കോവിഡ് 19; വയനാട്ടിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 3042 കേസുകൾ
കൽപ്പറ്റ: കോവിഡ് രോഗ മാനദണ്ഡം ലംഘിച്ച്ക്കൊണ്ട് മാസ്ക്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇടപഴകിയ കുറ്റത്തിന് വിവിധ പോലീസ് സ്റ്റേഷനുകളിലായി ജില്ലയില്‍ ഇതുവരെ 3042 പേര്‍ക്കെതിരെ പെറ്റിക്കേസ് ചുമത്തുകയും ക്വാറന്റൈന് നിര്‍ദ്ദേശം ലംഘിച്ചതിന് 100 കേസുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആര്. ഇളങ്കോ അറിയിച്ചു.
പൊതു ഇടങ്ങളില്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണമെന്ന നിര്‍ദ്ദേശം വന്ന മേയ് മാസത്തില്‍ 518 ഉം ലോക്ക്ഡൗണിന്റെ ഒന്നാംഘട്ട അണ്‍ലോക്ക് തുടങ്ങിയ ജൂണില്‍ 1448 ഉം രണ്ടാംഘട്ട അണ്‍ലോക്ക് തുടങ്ങിയ ജൂലൈയില്‍ ഇന്നലെവരെ 1076 പെറ്റികേസുകള്‍ എടുത്തിട്ടുണ്ട്.
ക്വാറന്റൈന് ലംഘനം ഉള്‍പ്പെടെ ലോക്ക്ഡൗണ്‍ നിയമലംഘനം നടത്തിയതിനും കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനും ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനിലുകളിലായി ഇതുവരെ 9205 ആളുകളെ പ്രതിച്ചേര്‍ത്ത് 6492 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1615 പേരെ അറസ്റ്റ് ചെയ്യുകയും 3647 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 3547 വാഹനങ്ങള്‍ വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് 6385 കേസുകളും ക്വാറന്റൈന് നിര്‍ദ്ദേശം ലംഘിച്ചതിന് 100 കേസുകളും കോവിഡ് വൈറസ് പകര്ച്ചവ്യാതിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയതിന് ഏഴ് കേസുകളുമാണ് എടുത്തിട്ടുള്ളത്.
വിവിധ പോലീസ് സ്റ്റേഷനുകളില്‍ എടുത്ത കേസുകളുടെ എണ്ണം ഇപ്രകരമാണ് കല്‍പ്പറ്റ (405), മേപ്പാടി (388), വൈത്തിരി (254),പടിഞ്ഞാറത്തറ (280), മീനങ്ങാടി (704), കമ്പളക്കാട് (375), പനമരം (480),ബത്തേരി (464), അമ്പലവയല്‍ (319), പുല്‍പ്പള്ളി (516), കേണിച്ചിറ (419), മാനന്തവാടി (610), വെള്ളമുണ്ട (263), തിരുനെല്ലി (287), തലപ്പുഴ (196), തൊണ്ടര്‍നാട് (265), നൂല്‍പ്പുഴ (267). കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് തുടര്‍ന്നും കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.