ഗുജറാത്തിലെ സൂററ്റ് നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ രണ്ടാമതായി വീണ്ടും അവാർഡ് നേടി.

Share News

ഗുജറാത്തിലെ സൂററ്റ് നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ രണ്ടാമതായി വീണ്ടും അവാർഡ് നേടി. പാരിസ് മേയർ നഗരത്തിലെ സെന്ന് നദിയിൽ ജൂലൈ പതിനേഴിന് നീന്തി. ബന്ധമില്ലാത്ത രണ്ട് വാർത്തകൾ എന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും, ഈ വാർത്തകൾക്ക് പിന്നിൽ ഈ നഗരങ്ങളുടെ നേതൃത്വത്തിന്റെ നിശ്ചയദാർഢ്യവും, പ്രത്യേക ശ്രദ്ധയും, നഗരവാസികളുടെ ജാഗ്രതയും ഉണ്ട്.

സൂററ്റ് നഗരം കുപ്രസിദ്ധി നേടുന്നത് ഇന്ത്യയുടെ പ്ലേഗ് ക്യാപിറ്റൽ എന്ന രീതിയിൽ ആണ്. മൂടാത്ത അഴുക്കുചാലുകളും, മാലിന്യ കൂമ്പാരങ്ങളും, വ്യത്തിഹീനമായ ജലസ്രോതസ്സുകളും സൂററ്റിന്റെ ശാപമായിരുന്നു. വ്യത്തിഹീനമായ നഗരത്തിൽ വർഷമുള്ള വെള്ളപ്പൊക്കവും ഒരുമിക്കുമ്പോൾ നഗരത്തിൽ ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത രീതിയിലുള്ള പകർച്ചവ്യാധികൾ സർവ്വ സാധാരണമായിരുന്നു. ഇതിന്റെ മൂർദ്ധന്യമെന്ന നിലയിൽ, 1994 ൽ സൂററ്റിൽ പ്ലേഗ് പടർന്ന് അമ്പതു ആളുകൾ മരണപെട്ടു. ഇത് അധികാരികളുടെയും, നാട്ടുകാരുടെയും കണ്ണു തുറപ്പിച്ചു.

അവർ സൂററ്റിന്റെ പരിവർത്തനത്തിന് നേതൃത്വം നൽകി, അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഉറച്ച അടിത്തറയിയിൽ മാലിന്യ നിർമ്മാജ്ജന പദ്ധതി പടുത്തുയർത്തി. ലാൻഡ്‌ഫിൽ, സോളിഡ് വേസ്റ്റ് ട്രീറ്റ്മെന്റ് (ബയോ വേസ്റ്റ്, പ്ലാസ്റ്റിക്, ഓർഗാനിക് വേസ്റ്റ് മുതലായ എല്ലാവിധ മാലിന്യങ്ങൾക്കും), ക്ലോസ് ബോഡി കണ്ടെയ്നർ വേസ്റ്റ് ട്രാൻസ്‌പോർട്, ഡോർ ടു ഡോർ വേസ്റ്റ് കളക്ഷൻ, സെഗ്രിഗേഷൻ അറ്റ് സോഴ്സ്, സ്വീപ്പിങ്, അങ്ങനെ വേസ്റ്റ് മാനേജ്മെന്റിന് വേണ്ടിയാ വാല്യൂ ചെയിൻ മുഴുവനും അവർ ഉണ്ടാക്കി, കൃത്യതയോടെ നടപ്പാക്കുന്നു. ഇതോടൊപ്പം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൃത്യമായുള്ള മോണിറ്ററിങ്ങും, എൻഫോഴ്‌സ്‌മെന്റും നടത്തുന്നു. അവരുടെ ജലസ്രോതസ്സുകളുടെ ശുചിത്വ സംരക്ഷണവും ഉറപ്പാക്കുന്നു. 461 ചതുരശ്ര കിലോമീറ്ററിൽ 75 ലക്ഷം ജനങ്ങൾ താമസിക്കുന്ന, അതിൽ തന്നെ മഹാരാഷ്ട്ര, ഒഡീഷ, യുപി, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള 15-20 ലക്ഷം കുടിയേറ്റ തൊഴിലാളികളുമുള്ള സൂററ്റ് നഗരം ഇന്ന് വൃത്തിയുള്ള റോഡുകൾ, മനോഹരമായ പാർക്കുകൾ, സമ്പൂർണ വേസ്റ്റ് വാട്ടർ ട്രീറ്റ്മെൻറ്, കൃത്യതയുള്ള സോളിഡ് വേസ്റ്റ് മാനേജ്മന്റ് എന്നതു കൊണ്ട് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തലയുയർത്തി നിൽക്കുന്നു.

