പുതിയ കർഷകവിരുദ്ധ നിയമം റദ്ദാക്കണം

Share News

രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിലമരുകയും സമ്പദ് വ്യവസ്ഥ വലിയ തകർച്ചയെ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, കർഷകരെ ദീർഘകാലാടിസ്ഥാനത്തിൽ ബുദ്ധിമുട്ടിലാക്കുന്ന വിധത്തിൽ, പ്രതിപക്ഷം പാർലമെൻറ് ബഹിഷ്കരിച് ഇല്ലാതിരുന സമയത്തു ‘പാസ്സാക്കിയ’ കർഷക വിരുദ്ധ നിയമങ്ങൾ റദ്ദാക്കേണ്ടതാണ്.

കടക്കെണിയും പട്ടിണിയും ആത്മഹത്യയും തുടർക്കഥയായ ഇന്ത്യൻ കാർഷികമേഖലയെ രക്ഷിക്കാനെന്ന പേരിൽ, കൊണ്ടുവന്ന നിയമങ്ങൾ നമ്മുടെ കർഷകരെ വൻകിട കോർപ്പറേറ്റുകളുടെ അടിമകളായി മാറ്റും എന്നത് ഉറപ്പാണ്.

താങ്ങുവില എന്ന സംവിധാനം ഉൾപ്പെടുത്താതെ, കാർഷികോൽപ്പന്നങ്ങളുടെ ശേഖരണം, സംസ്കരണം, വിപണനം, കയറ്റുമതി എന്നിവ പരിധികളില്ലാതെ ഏത് ഇന്ത്യൻ കംപനിക്കും പാർട്ട്ണർഷിപ്പ് സ്ഥാപനത്തിനും നടത്താം എന്നതാണ് കർഷകരോഷം ഉയർത്തുന്നത്. മാത്രമല്ല, വിത്തിറക്കുമ്പൊഴേ ഉൽപ്പന്നവില നിശ്ചയിച്ച് കൃഷിക്കാരിൽനിന്ന് പിന്നീട് വാങ്ങുന്ന കരാർ കൃഷിയും നിയമത്തിൽ അനുവദിച്ചിട്ടുണ്ട്. ഇടനിലക്കാരുടെ പിടിയിൽനിന്ന് കൃഷിക്കാർ ഇതോടെ രക്ഷപ്പെടും എന്നാണ് വാദം. എന്നാൽ, ആദ്യഘട്ടത്തിൽ ഉയർന്ന വില നൽകി വിപണിയിൽ പിടിമുറുക്കുന്ന കോർപ്പറേറ്റുകൾ കർഷകരുടെ പ്രാദേശിക വിപണിയെ തകർക്കുകയും അവരുടെ വിലപേശൽ ശേഷിയെ ഇല്ലാതാക്കുകയും ചെയ്തശേഷം വില കുറച്ച് അവരെ ചൂഷണം ചെയ്യുമെന്നത് ഉറപ്പാണ്.

കരാർ കൃഷിയാകട്ടെ, കർഷകരെ വിലപിടിച്ച ഹൈബ്രിഡ് വിത്തുകൾ, വളം, കീടനാശിനികൾ തുടങ്ങിയവയുടെ ഉപയോഗത്തിന് നിര്ബന്ധിതരാകും. ഇത്തരം രീതികൾ മുൻപേ നടപ്പിലാക്കിയ യു.എസ് പോലുള്ള രാജ്യങ്ങളിലെ കർഷകരുടെ ചരിത്രം ഇതു വ്യക്തമാക്കുന്നു. അവിടങ്ങളിലെ കൂടുതൽ വിദ്യാസമ്പന്നരായ കർഷകരുടേതിനേക്കാൾ തീർത്തും മോശമാകും ഭൂരിപക്ഷവും നിരക്ഷരരായ നമ്മുടെ കർഷകരുടെ അവസ്ഥ.

കേന്ദ്രസർക്കാർ അവശ്യവസ്തു നിയമം ഭേദഗതി ചെയ്ത് ഇത്തരം ബില്ലുകൾ കൊണ്ടുവരാൻ തീരുമാനമെടുത്തപ്പോൾ കൃഷി സംസ്ഥാനവിഷയമാണെന്ന വസ്തുത കണക്കിലെടുക്കുകയോ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യുകയോ ചെയ്തില്ല.

ബിൽ വന്നതോടെ ദില്ലിയിലും പഞ്ചാബ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ കാർഷിക മേഖലയിലും കർഷകരുടെ സമരം ശക്തമായിരിക്കുകയാണ്. കേരളത്തിൽനിന്നുള്ള എം.പി.മാർ പാർലമെൻറിനകത്തും പുറത്തും ശക്തമായ പ്രതിഷേധസമരങ്ങൾ നടത്തുകയുണ്ടായി.

ഈ സമരങ്ങൾക്ക് എൻ്റെ ശക്തമായ പിന്തുണ അറിയിച്ചുകൊള്ളുന്നു. കാരണം, കർഷകർ ദുർബലമായാൽ രാജ്യം ഒന്നാകെ ദുർബലമാകും. നമ്മുടെ രാജ്യത്തിൻ്റെ അതിർത്തികൾ കാക്കുന്ന ജവാൻമാരും നമുക്ക് മൂന്നു നേരം ആഹാരം തരുന്ന കർഷകരുമാണ് രാജ്യത്തിൻ്റെ നട്ടെല്ല്. ഇവിൽ ഒരു വിഭാഗം ദുർബലമായാൽ മറ്റേതും ദുർബലമാകും.

സർക്കാർ പറയുന്നതുപോലെ പ്രാദേശിക ഇടനിലക്കാരും കർഷകരെ ചൂഷണം ചെയ്യുന്നുണ്ട്. എന്നാൽ, കർഷകർക്ക് അവരുമായി ഇടപെടുന്നതിലെ സൗകര്യംപോലും കോർപ്പറേറ്റുകളുടെ ശമ്പളക്കാരുമായി ഇടപെടുന്നതിൽ ഉണ്ടാകുകയില്ല എന്നുറപ്പ്.

ഇന്ത്യയിലെ ക്ഷീരകർഷകരുടെ ജീവിതനിലവാരം ഉയർത്തിയ ആനന്ദ് മോഡൽ മൊത്തം കാർഷിക മേഖലയിലും പരീക്ഷിക്കാവുന്നതാണ്. മലയാളിയായിരുന്ന ഡോ. വർഗീസ് കുര്യൻ കർഷകരുടെ സഹകരണ സംഘങ്ങളിലൂടെയുള്ള ഉൽപ്പാദനം, വിപണനം, മൂല്യവർധനവ്, വളം – വിത്ത് ശേഖരണം എന്നിവ വിജയകരമായി നടപ്പാക്കിയ ചരിത്രം നമുക്കു മുന്നിലുണ്ട്.

M P Joseph IAS (Fmr)
Share News