പ്രവാചകൻ സംസാരിക്കുന്നത്.

ജോയേൽ പ്രവാചകനു ലഭിച്ച അരുളപ്പാടു വിവരിച്ചു തുടങ്ങുന്നത് തന്നെ വൃദ്ധരോട് ശ്രദ്ധിക്കുവാനും ദേശവാസികളോട് ചെവിക്കൊള്ളുവാനും ആവശ്യപ്പെട്ടുകൊണ്ടാണ്. അത് പറയാൻ പോകുന്ന കാര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. വൃദ്ധർ എന്ന് പറയുന്നകൂട്ടർ പ്രായത്തിൽ വൃദ്ധർ ആകണമെന്നില്ല. അനുഭവ സമ്പത്തുള്ളവരും പ്രായത്തിന്റെ പരിചയമുള്ളവരും ഭരണത്തിലും നേതൃത്വത്തിലും ഇരിക്കുന്നവരും ആയവരെ ആണ് ഉദ്ദേശിക്കുന്നത് എന്ന് കരുതാം. പ്രവാചകൻ പറയുന്നത് ഇതാണ്: “മദ്യപന്മാരേ ഉണര്‍ന്നു വിലപിക്കുവിന്‍; വീഞ്ഞു കുടിക്കുന്നവരേ, നെടുവീർപ്പിടുവിൻ. മധുരിക്കുന്ന വീഞ്ഞു നിങ്ങളുടെ അധരങ്ങളില്‍നിന്നു തട്ടിമാറ്റിയിരിക്കുന്നു. (ജോയേല്‍ 1, 5). വെട്ടുകിളികൾ വന്നു പച്ചയായതു മുഴുവൻ തിന്നു തീർത്തപ്പോൾ മുന്തിരി ചെടികൾ നശിപ്പിക്കപ്പെടുകയും മുന്തിരി ഇല്ലാതാകുകയും ചെയ്തു. ആയതിനാൽ വീഞ്ഞ് ഇല്ലാതായി. ലഹരിയുള്ള വീഞ്ഞ് മാത്രമല്ല സാധാരണ പാനീയമായ വീഞ്ഞും മധുരമുള്ള വീഞ്ഞും ലഹരിയുള്ള വീഞ്ഞും ലഭിക്കാതായി. അതാണ് വീഞ്ഞു നിങ്ങളുടെ അധരങ്ങളില്‍നിന്നു തട്ടിമാറ്റിയിരിക്കുന്നു എന്ന് പ്രവാചകൻ പറയുന്നത്. ഇസ്രയേലിന്റെ അവിശ്വസ്തതക്ക് ദൈവം നൽകുന്ന ശിക്ഷയെ വെട്ടുക്കിളിയുടെ ഉപമയിലൂടെ അവതരിപ്പിക്കുന്നുണ്ട് പഴയ നിയമത്തിൽ. വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ പ്രകോപിപ്പിക്കുകയും ചെയ്യുമ്പോഴാണ് സങ്കീർത്തകൻ ഇങ്ങനെ പറയുന്നത്: “അവരുടെ വിളവുകള്‍ കമ്പിളി പുഴുവിനും
അവരുടെ അദ്ധ്വാന ഫലം വെട്ടുകിളിക്കും വിട്ടുകൊടുത്തു”.
(സങ്കീര്‍ത്തനങ്ങള്‍ 78, 46) ദൈവത്തിന്റെ മണ്ണിൽ മനുഷ്യന്റെ അതിക്രമങ്ങൾക്കുള്ള പ്രതികരണമായി പ്രകൃതി ദുരിതങ്ങളെ കാണുമ്പോൾ മനുഷ്യന്റെ വിലാപം അവന്റെ മാനസാന്തരത്തിലേക്കു നയിക്കണം എന്നാണ് സങ്കീർത്തകൻ പറയുന്നത്.

