ഫീനിക്‌സ് പക്ഷിയെപ്പോലെ ഒരു മനുഷ്യന്‍

Share News
ഫാ ജോസഫ് ആലഞ്ചേരി

ഒരു കുടയ്ക്ക് ഒരിക്കലും മഴയെ തടഞ്ഞുനിര്‍ത്താനാവില്ല. എന്നാല്‍ മഴയത്തു നില്‍ക്കാന്‍ അതു നമ്മെ സഹായിക്കുന്നു. ആത്മവിശ്വാസവും അതുപോലെ തന്നെ അത് വിജയം കൊണ്ടുവരണമെന്നില്ല. എന്നാല്‍, വെല്ലുവിളികളെ നേരിടാന്‍ നമ്മെ സഹായിക്കുന്നു.

പോളണ്ടിലെ വുഡോവിസ്സില്‍ നിന്നുള്ള കരോള്‍ ജോസഫ് വൊയ്റ്റിവ എന്ന മനുഷ്യനെ പരിചയപ്പെടുമ്പോള്‍ മുകളില്‍ പറഞ്ഞ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം ശരിയായി നമുക്ക് മനസ്സിലാകും. രക്തബന്ധത്തിന്റെ ഏറ്റവും അടുത്ത എല്ലാ കണ്ണികളും മുറിഞ്ഞുപോയ ഒരു മനുഷ്യന്‍.


1946 നവംബര്‍ ഒന്നിന് സകല വിശുദ്ധരുടെ തിരുനാള്‍ ദിനത്തില്‍ കരോള്‍ ജോസഫ് വൊയ്റ്റിവ എന്ന യുവ പുരോഹിതന്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ച് തിരുശ്ശരീര രക്തങ്ങള്‍ ഉയര്‍ത്തി. ‘ക്രിസ്തുവിലൂടെ ക്രിസ്തുവില്‍ത്തന്നെ ക്രിസ്തു മുഖേന എല്ലാ മഹിമയും ആരാധനയും എന്നും എന്നേയ്ക്കും….’ എന്നു പറയുമ്പോള്‍ സത്യത്തില്‍ അദ്ദേഹത്തിന് സര്‍വ്വശക്തനായ ദൈവം മാത്രമേ പൂര്‍ണ്ണ ആശ്രയമായി ഉണ്ടായിരുന്നുള്ളു. എട്ടാം വയസ്സില്‍ അമ്മ എമിലിയ മരിച്ചു. കരോള്‍ ജനിക്കുന്നതിനു മുമ്പുതന്നെ ചേച്ചി ഓര്‍ഗാ ഓര്‍മയായി. ലോലക് എന്ന ഓമനപ്പേരു വിളിച്ചു താലോലിച്ചിരുന്ന ജ്യേഷ്ഠനെ 12-ാം വയസ്സില്‍ കരോളിന് നഷ്ടപ്പെട്ടു. എട്ടു വര്‍ഷത്തിനു ശേഷം ലോലക്കിന്റെ അപ്പനും അവനില്‍ നിന്ന് എന്നേയ്ക്കുമായി വേര്‍പിരിഞ്ഞു. തികച്ചും അനാഥനായിപ്പോയി, കരോള്‍. ആശ്വസിപ്പിക്കുവാനോ സാന്ത്വനപ്പെടുത്തുവാനോ പ്രോത്സാഹിപ്പിക്കുവാനോ സ്വന്തമെന്നു പറയാന്‍ ആരുമില്ലാതെ പോയ നിസ്സഹായനായ ഒരു യുവാവ്. എല്ലാ വേദനകളേയും മനസ്സിലൊതുക്കി ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. ‘എന്റെ അമ്മയുടെ മരണസമയത്ത് ഞാനില്ലായിരുന്നു. എന്റെ പ്രിയപ്പെട്ട സഹോദരന്റെ മരണനിമിഷം അടുത്തെത്തുവാന്‍ എനിക്ക് കഴിഞ്ഞില്ല. എന്റെ അപ്പനും അവസാന മണിക്കൂറില്‍ എന്നെ കാണാതെ മരിച്ചു. 20-ാം വയസ്സില്‍ ലോകത്തില്‍ എനിക്ക് സ്വന്തമായുണ്ടായിരുന്ന എല്ലാവരും നഷ്ടപ്പെട്ടു.


