കോവിഡ് മൃതസംസ്കാരത്തിന് സഹായിക്കാന്‍ നാല്‍പ്പതംഗ യുവജന സംഘവുമായി ഇടുക്കി രൂപത.
ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുതെന്ന നിലപാടോടെ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ നാല്പതോളം യുവജനങ്ങളെ ഒരുക്കി ഇടുക്കി രൂപത.
സംഘത്തിൽ ഭൂരിഭാഗം പേരും വൈദികരാണെന്നത് ശ്രദ്ധേയമാണ്. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത് അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണെന്നു രൂപത വ്യക്തമാക്കി.
കോവിഡ് പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള വിവരം ലഭിച്ചുവെന്നും കെസിവൈഎം ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ടിന്റെ ഇടപെടലില്‍ യുവജനങ്ങളും വൈദികരും അടങ്ങിയ നാല്പതോളം പേരുടെ സംഘം രൂപീകരിച്ചുവെന്നും രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലുസ്, വൈദികര്‍ക്ക് നല്കിയ കത്തില്‍ പറയുന്നു.
ആരോഗ്യവകുപ്പ് അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കുള്ള പരിശീലനം നല്‍കും. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ക്വാഡ് പ്രവര്‍ത്തനസജ്ജമാകും. രൂപതാപരിധിയിലെ ഇടവകകളില്‍ കോവിഡ് മരണമുണ്ടായാല്‍ ഫാ. മാത്യു ഞവരക്കാട്ടുമായി ബന്ധപ്പെട്ടാല്‍ ഈ സ്ക്വാഡിനെ അവിടേക്ക് അയയ്ക്കുകയും വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരുമെന്നും പ്രോട്ടോ സിഞ്ചെല്ലുസിന്റെ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചില തത്പര കക്ഷികളുടെ ഇടപെടല്‍ മൂലം ക്രൈസ്തവോചിതമായ മൃതസംസ്കാരം തടസപ്പെട്ട സംഭവം വലിയ വിവാദമായിരിന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് മാതൃകാപരമായ ഇടപെടലുമായി ഇടുക്കി രൂപത രംഗത്തെത്തിയിരിക്കുന്നത്.
വൈദികര്‍ക്ക് നല്കിയ കത്തിന്റെ പൂര്‍ണ്ണരൂപം
കോവിഡിനോടൊത്ത് ജീവിക്കാന്‍ നാം പഠിച്ചുകൊണ്ടിരിക്കുകയാണല്ലോ. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുയെന്നത് നമ്മുടെ അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണ്. ഇതിന്റെ വെളിച്ചത്തില്‍ നിങ്ങളുമായി ഒരു പ്രധാനപ്പെട്ട കാര്യം പങ്കുവയ്ക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. ഈ അടുത്ത കാലത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ സംസ്കാരത്തെക്കുറിച്ച് ഒത്തിരിയേറെ ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നല്ലോ. ക്രൈസ്തവോചിതമായ ഒരു സംസ്കാര കര്‍മ്മം കത്തോലിക്കര്‍ക്ക് കൊടുക്കാന്‍ സാധിക്കാഞ്ഞതിന്റെ ദുഃഖം അതില്‍ അന്തര്‍ലീനനമായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമേ ഇതു നടത്താന്‍ സാധിക്കൂവെന്ന ധാരണയായിരുന്നു നമുക്ക് ഇതുവരെ. എന്നാല്‍ ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതരുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള അറിവു ലഭിച്ചു.
ഈ പശ്ചാത്തലത്തില്‍ രൂപതാ കെ.സി.വൈ.എം. ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ട് സന്നദ്ധസേവാംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ വാട്ട്സാപ്പിലൂടെ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. യുവജനങ്ങളും അച്ചന്മാരും അടങ്ങിയ നാല്പതോളം പേര് ഇതിനോടകം പ്രത്യുത്തരിച്ചു മുന്നോട്ടുവന്നുകഴിഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുത്ത അച്ചന്മാരെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ആരോഗ്യവകുപ്പ് തന്നെ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കുള്ള പരിശീലനം നല്‍കും. ഒന്നുരണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ക്വാഡ് പ്രവര്‍ത്തനസജ്ജമാകും.
നമ്മുടെ ഏതെങ്കിലും ഇടവകയില്‍ കോവിഡ് മരണമുണ്ടായാല്‍ ബഹു. മാത്യു ഞവരക്കാട്ടച്ചനുമായി ബന്ധപ്പെടുക. അദ്ദേഹം ഈ സ്ക്വാഡിനെ അവിടേക്ക് അയയ്ക്കുകയും വേണ്ട എല്ലാ സഹായങ്ങളും ചെയ്തുതരികയും ചെയ്യും.
ഓര്‍ക്കുക : നമ്മുടെ ആളുകള്‍ക്കാര്‍ക്കും കൊവിഡ് വന്നു മരിച്ചു എന്നതിന്റെ പേരില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുത്.
പ്രോട്ടോ സിഞ്ചെല്ലുസ്