
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള പ്രകീര്‍ത്തനങ്ങളില്‍ ഒതുക്കരുത് നഴ്‌സുമാരുടെ സേവനത്തെ|ഡോ. സുനില്‍ മൂത്തേടത്ത്|
അങ്ങനെ മറ്റൊരു മെയ് പന്ത്രണ്ട് കൂടി വന്നെത്തിയിരിക്കുകയാണ്. നഴ്സുമാരുടെ ദിനം.
കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാര താണ്ഡവം രണ്ടാം വർഷത്തിലേക്കും രണ്ടാം തരംഗത്തിലേക്കും കടക്കുന്നു. 2021 ലെ നഴ്സസ് ദിനത്തിന് ഏറെ വാർത്താ പ്രാധാന്യമുണ്ട്. ഒരു പക്ഷേ നഴ്സിങ്ങ് പ്രൊഫഷന്റെ ചരിത്രത്തിൽ തന്നെ ലോകമെമ്പാടുമുള്ള നഴ്സുമാർ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കോവിഡിനെതിരെയുള്ള മുന്നണിപ്പോരാളികളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നവരിൽ നഴ്സുമാർ എന്നും ലോകത്തിന്റെ ഏതു കോണിലായാലും ഉണ്ട്. ആതുരസേവന രംഗത്തെ കാവൽമാലാഖമാർ എന്നൊക്കെ പല കോണുകളിൽ നിന്നും നഴ്സുമാർ മുമ്പും വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും ഉപരിപ്ലവമായ ഇത്തരം പ്രശംസകൾക്കപ്പുറം നഴ്സുമാരെയോ നഴ്സിംഗ് ജോലിയുടെ മഹത്വമോ മനസ്സിലാക്കിയിട്ടുള്ളവർ യഥാർഥത്തിൽ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ ഈയടുത്ത കാലം വരെ.

എന്നാൽ ഈ നൂറ്റാണ്ടിന്റെ മഹാമാരി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കോവിഡ്-19 എന്ന വൈറസ് അണുബാധ ചൈനയുടെ ഒരു മൂലയിൽ നിന്ന് ഒരു ഉമിത്തീപോലെ നീറിപ്പടർന്ന് ഒരു കാട്ടുതീയുടെ വേഗത്തിൽ വികസിത വികസ്വര രാജ്യ ഭേദമെന്യേ നക്കിത്തുടയ്ക്കാൻ തുടങ്ങിയപ്പോഴാണ് ആളുകൾ ശരിക്കും ആശുപത്രിയും ആതുരസേവനവും എന്താണെന്നും സ്വന്തക്കാർ ഭീതിയോടെ കൈവിടുന്ന കാലത്തും തങ്ങളെ ചേർത്തുപിടിക്കുന്ന നഴ്സുമാരുടെ കരങ്ങളുടെ ശക്തിയും ഹൃദയത്തിന്റെ നൈർമല്യവും എന്താണെന്നും ശരിക്കറിഞ്ഞത്.
അല്പം ചരിത്രം
ആധുനിക നഴ്സിങ്ങിന്റെ ശിൽപി എന്നറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര നഴ്സസ് ദിനമായി ആഘോഷിക്കാൻ തുടങ്ങിയിട്ട് അത്രയൊന്നും വർഷങ്ങൾ ആയിട്ടില്ല. 1974 മുതലാണ് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് (ICN) മെയ് പന്ത്രണ്ട് നഴ്സസ് ദിനമായി ആചരിക്കാൻ തുടങ്ങിയത്. വിളക്കേന്തിയ വനിത (Lady with the lamp) എന്നറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിനെക്കുറിച്ചും അവർ ആതുരശുശ്രൂഷാ രംഗത്തിനു നൽകിയ സംഭാവനകളെക്കുറിച്ചും നാം ഇന്ന് ഏറെ വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. വളരെ ഉയർന്ന സാമ്പത്തിക ചുറ്റുപാടിൽ ജനിച്ചുവളർന്ന മിസ് നൈറ്റിംഗേൽ അക്കാലത്ത് സഹജീവികളോടും രോഗികളോടും മുറിവേറ്റവരോടും ഉള്ള കാരുണ്യം ഒന്നു കൊണ്ടുമാത്രം ആതുരശുശ്രൂഷാ രംഗത്തേക്കിറങ്ങിയ മഹദ് വ്യക്തിയായിരുന്നു. അക്കാലത്ത് നഴ്സിങ്ങിന് ഒരു വ്യക്തമായ പാഠ്യപദ്ധതിയോ വിദ്യാഭ്യാസ സംവിധാനമോ പോലും ഉണ്ടായിരുന്നില്ലെന്നും ഓർക്കണം.
ക്രിമിയൻ യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാരെ വളരെ പരിമിതമായ സൗകര്യങ്ങളിൽ പോലും ശാസ്ത്രീയമായ അടിത്തറയോടെ ശുശ്രൂഷിച്ചുകൊണ്ട് അവർ നടത്തിയ സേവനങ്ങളുടെ പേരിൽ മാത്രമല്ല നാം ഈ മഹദ് വ്യക്തിയെ ഓർക്കുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള രോഗികൾക്ക് ആശ്വാസം പകരുന്ന ഈ തൊഴിൽ മേഖലയ്ക്ക് ആധുനിക മുഖം സമ്മാനിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ പ്രൊഫഷണൽ നഴ്സിങ്ങ് വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചതിന്റെ പേരിലും കൂടിയാണ്. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിനോടനുബന്ധിച്ച് മിസ് നൈറ്റിംഗേൽ സഥാപിച്ച നഴ്സിങ്ങ് സ്കൂളാണ് നാം ഇന്ന് കാണുന്ന ആയിരക്കണക്കിനു വരുന്ന നഴ്സിങ്ങ് പഠനസ്ഥാപനങ്ങളുടെ മൂലസ്ഥാനം. ഇൻഫെക്ഷൻ കൺട്രോൾ, മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ് എന്നീ മേഖലകളിലും അവർക്ക് അസാമാന്യ പാടവം അക്കാലത്ത് ഉണ്ടായിരുന്നു.