“അനീതി പ്രവൃത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്‌. അസന്‍മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവർഗഭോഗികളും കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരജ്യം അവകാശമാക്കുകയില്ല.
1 കോറി 6, 9-10) അനീതി സഹിക്കണമെന്നും ദ്രോഹം ക്ഷമിക്കണമെന്നും പറയുന്ന പൗലോസ് ശ്ലീഹ ഇതാണ് കുരിശിൽ കാണുന്ന, ക്രിസ്ത്യാനിയുടെ മാർഗം എന്ന് പഠിപ്പിക്കുന്നു. കാരണം അനീതിയും വഞ്ചനയും സഹിക്കുമ്പോൾ അനീതിപരമായി കുരിശിൽ തറക്കപെട്ട യേശുവിനോടു ചേരുകയാണ് നാം എന്ന് അപ്പസ്തോലൻ പറയുന്നു. ദൈവരാജ്യം അവകാശമാക്കിലാത്തവരുടെ കൂട്ടത്തിലാണ് മദ്യപന്മാർ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ആത്മീയതക്ക് എതിരായ ജഡത്തിന്റെ മോഹങ്ങളുടെ പട്ടിക വിവരിക്കുന്ന പൗലോസ് അപ്പസ്തോലൻ മദ്യപാനം ജഡമോഹങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
“ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
ഗലാത്തിയാ വിഗ്രഹാരാധന, ആഭിചാരം, ശത്രുത , കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത,വിദ്വേഷം , മദ്യപാനം മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവർത്തികളുമാണ്‌. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലന്നു മുമ്പ് ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു.”
(ഗലാത്തിയാ 5, 19/21).

ദൂഷ്യ ഫലങ്ങൾ

സുഭാഷിതങ്ങൾ ഇരുപത്തി മൂന്നാം അദ്ധ്യായം മദ്യപാനത്തിന്റെ ദൂഷ്യ ഫലങ്ങൾ വിവരിക്കുന്നുണ്ട്. പത്തൊൻപതാം വാക്യം മുതലാണ് അത് വിവരിച്ചിട്ടുള്ളത്. മദ്യപിക്കുന്നവർക്കു പട്ടിണിയും കീറത്തുണിയുമാണ് ലഭിക്കുക എന്ന് പറയുന്നു. ആത്മീയ തലത്തിലും ഭൗതീക തലത്തിലും അനുഭവപ്പെടാവുന്ന ദാരിദ്ര്യത്തിലേക്കാണ് ഈ വാക്കുകൾ നമ്മെ കൊണ്ടെത്തിക്കുന്നത്.
“ദുരിതവും ദുഃഖവും കലഹവും ആവലാതിയും ആര്‍ക്കാണ്‌?
ആര്‍ക്കാണ്‌ അകാരണമായ മുറിവുകള്‍?ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്‌? വീഞ്ഞു കുടിച്ചു സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചി പരീക്‌ഷിക്കുന്നവര്‍ക്കും തന്നെ.
(സുഭാഷിതങ്ങള്‍ 23, 29-30). മദ്യപാനികളുടെ ജീവിതത്തിൽ ഒഴിയാത്ത ദുരിതത്തിനും ദുഖത്തിനും ഇടയാകും എന്നും കലഹവും ആവലാതിയും ഉണ്ടാകും എന്നും വ്യക്തമാക്കുന്നു. അതിനു കാരണം മനുഷ്യന്റെ ബുദ്ധിശക്തിയും സദാചാര ബോധവും തകർക്കാൻ കഴിയുന്ന പ്രവർത്തിയാണ് മദ്യപാനം. അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും. (സുഭാഷിതങ്ങള്‍ 23, 32).

രോഗം പിടിപെടുന്നതിനു മുമ്പ് ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കണമെന്ന് പ്രഭാഷകൻ പറയുന്നുണ്ട്. അതുപൊലെ തന്നെ ചെയ്യേണ്ട ഒരു കാര്യമാണ് സ്വയം നിയന്ത്രണം. അത് വിവേകത്തോടെയുള്ള ജീവിത രീതിയാണ്. മനുഷ്യൻ തന്റെ അധമ വികാരങ്ങൾക്ക് കീഴ്പെടാൻ പാടില്ല. അധമ വികാരങ്ങൾ അസാന്മാർഗിക പ്രവർത്തികളിലേക്കു നയിക്കും എന്ന് പ്രഭാഷകൻ പറയുന്നു :
“മദ്യപനായ തൊഴിലാളി ഒരിക്കലും ധനവാനാകയില്ല;
ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവന്‍ അല്‍പാല്‍പമായി നശിക്കും. (പ്രഭാഷകൻ 19, 1-2).

ഉത്തരവാദിത്തങ്ങളുടെ പൂർത്തീകരണത്തിൽ കാലിടറുവാൻ മദ്യപാനം കാരണമാകുമെന്ന് ഏശയ്യാ പ്രവാചകൻ പറയുന്നു.
“പുരോഹിതന്‍മാരും പ്രവാചകന്മാരും പോലും വീഞ്ഞു കുടിച്ചു മദിക്കുന്നു! ലഹരിപിടിച്ച്‌ അവര്‍ ആടിയുലയുന്നു; വീഞ്ഞ്‌ അവരെ വഴിതെറ്റിക്കുന്നു; അവര്‍ക്കു ദര്‍ശനങ്ങളില്‍ തെറ്റു പറ്റുന്നു; ന്യായവിധിയിൽ കാലിടറുന്നു. (ഏശയ്യാ 28, 7). വീഞ്ഞും പുതുവീഞ്ഞും സുബോധം കെടുത്തുമെന്നു ഹോസിയാ (4, 11) പ്രവാചകനും പറയുന്നു.