നിരീക്ഷണത്തിനായി ഇന്ന് സൂററ്റിൽ മൂവായിരത്തി മുന്നൂറു CCTV ക്യാമറകൾ പ്രവർത്തിക്കുന്നു. പൊതുനിരത്ത് ശുചിയാക്കൽ, വെള്ളക്കെട്ട് ഒഴിവാക്കുക, പൊട്ടിപൊളിഞ്ഞ നിരത്തുകൾ നന്നാക്കുക, കൈയേറ്റം തടയുക മുതലായ നഗരത്തിന്റെ മേന്മയുമായി ബന്ധപ്പെട്ട എണ്ണായിരത്തോളം വിഷയങ്ങളിൽ അവർ കൃത്യമായി നടപടി എടുക്കുന്നു. ഒരു ലക്ഷത്തോളം വരുന്ന പരാതികൾ അവർ എല്ലാ വർഷവും പൂർണ്ണമായി പരിഹരിക്കുന്നു. മാത്രമല്ല, മാലിന്യത്തിൽ നിന്നും അവർ വരുമാനം ഉണ്ടാക്കുന്നു. ലാൻഡ്ഫില്ലുകൾ പൂന്തോട്ടങ്ങളായി മാറ്റി, സൂററ്റിന്റെ ആമയിഴഞ്ചാൻ ആയിരുന്ന വെസു കനാൽ വൃത്തിയാക്കി അതിനോട് ചേർന്ന് ഇന്ന് 60 മീറ്റർ റോഡും, പാർക്കുകളും, ഭംഗിയുള്ള നടപ്പാതകളുമായി. നഗരസഭാ അധികാരികൾ നാട്ടുകാരുടെ അഭിമാനമാവുന്ന സ്ഥിതി.

പാരീസ് എന്ന നഗരത്തിന്റെ ജനനം തന്നെ സെന്ന് നദിയോട് കടപ്പെട്ടിരിക്കുന്നു. വിശ്വവിഘ്യാതമായ ഈഫൽ ടവർ, നോട്രെ ഡാം കത്തീഡ്രൽ, ലൂർവ് , ഓർസെ മ്യൂസിയങ്ങൾ മനുഷ്യ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാല്പനികമായ സെന്ന് നദിയുടെ തീരത്താണ്. പാരീസ് നഗരത്തിൽ തന്നെ ഈ നദിക്ക് കുറുകെ മുപ്പത്തിയേഴു പാലങ്ങൾ ഉണ്ട്. 1900 ൽ പാരിസിൽ നടന്ന സമ്മർ ഒളിംപിക്സിൽ പല ജലകായിക മത്സരങ്ങൾ, നീന്തൽ മത്സങ്ങൾ ഉൾപ്പെടെ, ഈ നദിയിലാണ് നടത്തിയത്. മാലിന്യങ്ങളുടെ അതിപ്രസരം കാരണം 1923 മുതൽ സെന്ന് നദിയിൽ നീന്തൽ നിരോധിച്ചിരിക്കുകയായിരുന്നു.

