വിശ്രമമില്ലാതെ കോവിഡ് പ്രവർത്തനങ്ങൾ

Share News

ആലപ്പുഴജില്ലയിയിൽഏകോപിപ്പിച് റവന്യു ഉദ്യോഗസ്ഥർ

ആലപ്പുഴ :നാടെങ്ങും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുമ്പോള്‍ വിശ്രമമില്ലാതെ ഈ പ്രവര്‍ത്തനങ്ങളുടെ എകോപനം നിര്‍വഹിക്കുന്നത്  റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ്. 
മാര്‍ച്ച് 23 മുതല്‍ അവധിയില്ലാത്ത ജോലിത്തിരക്കിലാണ് മിക്ക ഉദ്യോഗസ്ഥരും. 

 ‘വിഷുദിവസം മാത്രമാണ് അല്പം വൈകി രാവിലെ 11.30യോടെ ജോലി തുടങ്ങിയത്. മറ്റെല്ലാ ദിവസങ്ങളിലും രാത്രി വൈകുവോളവും,  പ്രവാസികളുടെ വരവ് പ്രമാണിച്ച് മെയ് 7 മുതലുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ വരെയും ഞാനും സഹപ്രവര്‍ത്തകരും സജീവമായി ഫീല്‍ഡിലുണ്ട്.’ ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍ ഉഷ പറയുന്നു. അന്യസംസ്ഥാനത്തുനിന്നും വിദേശരാജ്യത്തുനിന്നും മടങ്ങിയെത്തുന്നവരെ കോവിഡ് കെയര്‍ സെന്ററില്‍ പാര്‍പ്പിക്കുന്നതിനുള്ള ചുമതലയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തന്നെ. 
 
‘വിമാനത്തിലും കപ്പലിലും വരുന്നവര്‍ മിക്കപ്പോഴും പുലര്‍ച്ചയോടെയാണ് ജില്ലയിലെത്താറ്. എയർപോർട്ട് ഉള്ള ജില്ലകളിലെ കണ്‍ട്രോള്‍ റൂമുമായും,  ഇവരുമായി വരുന്ന വാഹനത്തിന്റെ ഡ്രൈവറുമായും തുടര്‍ച്ചയായി ബന്ധപ്പെട്ട് കോവിഡ് കെയര്‍ സെന്ററില്‍ പ്രവാസികളെ പ്രവേശിപ്പിക്കുന്നതു വരെ വിശ്രമമില്ലാത്ത ജോലിയാണ്,’ ആര്‍ ഉഷ പറഞ്ഞു.

ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ അതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പോലീസിനൊപ്പം റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ചുമതല ഉണ്ടായിരുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്ന ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ആര്‍.ഡി.ഒ. സന്തോഷ് കുമാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റുകളില്‍ ഒരു മീറ്റര്‍ അകലത്തില്‍ വട്ടം വരച്ചും,  കടകളിലെ പരിശോധന കൃത്യമായ ഇടവേളകളില്‍ നടത്തിയും കര്‍മ്മ രംഗത്ത് സജീവമായിരുന്നു.  കടകളില്‍ കൈ കഴുകാനുള്ള സൗകര്യവും സാനിറ്റൈസര്‍ ലഭ്യതയും ഇവര്‍ പരിശോധിച്ചുറപ്പാക്കി.

അതിഥി തൊഴിലാളിക്കാവശ്യമായ സജ്ജീകരണങ്ങളും ഭക്ഷണവും ഉറപ്പാക്കുന്നതിലും തൊഴില്‍ വകുപ്പിനൊപ്പം റവന്യൂ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് തിരികെ നാട്ടിലേക്ക് പോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു നല്‍കുന്നതും റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തന്നെയാണ്. ഇതുവരെ മൂന്ന് ട്രയിനുകളാണ് ബീഹാറിലേക്ക് അതിഥി തൊഴിലാളികളുമായി യാത്രയായത്. ലേബര്‍, പോലീസ് ഉദ്യോഗസ്ഥരോടൊപ്പം അതിഥി തൊഴിലാളികളുടെ കണക്കെടുക്കാനും റവന്യു ഉദ്യോഗസ്ഥരുണ്ടായിരുന്നു. അതിഥിതൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ശേഖരിക്കുകയും യാത്രയ്ക്ക് മുമ്പ് ഇവര്‍ക്കാവശ്യമായ ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്തത് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ്. വിവിധ താലൂക്കുകളില്‍ നിന്നും ഇവരെ കെ.എസ്.ആര്‍.ടി.സി. ബസില്‍ റെയല്‍വേ സ്റ്റേഷനില്‍ എത്തിച്ച് ട്രയിനില്‍ യാത്രയാക്കുന്നതു വരെ, ഓരോ 25 ഓളം അതിഥിതൊഴിലാളികള്‍ക്കും ഒരാളെന്ന നിലയില്‍,  റവന്യു ഉദ്യോഗസ്ഥര്‍ ഇവരെ അനുഗമിച്ചിരുന്നു. റയില്‍വെ സ്‌റ്റേഷനില്‍ സാമൂഹിക അകലം പാലിച്ച് അതിഥിതൊഴിലാളികളെ യാത്രയാക്കാനും പോലീസ് ഉദ്യോഗസ്ഥരോടൊപ്പം റവന്യു ഉദ്യോഗസ്ഥരും പ്രധാന പങ്ക് വഹിച്ചിരുന്നു.