മദ്യപാനം ഉപേക്ഷിക്കണം

മദ്യപാനം ഉപേക്ഷിക്കണമെന്നു കാര്യകാരണ സഹിതം സുഭാഷിതങ്ങൾ പറയുന്നുണ്ട്.
“അമിതമായി വീഞ്ഞു കുടിക്കുകയും മാംസം ഭക്‌ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ പെടരുത്. എന്തെന്നാൽ മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലാക്കപ്പെടും.
മത്തുപിടിച്ചു മയങ്ങുന്നവന്‌ കീറത്തുണിയുടുക്കേണ്ടിവരും.” (23, 20-21). മദ്യപാനം പ്രലോഭനം വഴി ഉണ്ടാകാം എന്നതിനാൽ സ്വയം നിയന്ത്രണം വേണം എന്ന് പഠിപ്പിക്കുന്ന സുഭാഷിതങ്ങൾ മദ്യപിക്കുന്നവരോട് പങ്കുചേരുന്നതും ഈ വാക്കുകളിലൂടെ വിലക്കുന്നു. “ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്‌” (23, 31)”. ചഷകങ്ങളിലെ വീഞ്ഞ് മോഹവും മോഹം പാപവും ജനിപ്പിക്കാം എന്നതിനാലാണ് ഇത്.

ഔന്നത്യമുള്ളവർക്ക് ചേരാത്ത കാര്യമാണ് മദ്യപാനം എന്നും പ്രഭാഷകൻ പറയുന്നുണ്ട്. അതോടൊപ്പം നിലവിട്ടു പെരുമാറാനും പാവങ്ങളുടെയും കഷ്ടപെടുന്നവരുടെയും അവകാശങ്ങൾ പരിഗണിക്കപ്പെടാതെ പോകാനും മദ്യപാനം കാരണമാകും എന്ന് പറയുന്നു. “അല്ലയോ ലമുവേല്‍, വീഞ്ഞുരാജാക്കന്‍മാര്‍ക്കു ചേര്‍ന്നതല്ല;
ലഹരിപാനീയങ്ങളില്‍ ആസക്‌തിഭരണാധിപന്‍മാര്‍ക്ക്‌ ഉചിതമല്ല. മദ്യപിക്കുമ്പോൾ അവര്‍ കല്‍പനകള്‍ മറക്കുകയും കഷ്ടപെടുന്നവരുടെ അവകാശങ്ങള്‍ അവഗണിക്കുകയും ചെയ്യും”
സുഭാഷിതങ്ങള്‍ 31:4-5

മനുഷ്യ മനസിനെ ദുര്ബലമാക്കുന്ന മൂന്നു പ്രധാന കാര്യങ്ങളിൽ ഒന്നായാണ് മദ്യപാനം യേശു അവതരിപ്പിക്കുന്നത്.
“സുഖലോലുപത, മദ്യാസക്തി ജീവിത വ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സ് ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദിക്കുവിൻ”
(ലൂക്കാ 21, 34). ആത്‌മാവിനാല്‍ പൂരിതരാകേണ്ട ക്രിസ്തു ശിഷ്യൻ നിങ്ങള്‍ വീഞ്ഞുകുടിച്ച്‌ ഉന്‍മത്തരാകരുത്‌ എന്നി അപ്പോസ്തോലൻ പറയുന്നു. കാരണം അതില്‍ ദുരാസക്‌തിയുണ്ട്‌.

ഇങ്ങനെ നോക്കുമ്പോൾ ബൈബിൾ പഴയ നിയമവും പുതിയ നിയമവും മദ്യപാനം ഒഴിവാക്കേണ്ട തിന്മയായാണ് അവതരിപ്പിക്കുന്നത്. ജഡമോഹങ്ങളുടെ ഭാഗമായി വന്നു ഭവിക്കുന്ന ഈ തിന്മ ധാർമ്മീക അധഃപതനത്തിനും ആത്മീയ വീഴ്ചക്കും കാരണമാകും. മദ്യപാനം ദാരിദ്ര്യത്തിലേക്കും ദുരിതത്തിലേക്കും നയിക്കും. അതുപോലെ തന്നെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ വീഴ്ച വരുന്നതിനും കാരണമാകും

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു