മികച്ച നടന്‍ നിവിന്‍ പോളി , മികച്ച നടി ഗാര്‍ഗി, ചിത്രം മൂത്തോന്‍; ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം

Share News

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം. മികച്ച നടനും നടിയും ചിത്രവും ഉള്‍പ്പടെ കേരളത്തിലേക്ക്. മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയും മലയാളിയാണ്. റണ്‍ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി ആനന്ദത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മൂത്തോന്‍ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.മൂത്തോനിലെ പ്രകടനത്തിന് സഞ്ജന ദീപുവിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ലഭിച്ചു. ഗമക്ഖര്‍ എന്ന ചിത്രത്തിന് അചല്‍ മിശ്രയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. ഓണ്‍ലെെനിലൂടെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ജൂലെെ 24 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയായിരുന്നു ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ അരങ്ങേറിയത്.

ഇതിനു മുമ്പും മൂത്തോന്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശശാങ്ക് അറോറ, ശോഭിത ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയവര്‍. രാജീവ് രവി ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ തിരക്കഥ അനുരാഗ് കശ്യപും ഗീതുവം ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

Share News