എല്ലാ വർഷവും ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് (lCN) അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ഒരു മുദ്രാവാക്യം പുറത്തിറക്കാറുണ്ട്. 2021 ലെ നഴ്സസ് ദിനത്തിന്റെ അഥവാ നഴ്സിങ്ങ് വാരാഘോഷത്തിന്റെ മുദ്രാവാക്യം (Theme or slogan) ‘Nurses – A voice to lead – A vision for future health care’ എന്നതാണ്. ഇത്തവണത്തെ നഴ്സസ് ദിനത്തോടനുബന്ധിച്ച് ചർച്ചചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട് നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും ആരോഗ്യത്തിനും ജീവനും ഉള്ള ഭീഷണി തന്നെയാണ്. അതോടൊപ്പം നഴ്സുമാരുടെ തൊഴിൽരംഗത്തെ സമ്മർദ്ദങ്ങളും അന്താരാഷ്ട്രതലത്തിൽ നഴ്സുമാരുടെ ക്ഷാമവും ചർച്ചാവിഷയമായി വരുന്നുണ്ട്.
ഐ.സി.എന്നിന്റെ കണക്കുകൾ പ്രകാരം 2021 ജനവരി 31 വരെ ലോകമെമ്പാടും കോവിഡ് രോഗബാധ മൂലം മരണമടഞ്ഞ നഴ്സുമാരുടെ എണ്ണം രണ്ടായിരത്തി എഴുന്നൂറിനുമുകളിലാണ്. ഈ ലേഖനമെഴുതുമ്പോഴേക്ക് കണക്കുകൾ ഇനിയും ഉയർന്നിട്ടുണ്ടാകും. കോവിഡ് രംഗത്തെ മുന്നണിപ്പോരാളികൾ എന്ന നിലയിൽ ഈ കണക്കുകളെ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. വാക്സിൻ വന്നതിനുശേഷം സ്ഥിതി ഏറെ മെച്ചപ്പെട്ടുവരുന്നു എന്നുള്ളത് ആശ്വാസം പകരുന്നു.

