
മഴക്കെടുതി: പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി
തിരുവനന്തപുരം:മഴക്കെടുതി ചർച്ചചെയ്യാൻ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി വിഡിയോ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തെ നേരിടാന്‍ 10 എന്‍ഡിആര്‍എഫ് കമ്പനികളെ കേരളത്തിലേക്കയച്ചതിനും ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഡിആര്‍എഫ് നല്കിയ സഹായത്തിനും കരിപ്പൂരുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ലഭ്യമാക്കിയ സഹായ സഹകരണങ്ങള്‍ക്കും പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ജല, കാലാവസ്ഥാ വകുപ്പുകളും നാഷണല്‍ റിമോട്ട്സെന്‍സിങ് സെന്ററും ഏകോപിതമായി കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇപ്പോഴുള്ള 25 ശതമാനമെന്ന പരിധി ഒഴിവാക്കി കൊവിഡ് പ്രതിരോധത്തിനായി നിബന്ധനകളില്ലാതെ എസ്ഡിആര്എഫില് നിന്ന് തുക ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റിങ,് ക്വാറന്റൈനിങ് എന്നിവ ഒരുക്കുന്നത് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഉദാരമായ സഹായം കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാചര്യത്തിലാണ് വെള്ളപ്പൊക്കമുണ്ടായിട്ടുള്ളത്. ഈ മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ ആഘാതമാണ് ഇപ്പോഴത്തെ മഴക്കെടുതി ഉണ്ടാക്കിയിട്ടുള്ളത്. നമുക്കുണ്ടായിടുള്ള നഷ്ടങ്ങള്‍ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.