
കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാകും: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു പ്രധാനമന്ത്രി
കൊച്ചി: 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിൽ കേരള, കര്‍ണാടക ഗവര്‍ണര്‍മാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണു പദ്ധതി നാടിനു സമര്‍പ്പിച്ചത്.
കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാമെന്ന് തെളിഞ്ഞു. കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാമെന്നും, പദ്ധതി വികസനത്തിന് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇന്ധന മലിനീകരണം പതിന്മടങ്ങ് കുറയും. റോഡ് ദുരന്തം കുറയും. വാഹനങ്ങള്‍ക്കും സിഎന്‍ജി ഇന്ധനം ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനം കൂടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് നിറവേറ്റപ്പെട്ടതെന്ന് ചടങ്ങില്‍ അഭിസേംബോധന ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാളയാര്‍-കോയമ്ബത്തൂര്‍ ലൈന്‍ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. എന്നിട്ടും ജനങ്ങള്‍ ഒപ്പം നിന്നു. ഊര്‍ജ്ജ രംഗത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് ഗെയില്‍പദ്ധതി വഴി തുറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രളയത്തിനും കോവിഡ് വ്യാപനത്തിനുമിടയില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രയത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകവകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
സംസ്ഥാനത്തെ സ്ഥലദൗര്ലഭ്യത പരിഗണിച്ച് 20 മീറ്റര്‍ വീതിയിലാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്. പദ്ധതി കടന്നുപോകുന്ന വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും മറ്റു ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് ഡ്രില്ലിംഗിലൂടെയാണ് സ്ഥാപിച്ചിട്ടുള്ളത്. 300 മീറ്റര്‍ മുതല്‍ 2,000 മീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള ഇത്തരം 96 തുരങ്കങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കൊച്ചി മുതല്‍ പാലക്കാട് കുറ്റനാട് വരെയും കുറ്റനാട് നിന്ന് മംഗളൂരുവിലേക്കും 5 നദികള്‍ പിന്നിട്ട് 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. പ്രകൃതിവാതകം കേരളത്തിലും മംഗളൂരുവിലുമുള്ള വ്യവസായ ശാലകള്‍ക്ക് ഉപയോഗിക്കാം. പാചകവാതകം പൈപ്പിലൂടെ വീട്ടിലെത്തിക്കുന്ന പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ കേരളത്തിനത് ചരിത്രനേട്ടമാവും.