വിടരാതെ പോയ പൂമൊട്ടുകൾ:

Share News

അടുത്തിടെ ക്രിസി ടീജെനും ഗായകൻ ജോൺ ലെജൻഡും അവരുടെ പിഞ്ചു കുഞ്ഞിനെ നഷ്ടപ്പെട്ടതിൻ്റെ ഹൃദയവേദന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ആശുപത്രിക്കിടക്കയിൽ,  തകർന്നതും കരഞ്ഞതും ആയ ക്രിസിയുടെ ചിത്രം, ഒരർത്ഥത്തിൽ, കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണുനീരിൻ്റെയും സങ്കടത്തിൻ്റെയും പ്രതീകം തന്നെ ആണ്.

 ഈ അമ്മമാർ  കണക്കാക്കാനാവാത്ത വേദനയിലൂടെയും   ദുരിതങ്ങളിലൂടെയും കടന്നുപോകുന്നു, മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന വേദന, ശാരീരികവും മാനസികവുമായ സംഘർഷങ്ങളും !!

നഷ്ടങ്ങളുടെ കുത്തൽ ആത്മാവിന്റെ, സ്വത്വത്തിന്റെ  ഭാഗമായി അവിടെ അവശേഷിക്കുന്നു..മരവിപ്പിക്കുന്ന,  വേട്ടയാടുന്ന ആ ഓർമ്മകൾ...

.ഒന്ന് വിടർന്നു ചിരിക്കുമ്പോൾ പോലും കാണാം ആ കൺകോണിൽ വിഷാദത്തിന്റെ  കണ്ണുനീർ കണങ്ങൾ! 
ഗർഭം അലസൽ   അപ്രതീക്ഷിതവും അനിയന്ത്രിതവുമായ ഒരു സംഭവം ആണെന്നിരിക്കെ   ഈ നഷ്ടപ്പെടലുകൾ  കൂടുതൽ സഹാനുഭൂതി നിറഞ്ഞ സമീപനം പ്രതീക്ഷിക്കുന്നു. കുറ്റപ്പെടുത്തലുകൾക്കും കുറ്റബോധങ്ങൾക്കും അവിടെ സ്ഥാനമില്ല.


 പെൺമക്കൾ  ആത്മഹത്യ ചെയ്ത രണ്ടു കുടുംബങ്ങളിലെ അമ്മമാരെ  ഞാൻ കണ്ടു ….ഇനി ഒരിക്കലും മറുപടി ലഭിക്കാനിടയില്ലാത്ത ചില ചോദ്യങ്ങൾ മുഖത്തെഴുതി വച്ചിരിക്കുന്നു, വർഷങ്ങൾക്കിപ്പുറവും !”എന്തേ, നീ ഇങ്ങനെ  ചെയ്തു  എന്റെ  കുഞ്ഞേ?” “ഒരു വാക്കെന്നോട് പറയാമായിരുന്നില്ലേ?” എന്ന ചോദ്യം വിഷാദം നിഴലിട്ട കണ്ണുകളിൽ!പരാജയത്തിന്റെ, നിരാശയുടെ കനത്തിൽ കുനിഞ്ഞുപോയ  മുഖങ്ങൾ…എനിക്ക് ആർത്തു പറയാൻ തോന്നി …ഈ ലോകത്തോടും അവരോടും; ഇല്ല! നിങ്ങൾ തോറ്റിട്ടില്ല…ഈ സങ്കടകടൽ  നീന്തി പുറത്തു വരൂ..ഇനിയും വരാനിരിക്കുന്ന ജീവിത വസന്തങ്ങളിലേക്ക്..


കഴിഞ്ഞ ദിവസം യു ട്യൂബിൽ കണ്ടു, പത്താം നിലയിൽ നിന്നും വീണു മരിച്ച മകളുടെ മരണത്തിന്റെ   മണം മാറും മുമ്പേ, മകൾ മരിച്ചത് ഞങ്ങൾ പത്താം നിലയിൽ നിന്ന് തള്ളിയിട്ടു  കൊന്നതല്ല എന്ന് വിശദീകരിക്കാൻ പാട് പെടുന്ന അമ്മ, അനേകം വളഞ്ഞ പുരിക കൊടികൾക്ക്  അവശ്യം വേണ്ടി വന്ന ലൈവ് ! കുക്കിംഗ് ചാനലിലൂടെയും മറ്റും തന്റെ  സ്വാസ്ഥ്യം വീണ്ടുക്കാൻ പാടുപെടുന്ന ഇനിയും തളരാത്ത ഒരു അമ്മ!  
നിൽക്കൂ …എന്റെ  ഒരു പ്രിയപ്പെട്ട കസിൻ ദുഖത്തിന്റെ  നിലയില്ലാ കയം  നീന്തി കടന്നിട്ടില്ല, ഇനിയും….ഇരുപത്തിനാലാം  വയസ്സിൽ  പ്രതീക്ഷകളുടെ പൊൻവെളിച്ചം അണച്ചു പൊന്നുമോൻ  വെള്ളത്തിലൂടെ അങ്ങ് പോയി, കൺവെട്ടത്ത് അല്ലാത്ത ദൂരത്തിൽ…പരമ സാധുവായ ചേച്ചിയും പറയാതെ  പറയുന്നുണ്ട്, ഓരോ ദിനവും തികട്ടി വരുന്ന  വരുന്ന വേദന! ഒരു ദിനം പോലും ഉദിക്കുന്നില്ല ആ അമ്മയ്ക്ക; നൊമ്പരപ്പെടുത്തുന്ന ഓർമകളുടെ വേലിയേറ്റമില്ലാതെ!

എന്റെ  ആശുപത്രി കിടക്കയിൽ, ഒരു വാക്കും സാന്ത്വനം പറയാനാവാതെ  നിന്ന, എന്റെ  ഗയ്‌നെക്കിനെ  ഒരിക്കലും മറക്കില്ല.. മൂത്ത മകളെ അത്ഭുതമായി എന്റെ  കരത്തിൽ തന്ന ആ കരങ്ങളിൽ ഞാൻ ഒരു ചുംബനം നൽകി.. ഞങ്ങളുടെ പൊന്നോമന കുഞ്ഞിനെ ജീവനോടെ എത്തിക്കാനായില്ലെങ്കിലും, ആ കരങ്ങൾ അതിനായി  വല്ലാതെ  പാടുപെടുന്നത് ഞാൻ അനസ്തേഷ്യയുടെ ആലസ്യത്തിലും കണ്ടു..

ഇനിയും അനേക കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക്  ആനയിക്കാനുള്ള ആ കൈകൾ നൈരാശ്യത്തിലും ആശങ്കയിലും ഒട്ടും പതറരുതെന്നു  എനിയ്ക്കു തോന്നി…എന്റെ ആ  ഒരു നിമിഷത്തെ  ചിന്തയിൽ  ഞാൻ ക്ഷമിച്ചത് എന്നോട് തന്നെ ആയിരിക്കാം.. തിരികെ വരാൻ, ജീവിതത്തിലേക്ക്, അധ്യാപനത്തിലേക്ക് , എന്റെ  കുടുംബം കാത്തിരുന്ന ആ നോർമൽസിയിലേക്ക് , നടന്നടുക്കാൻ എന്നെ  ഏറെ സഹായിച്ച തീരുമാനവും അതായിരിക്കാം …


ചില വേദനകൾ അങ്ങനെയാണ്, അവയിൽ  നിന്ന് കരകേറാൻ  കരുണാപൂർവ്വം നീട്ടിയ കരങ്ങൾ വേണ്ടതുണ്ട്  ….ചിലതിനു തോളുകൾ വേണം, തല ചായ്ക്കാൻ.. ഇത് നിന്റെ  കുറ്റമല്ല എന്ന് പറയുന്ന സ്നേഹത്തിന്റെ  കണ്ണുകൾ വേണം.. ചിലപ്പോൾ ക്ഷമിച്ചുകൊടുക്കലുകൾ..  ഫോൺ വിളികൾ, സ്നേഹാന്വേഷണങ്ങൾ !  വരൂ.. നിന്നെ ഞങ്ങൾ ഓഫീസിൽ കാത്തിരിക്കുന്നുണ്ടെന്നുള്ള  ഓർമ്മപ്പെടുത്തലുകൾ…

ഇങ്ങനെ നീട്ടുന്ന വിരൽത്തുമ്പുകളിൽ ഉള്ളത് സ്നേഹം മാത്രമല്ല, ഈ ലോകവും സർവ ചരാചരവും മെനഞ്ഞവന്റെ  അദ്വിതീയ വിരലടയാളങ്ങൾ  കൂടിയാണ് എന്നതിൽ  സംശയം വേണ്ട! നീട്ടിക്കൊടുക്കാം നമുക്കിനി കരങ്ങൾ..

.ഒരു നുള്ളു സാന്ത്വനം കാത്ത് ആരൊക്കെയോ ഇപ്പോഴും കാത്തിരിപ്പുണ്ട്. 

ഡോ. ജിനു ജോർജ്

കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് , സേക്രഡ് ഹാർട്ട് കോളേജ് തേവര


My photo
Heart-Bytes

Share News