ആദ്ധ്യാത്മികതയുടെ വിശുദ്ധ ലോകത്ത് മന്ദസ്മിതം തൂകി വിളങ്ങിനിന്ന മഹാനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ശൈശവകാലം വായനക്കാരന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നതാണ്. വേദനകളും ദുരിതങ്ങളും ആ യുവാവിനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പഠനകാലയളവില്‍ത്തന്നെ അദ്ദേഹം പഠിച്ചിരുന്ന യൂണിവേഴ്‌സിറ്റി നാസി പട്ടാളം അടച്ചുപൂട്ടി. പിന്നീട് നിര്‍ബന്ധിത ജോലിക്കായി പോകേണ്ടിവന്നു. 1940-44 കാലഘട്ടത്തില്‍ ഹോട്ടല്‍ ജോലിക്കാരനായും പാറമടയില്‍ കരിങ്കല്‍ പണിക്കാരനായും അദ്ധ്വാനിച്ചു. ഒരിക്കല്‍ വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന കരോളിനെ പാഞ്ഞുവന്ന ഒരു കാര്‍ ഇടിച്ചിട്ടിട്ട് നിറുത്താതെ ഓടിച്ചു പോയി. വീഴ്ചയില്‍ വലതുകൈയുടെ മുട്ടിന് ചെറിയൊരു ചതവു പറ്റി എന്നതൊഴിച്ചാല്‍ യാതൊന്നും സംഭവിച്ചില്ല. പിന്നീട് 1944 ഫെബ്രുവരി 29നാണ് മരണകരമായ അപകടം സംഭവിക്കുന്നത്. നാസി പട്ടാളത്തിന്റെ തേര്‍വാഴ്ചയുടെ സമയമായിരുന്നു അത്. പട്ടാള ട്രക്കിടിച്ച് ബോധരഹിതനായ കരോള്‍ വോയ്റ്റിവയെ സാധാരണക്കാരില്‍ നിന്നും വിപരീതമായി പട്ടാള ഓഫീസര്‍തന്നെ ആശുപത്രിയിലാക്കി. അത്യുന്നതന്റെ സംരക്ഷണമുള്ളവന്‍ ഭാഗ്യവാനാകുന്നു എന്ന സങ്കീര്‍ത്തന വചനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ സംഭവം. ഒരു മാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. തുടയെല്ലുപൊട്ടി ഇടതുവശത്തേക്കു സ്ഥായിയായ ഒരു ചെരിവ് സമ്മാനിച്ചുകൊണ്ടാണ് ഇടതു തോളിനേറ്റ പരിക്ക് ഭേദമായത്. മാസങ്ങള്‍ അധികം കഴിഞ്ഞില്ല, 1944 ആഗസ്റ്റ് 6ലെ കറുത്ത ഞായറാഴ്ച ജര്‍മ്മന്‍ രഹസ്യപ്പോലീസ് ഗസ്റ്റപ്പോ ക്രോക്കോവ് നഗരം വളഞ്ഞു. ഭീകരമായ നരവേട്ടയായിരുന്നു അത്. അനേകാര്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എണ്ണായിരത്തോളം യുവാക്കളെ അറസ്റ്റുചെയ്തു കൊണ്ടുപോയി. ജോഷ്വായെ എന്നപോലെ ദൈവം കരോള്‍ വോയ്റ്റിവയെ സംരക്ഷിച്ചു. അങ്കിളിന്റെ വീടിന്റെ അടിനിലയില്‍ ഇറങ്ങിയിരുന്ന് ആ യുവാവ് രക്ഷപെട്ടു. കരോളിന്റെ തലയ്ക്കു മുകളിലൂടെ പോലീസ് അന്വേഷണം നടത്തി കടന്നുപോയി. 1945 ജനുവരിയില്‍ പട്ടാളം വീണ്ടും ക്രാക്കോവ് വളഞ്ഞെങ്കിലും കരോള്‍ അവരുടെ പിടിയില്‍ പെട്ടില്ലെന്നു മാത്രമല്ല, നാസി ക്യാമ്പില്‍ നിന്നു രക്ഷപെട്ടു വരുന്നതിനിടയില്‍ റയില്‍വേ പ്ലാറ്റ്‌ഫോമില്‍ ബോധംകെട്ടു വീണുപോയ ഈഡിത്ത് സിയറര്‍ ന്നെ 14 വയസ്സുകാരിയെ വലത്തുതോളിലിട്ട് ക്രാക്കോവിലെ വീട്ടിലെത്തിച്ച് രക്ഷിക്കുകയും ചെയ്തു.


