പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മോഡൽ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടു. ലോകത്ത് നിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്ര ലോകം കരുതിയ കാവലിപ്പ് അഥവാ ആയിരവല്ലി ഇലിപ്പ തൈയാണ് നട്ടത്.

Share News

1835 -ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സർജൻ ബോട്ടാണിസ്റ്റ് ഡോ.റോബർട്ട് വൈറ്റ് ആണ് ഈ മരം ആദ്യമായി കണ്ടെത്തിയത്. 184 വർഷത്തെ ഇടവേളയ്ക്ക് ശേഷം, KSCSTE ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകർ ഇതിനെ വീണ്ടും കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ആയിരവില്ലി ശിവ ക്ഷേത്രക്കാവിൽ നിന്നും കണ്ടെത്തി.

ഇതുവരെയുള്ള അറിവിൽ ലോകത്തു ഒരേയൊരു മരം മാത്രമായി അവശേഷിക്കുന്ന ഈ സ്പീഷിസ് ഐ യു സി എൻ റെഡ് ഡാറ്റാബുക്കിൽ അതീവ വംശ നാശ ഭീഷണി നേരിടുന്ന സസ്യ വിഭാഗത്തിൽ പെടുന്നതാണ്.

2019 – 2020 കാലയളവിൽ ശേഖരിച്ച വിത്തിൽ നിന്നാണ് ഈ തൈ ഉത്പാദിപ്പിച്ചത്. പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. മൂന്ന് വർഷത്തിനുള്ളിൽ 40 തൈകൾ ഉൽപ്പാദിപ്പിച്ച് അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വളർത്തിയെടുക്കുക എന്നതാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.

Share News