
മദ്യവും, മാസ്‌കും സര്‍ക്കാരിന്റെ വരുമാന സ്രോതസ്സുകള്‍
മദ്യവും, മാസ്‌കും സര്‍ക്കാരിന്റെ മുഖ്യവരുമാന സ്രോതസ്സുകളാക്കി മാറ്റുന്ന പ്രതിഭാസമാണ് നാട് ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന കേരള മദ്യവിരുദ്ധ വിശാലസഖ്യത്തിന്റെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
ഏറ്റവും വലിയ വ്യാധിയും ദുരന്തവും മദ്യമാണ്. ഇതില്‍ നിന്നും സര്‍ക്കാരും അബ്കാരികളും വരുമാനമുണ്ടാക്കുന്നു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ മാസ്‌ക് അനിവാര്യമാണെങ്കിലും ഇതിന്റെ മറവിലും സര്‍ക്കാര്‍ ട്രഷറി നിറക്കുന്നുണ്ട്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയില്‍ കൈയ്യൂക്കുള്ളവര്‍ കാര്യം കാണുകയാണ്.
നാടൊട്ടുക്ക് പള്ളികളും പള്ളിക്കൂടങ്ങളും അടച്ചിട്ടിരിക്കുമ്പോഴും എങ്ങനെ തെരഞ്ഞെടുപ്പ് ഉടന്‍ നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അധികാരികളും ഗവേഷണം നടത്തുകയാണ്. നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ മുഴുവന്‍ വോട്ടര്‍മാരും പോളിംഗ് സ്റ്റേഷനുകളിലെത്തണം. ഇങ്ങനെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലെത്തുന്നത് ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കും. ആയതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ആറ് മാസമെങ്കിലും നീട്ടിവച്ച് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തണം.
മദ്യവും, വ്യാജമദ്യവും ഒഴുക്കിയുള്ള തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ഈ കാലയളവില്‍ സര്‍ക്കാര്‍ അവസരമൊരുക്കരുത്. ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കാവുന്ന സ്ഥിതിവിശേഷമുണ്ടാക്കി പകര്‍ച്ചവ്യാധിയുടെ കുറവിനെ സമൂഹത്തെ ബോധ്യപ്പെടുത്തിവേണം തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കാന്‍. രാജ്യത്ത് നീതിന്യായ കോടതികള്‍ നിലനില്‍ക്കുന്നിടത്തോളംകാലം ഡിസംബറില്‍ പ്രാദേശിക സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കേണ്ടതില്ലെന്നും പ്രസാദ് കുരുവിള പറഞ്ഞു.
ഫാ. മാത്യു പുതിയിടത്ത് അദ്ധ്യക്ഷത വഹിച്ചു. ജോസ് കവിയില്‍, ജോസ് ഫ്രാന്‍സീസ്, അലക്‌സ് കെ. എമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രസാദ് കുരുവിള, സംസ്ഥാന സെക്രട്ടറി
Mob: 9446084464, 8281961464
E-mail: prasadkuruvilla444@gmail.com