കോവിഡ് കെയര്‍ സെന്ററുകളുടെ പട്ടിക തയ്യാറാക്കിയതും ആരോഗ്യവകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവരോട് സഹകരിച്ച് റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ്.

”അന്യസംസ്ഥാനത്തുനിന്നും വരുന്നവരുടെ കൃത്യമായ കണക്കും മേല്‍വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും കളക്ടറേറ്റിലേക്കും വിവരങ്ങള്‍ നല്കുന്നുണ്ട്.  കോവിഡ് കെയര്‍ സെന്ററിന്റെ താക്കോല്‍ വാങ്ങി സൂക്ഷിക്കുന്നതും നിരീക്ഷണത്തിലിരിക്കുന്നവര്‍ വരുമ്പോള്‍ കൃത്യമായി അവരെ അവിടെയെത്തിക്കാനുള്ള ചുമതലയും നിറവേറ്റുന്നുണ്ട്,” മാരാരിക്കുളം വടക്ക് വില്ലേജ് ഓഫീസര്‍ കെ അനൂജ്  പറഞ്ഞു.  

ലേബര്‍ ക്യാമ്പുകളിലെ തര്‍ക്കങ്ങള്‍, കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്ന് അപൂര്‍വമായി വരുന്ന പരാതികള്‍ തുടങ്ങിയവയിലും യഥാസമയം ഇടപെട്ട്  തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, പോലീസ് തുടങ്ങിയവയുമായി ചേര്‍ന്ന് പരിഹാരം കാണാനും വില്ലേജ് ഓഫീസിലെയും താലൂക്ക് ഓഫീസിലെയും ഉദ്യോഗസ്ഥര്‍ ഓടിനടക്കുന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുയര്‍ന്നപ്പോഴും അതത് സ്ഥലം സന്ദര്‍ശിച്ച് പരിഹാരം തേടാന്‍ പാഡി മാര്‍ക്കറ്റിഗ് ഉദ്യോഗസ്ഥരോടൊപ്പം റവന്യു ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

കലക്ടറേറ്റിലെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും അവധിയെടുക്കാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ട്. ദുരന്തനിവാരണവിഭാഗത്തിലെ ഡെപ്യൂട്ടി കളക്ടര്‍ ആശ സി എബ്രഹാമിന്റെ നേതൃത്വത്തില്‍  വിവിധ വകുപ്പുകളുമായുളള എകോപനം കുറ്റമറ്റതാണ്. 

“ജില്ലയിലേക്ക് കടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ കാലത്ത് പോലീസിനൊപ്പം റവന്യു ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. ജില്ലയിലേക്ക് വ്യക്തികള്‍ക്ക് പാസ് നല്‍കേണ്ടി വന്നപ്പോഴൊക്കെ അവ പരിശോധിക്കാന്‍ അതത് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആളുകളുടെ നിരീക്ഷണം കൃത്യമാക്കാനായി  ആറ് സംസ്ഥാന- അതിര്‍ത്തി പ്രദേശങ്ങള്‍ക്കായി ഓരോ ഉദ്യോഗസ്ഥനെ വീതം കണ്‍ട്രോള്‍ റൂമില്‍ ചുമതലപ്പെടുത്താനുദ്ദേശിക്കുന്നു. നാല് ജൂനിയര്‍ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുള്ള ഈ കണ്‍ട്രോള്‍ റൂം നമ്പരുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും,” ജില്ലാ കളക്ടര്‍ എം അഞ്ജന പറഞ്ഞു.

ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ കോവിഡ് പ്രതിരോധത്തിനു പുറമെയുള്ള ദൈനംദിന പ്രവൃത്തികള്‍ കൂടി ആരംഭിച്ചു കഴിഞ്ഞു. മഴക്കാല പൂര്‍വശുചീകരണ പ്രവൃത്തികള്‍, കടലാക്രമണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,  ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കല്‍ എന്നിവയും പുനരാരംഭിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു