കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധവേണം- മുഖ്യമന്ത്രി

Share News

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്റേയും സർക്കാരിന്റേയും ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നമ്മൾ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കും കൗമാരക്കാർക്കുമിടയിൽ ആത്മഹത്യകൾ വർദ്ധിച്ചു വരുന്നത് കേരളത്തിൽ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ഒരുപാട് ആത്മഹത്യകൾ ആ പ്രായക്കാർക്കിടയിൽ ഉണ്ടായിരിക്കുന്നു. മാർച്ച് 25 മുതൽ ഇതുവരെ 18 വയസ്സിൽ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാൽ ആത്മഹത്യ ചെയ്തത്.

താളം തെറ്റിയ കുടുംബജീവിതവും രക്ഷിതാവിന്റെ അമിതമായ ലഹരി ഉപയോഗവും തുടങ്ങിയ ജീവിതാന്തരീക്ഷത്തിലെ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമായിട്ടുണ്ട്. കോവിഡ്കാരണം സ്‌കൂളുകളും കോളേജുകളും അടച്ചിടേണ്ടി വന്നതും, കൂട്ടുകാരുടെ കൂടെ ഇടപഴകാൻ സാധിക്കാത്തതും ഒക്കെ അവരുടെ മാനസികസമ്മർദ്ദം കൂട്ടുന്ന സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധ ഇക്കാര്യത്തിൽ മുതിർന്നവരുടെ ഭാഗത്തു നിന്നുണ്ടായേ തീരൂ.

കുട്ടികളാണെങ്കിലും കൗമാരക്കാരാണെങ്കിലും അവരിൽ ശാരീരികവും മാനസികവുമായ വളർച്ചയുടെ പടവുകളിലാണ്. മുതിർന്നവരെ കൈകാര്യം ചെയ്യേണ്ട പോലെയല്ല അവരുമായി ഇടപഴകേണ്ടത്. അവരുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാനും, അവരെ അടുത്തറിയാനും മുതിർന്നവർ ശ്രമിക്കണം. ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും സ്നേഹപൂർവം പെരുമാറാനും സാധിക്കണം. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ്ങ് ഉൾപ്പെടെയുള്ള വിദഗ്ധസഹായങ്ങൾ തേടാൻ ഉപേക്ഷ പാടില്ല. വിദ്യാഭ്യാസവും കുട്ടികളിൽ വലിയ തോതിൽ മാനസികസമ്മർദ്ദം ഉയർത്തുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. അതുണ്ടാകാൻ പാടില്ല. വിദ്യാഭ്യാസം ഒരു മത്സരമല്ല എന്നും, അറിവു നേടാനുള്ള ഉപാധിയാണെന്നും അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ട്.

കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് പഠിക്കാൻ ഫയർ ആന്റ് റെസ്‌ക്യു മേധാവി ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ ഒരു സമിതിയ്ക്ക് രൂപം നൽകി. അതിനുപുറമേ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാനായി ‘ചിരി’ എന്ന ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്.

സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ മുഖേന ഫോൺ വഴി കൗൺസലിംഗ് നൽകുന്ന സംവിധാനമാണിത്. ശിശുക്കളുടെ മാനസികാരോഗ്യ ചികിത്സയ്ക്കാവശ്യമായ കൂടുതൽ സൗകര്യങ്ങൾ കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. കൂടുതൽ ഡോക്ടർമാരും കൗൺസിലർമാരും ചികിത്സാകേന്ദ്രങ്ങളും നമുക്ക് ആവശ്യമാണ്.

അതിനാവശ്യമായ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു