കോവിഡ് : എറണാകുളം ജില്ലയിലെ ആശുപത്രികൾ സജ്ജം
കോവിഡുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് ചികിത്സ ആവശ്യമായി വന്നാൽ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ സജ്ജം. ആകെ 13000 പേരെ കിടത്തി ചികിത്സിക്കാനാണ് ജില്ലയിൽ സൗകര്യമുള്ളത്. ഇതിൽ 7636 കിടക്കകൾ നിലവിൽ ഒഴിവുണ്ട്.
കളക്ടറേറ്റിൽ മന്ത്രി വി.എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ജില്ലയിലെ സാഹചര്യം വിലയിരുത്തിയത്.
ജില്ലയിലാകെ 1269 ഐ.സി. യുകളും 373 വെന്റിലേറ്ററുകളുമുണ്ട്. ഇതിൽ 672 ഐ. സി. യുകളും 284 വെന്റിലേറ്ററുകളും ജില്ലയിൽ നിലവിൽ ലഭ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കുന്നവർക്ക് അതിന് സൗകര്യമൊരുക്കണമെന്ന് മന്ത്രി നിർദേശം നൽകി. അല്ലാത്തവർക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ സൗകര്യമൊരുക്കണം. അതുമല്ലാത്തവരെ മാത്രമേ കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കാവു.
നിരീക്ഷണത്തിൽ കഴിയുന്നവരോ അവരുടെ കുടുംബാംഗങ്ങളോ രോഗ ലക്ഷണവുമായി ആശുപത്രിയിൽ എത്തിയാൽ അവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് സാമ്പിളുകൾ ശേഖരിക്കണം. ഫലം പോസിറ്റീവ് ആയാൽ ഐസൊലേഷൻ റൂമുകളിൽ ചികിത്സ ഉറപ്പാക്കണം.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നിലവിൽ ദിവസേന 150 സാമ്പിളുകൾ വരെ പരിശോധിക്കാൻ സാധിക്കും. സെന്റിനൽ സർവെയ്ലൻസിന്റെ ഭാഗമായി കോവിഡ് കെയർ സെന്ററുകളിൽ നിന്ന് ശരാശരി 30പേരുടെയും മറ്റുള്ളവരിൽ നിന്ന് 20 പേരുടെയും സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.