1998 ൽ അന്നത്തെ പാരീസ് മേയർ, പിന്നീട് ഫ്രഞ്ച് പ്രസിഡന്റ് ആയ ഷാക്ക് ചിറാക് ആണ് സെന്ന് മാലിന്യ മുക്തമാക്കി നദിയിൽ നീന്താനുള്ള സാഹചര്യം ഒരുക്കുമെന്ന് പ്രഖ്യാപിച്ചത്. 2017 ൽ 2024 ഒളിമ്പിക്സ് ആതിഥേയത്വം പാരിസിന് കിട്ടിയതോടു കൂടി ഈ ആഗ്രഹം യാഥാർഥ്യമാക്കാൻ നഗരസഭാ കൃത്യമായി പരിശ്രമിച്ചു. നദിയിലേക്ക് ഒഴുകി വരുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാൻ പദ്ധതികൾ ഒരുക്കി, വീടുകളും, സ്ഥാപനങ്ങളും, ബോട്ടുകളും മറ്റും നദിയിലേക്ക് മാലിന്യം തള്ളുന്നതിന് ബദൽ പദ്ധതികൾ ആസൂത്രണം ചെയ്ത്, പടി പടിയായി സെന്ന് വൃത്തിയാക്കി. ഈ ജൂലൈ മുപ്പതാം തീയതി ഒളിമ്പിക്സ് മത്സരങ്ങളോട് കൂടി ഈ നദി നാട്ടുകാർക്കും നീന്താനും ഉല്ലസിക്കാനും തുറന്നു കിട്ടും.

ഇന്നത്തെ കേരളത്തിലെ നഗരങ്ങൾ, 1994 ലെ സുററ്റ് ആണോ? നമ്മുടെ നദികൾ ഇരുപതാം നൂറ്റാണ്ടിലെ സെന്ന് നദിയാണോ? നമ്മൾ ഒരു വലിയ വിപത്തിന്റെ വക്കിൽ ആണോ? ഈ സ്ഥിതി വിശേഷത്തിൽ നിന്നും നമുക്ക് എങ്ങിനെ കരകയറാം?

പുതിയ സൂററ്റിന്റെ കാര്യത്തിലും, മാറുന്ന പാരീസിന്റെ കാര്യത്തിലും ഏറ്റാവും വലിയ സമാനത അവിടെയുള്ള അധികാരികളുടെ നിശ്ചയദാർഢ്യത്തിലാണ്. അധികാരികൾ അവരുടെ ഉത്തരവാദിത്വം ഗൗരവമായി കണ്ട്, “വല്ലവരുടെയും മാലിന്യം, വല്ലവരുടെയും ഉത്തരവാദിത്വം” എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാതെ, പ്രായോഗീകമായ പ്രതിവിധി ഉണ്ടാക്കി. നഗരസഭ അധികാരികളിൽ നിക്ഷിപ്തമായ ജോലിയുടെ ഭാഗമായ മാലിന്യ ശേഖരണത്തിനും, സംസ്കരണത്തിനും സൗകര്യങ്ങൾ അവർ ഉണ്ടാക്കി. നഗരത്തെ മാലിന്യത്തിൽ മുക്കികൊല്ലുന്ന അപ്രായോഗീകതകൾക്ക് പിന്നിൽ ഒളിച്ചിരിക്കാതെ, ഏറ്റവും പ്രധാനമായ മാലിന്യ ശേഖരണത്തിനും, സംസ്കരണത്തിനും സൗകര്യങ്ങൾ ഉണ്ടാക്കിയ ശേഷം പൊതു ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാലിന്യങ്ങൾ കൃത്യമായി വേർതിരിക്കാനും, അലക്ഷ്യമായി മലിനമാക്കാതിരിക്കാനും മാറ്റങ്ങൾ വരുത്തി. നിരീക്ഷണവും, പിഴയും, ഫീസും അങ്ങനെ എല്ലാവരും ഒരുമിച്ച് ഒരു മാറ്റം കൊണ്ട് വന്നു.

ഈ നല്ല മാറ്റം കേരളത്തിലും പറ്റില്ലേ?

Tony Thomas 

Share News