ആഗോളതലത്തിൽ 27.8 മില്യൺ നഴ്സുമാർ ഉള്ളതായി ഐ.സി.എൻ. കണക്കുകൾ പറയുന്നു. ഇത്രയും നഴ്സുമാർ ഉള്ളപ്പോഴും 5.9 മില്യൺ നഴ്സുമാരുടെ കുറവ് ഉണ്ടെന്നും 2030 ആകുമ്പോഴേക്കും ഇത് 13 മില്യണോളമായി ഉയരുമെന്നും ഇവർ മുന്നറിയിപ്പ് തരുന്നു.
ഈ കണക്കുകൾ ഒക്കെ വെച്ചുനോക്കുമ്പോൾ വളരെ പ്രതീക്ഷ തരുന്ന ഒരു തൊഴിൽ മേഖലയാണ് നഴ്സിങ്ങ് എന്നതിൽ രണ്ടുപക്ഷമില്ല. നഴ്സിങ്ങിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലവുമായി തട്ടിച്ചുനോക്കുമ്പോൾ വളരെയധികം മാറിയിട്ടുണ്ട്. എന്നിരുന്നാലും ലോകത്തെ ഏറ്റവും വലിയ നഴ്സ് ഫാക്ടറി എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ മികച്ച നഴ്സുമാരുടെ സേവനം നമുക്ക് ഇന്നും പൂർണമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല. ഇത്തരത്തിലുള്ള സന്നിഗ്ദ്ധ ഘട്ടങ്ങളിൽ വാർത്തകളിൽ നിറയുമ്പോൾ സമൂഹവും മാധ്യമങ്ങളും ആതുരസേവനത്തിന്റെ കാവൽ മാലാഖ എന്നൊക്കെ വാഴ്ത്തുമ്പോഴും സേവന-വേതന വ്യവസ്ഥകളുടെ കാര്യത്തിലും തൊഴിലിടങ്ങളിലെ അംഗീകാരത്തിന്റെ കാര്യത്തിലും പലപ്പോഴും ഇവർ പാർശ്വവൽക്കരിക്കപ്പെട്ടവർ തന്നെയാണ്.
വിദേശരാജ്യങ്ങളിൽ ഈ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മികച്ച സേവന വേതന വ്യവസ്ഥകളും സമൂഹത്തിലെ അംഗീകാരവും നഴ്സുമാർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ യൂണിവേഴ്സിറ്റിതലത്തിൽ ആഴത്തിലുള്ള സിലബസോടും പഠനകാലത്തെ മികച്ച ക്ലിനിക്കൽ പരിശീലനത്തോടും നഴ്സിങ്ങിൽ ഡിഗ്രിയും പിജിയും എടുക്കുന്ന നഴ്സുമാർക്ക് അവർ അർഹിക്കുന്നതിലും എത്രയോ തുച്ഛമായ വേതന വ്യവസ്ഥകളാണ് ഇന്ന് നിലവിലുള്ളത്. സർക്കാർ സംവിധാനങ്ങളും മികവിന്റെ കേന്ദ്രങ്ങളായ ചില സ്വകാര്യ സ്ഥാപനങ്ങളും മാത്രമാണ് ഇതിന് അപവാദം.

വർഷത്തിൽ ഒരിക്കൽ മാത്രമുള്ള പ്രകീർത്തനങ്ങളിലും ആഘോഷങ്ങളിലും മാത്രം ഒതുങ്ങാതെ ഈ തൊഴിൽമേഖല കൂടുതൽ മെച്ചപ്പെടുത്താനും ആതുര ശുശ്രൂഷാരംഗത്തെ നെടുംതൂണുകളായ നഴ്സുമാരുടെ കരങ്ങൾക്ക് ശക്തിയും താങ്ങും നൽകുവാനും സർക്കാരും ആരോഗ്യ സേവനരംഗം കൈയാളുന്നവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഴ്സുമാരായ മലയാളി നഴ്സുമാരെ നമുക്ക് നമ്മുടെ നാട്ടിൽ പിടിച്ചുനിർത്താനും അതുവഴി അവരുടെ സേവനം നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് നൽകുവാനും സാധിക്കൂ.

ഡോ. സുനില്‍ മൂത്തേടത്ത്
(കൊച്ചി അമൃത കോളേജ് ഓഫ് നഴ്സിങിലെ പ്രൊഫസറാണ് ലേഖകൻ)
Dr. Sunil Moothedath currently serves as Professor in the Department of Child Health Nursing, Amrita College of Nursing, Health Sciences Campus, Kochi. He has received his doctoral degree in Paediatric Nursing from Rajiv Gandhi University of Health Sciences, Bangalore in 2018. He has received his Masters Degree in Pediatric Nursing from Fr. Muller College of Nursing, Mangalore, Karnataka under Rajiv Gandhi University of Health Sciences Bangalore in 2000, and was awarded the “Best Outgoing Student” of the batch. He has graduated from Govt. College of Nursing, Kottayam, under Mahathma Gandhi University in 1991. He joined Amrita College of Nursing as Associate Professor in the year 2005.