
ലൈഫ് മിഷൻ: സിബിഐ വിഷയത്തിൽ ഓര്‍ഡിനന്‍സ് വേണ്ടെന്നു സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ അന്വേഷണം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്നു സിപിഎം തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ചു ധാരണയായത്.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിനെത്തുടര്ന്നാണു സിബിഐയെ നിയന്ത്രിക്കാന്‍ നീക്കമുണ്ടായത്. എന്നാല്‍, ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിധാരണയുണ്ടാക്കുമെന്നു പാര്‍ട്ടി വിലയിരുത്തി. ലൈഫ് മിഷന് ക്രമക്കോട് സംബന്ധിച്ച അന്വേഷണം തടയാനാണ് ഓര്‍ഡിനന്‍സ് എന്നു വ്യാഖ്യാനിക്കപ്പെടുമെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രചാരണം നടത്താനും സിപിഎം തീരുമാനിച്ചു. ബാബറി മസ്ജിദ് കേസില്‍ സിബിഐ കോടതിക്കുപോലും സിബിഐയുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന കാര്യമാണു കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രചാരണ ആയുധമാക്കാന്‍ സിപിഎം ഉപയോഗിക്കുക.
അതേസമയം, രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയര്‍ന്ന ഐഫോണ്‍ ആരോപണം വ്യക്തിപരമാണെന്നു പാര്‍ട്ടി നിരീക്ഷിച്ചു. ഇതിനാല്‍ പാര്‍ട്ടി ഒൗദ്യോഗികമായി പ്രതികരിക്കുന്നതില്‍ കൃത്യമായ കരുതല്‍ പാലിക്കും. എന്നാല്‍ സൈബര്‍ ഇടത്തില്‍ ചെന്നിത്തലയ്ക്കെതിരെ ഇടത് അനുകൂലികള്‍ നടത്തുന്ന പ്രചാരണത്തില്‍ ഇടപെടേണ്ടെന്നും സിപിഎം തീരുമാനിച്ചു.