ക്ലേശങ്ങളും ദുരിതങ്ങളും ഇങ്ങനെയുണ്ടോ ഒരു മനുഷ്യനെ വേട്ടയാടുന്നു? ആരോരുമില്ലാതെ ഒരു യുവാവിന് എത്രകാലത്തോളം ഇത് സഹിക്കാനാകും? ഒരു ഫുട്‌ബോള്‍ ഗോള്‍കീപ്പറുടെ മെയ്‌വഴക്കത്തോടെ എല്ലാ പ്രതിബന്ധങ്ങളേയും അദ്ദേഹം തോല്‍പ്പിച്ചു; ഒന്നും തന്നെ തോല്‍പ്പിച്ചു കടന്നുപോകാന്‍ അദ്ദേഹം അനുവദിച്ചില്ല. വുഡോവിസിലെ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് കത്തോലിക്കരും യഹൂദരുമായി ഫുട്‌ബോള്‍ മത്സരം പതിവായിരുന്നു. അപ്പോഴെല്ലാം ഗോള്‍വലയം കാത്തത് കരോള്‍ വോയ്റ്റിവയായിരുന്നു. സങ്കടങ്ങളുടെയും സഹനങ്ങളുടെയും തെറ്റിദ്ധാരണകളുടെയും നെരിപ്പോടിനു മുകളില്‍ ജീവിച്ച മനുഷ്യനായിരുന്നു അദ്ദേഹം. വൈദികനായതിനു ശേഷവും സഹനങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജീവിതത്തിന്റെ, കുരിശിന്റെ വഴിയില്‍ ഏകനായിപ്പോയ ആ മനുഷ്യന് കുരിശിന്റെ ചുവട്ടില്‍ പതറാതെ നിന്ന ആ അമ്മ മാത്രമേ കൂട്ടുണ്ടായിരുന്നുള്ളു. അതുകൊണ്ട് മാതാവിന്റെ വിമലഹൃദയത്തെ നോക്കി അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായും ഞാന്‍ ഇനി നിന്റേത്. (ഠീൗേ ൌtuെടോട്ടൂസ് റ്റുവോസ്) 1981 മെയ് 13ന് മഹമ്മദ് അലി അഗ്കാ എന്ന ഭീകരന്‍ പാപ്പായെ വെടിവെച്ച് വീഴ്ത്തുമ്പോഴും ഈ വാക്യം തന്നെയാണ് അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ നിന്ന് അടര്‍ന്നുവീണത്.


1948-ലാണ് ആദ്യത്തെ നിയമനം ലഭിക്കുന്നത്. ക്രാക്കോവിന് 15 മൈല്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഫാ. കരോള്‍ നിലത്തു മുട്ടുകുത്തി ഭൂമിയെ ചുംബിച്ചു. ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോണ്‍ വിയാനിയുടെ രീതിയായിരുന്നു ഇത്. മാര്‍പ്പാപ്പയായതിനു ശേഷവും ഈ ശൈലി അദ്ദേഹം പിന്തുടര്‍ന്നു.
യുവാക്കളുടെ വലിയൊരു സ്‌നേഹിതനായിരുന്നു ഫാ. കരോള്‍. 1984-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ലോക യുവജന സമ്മേളനം ആരംഭിക്കുന്നത്. പാപ്പായുടെ കാലത്തുതന്നെ 19 ലോക യുവജനസമ്മേളനങ്ങള്‍ നടന്നു. യുവജനങ്ങളുടെ പാപ്പാ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടുകയും പതിനഞ്ചോളം ഭാഷകളില്‍ നൈപുണ്യം നേടുകയും ചെയ്ത ജോണ്‍പോള്‍ പാപ്പാ യുവത്വകാലഘട്ടത്തില്‍ കൈവയ്ക്കാത്ത മേഖലകള്‍ തീര്‍ത്തും ചുരുക്കമായിരുന്നു. അനേകം കവിതകളും നാടകങ്ങളും അദ്ദേഹം എഴുതി. മതപരമായ രചനകള്‍ക്ക് ഔദ്യോഗിക നാമം ഉപയോഗിച്ചപ്പോള്‍ സാഹിത്യപരമായ രചനകള്‍ക്ക് സ്റ്റനിസ്ലാവ് ഗ്രുഡാ എന്ന തൂലികനാമമാണ് ഉപയോഗിച്ചിരുന്നത്. 1967 ജൂണ്‍ 26-ാം തീയതി പോള്‍ ആറാമന്‍ പാപ്പാ ക്രാക്കോവിലെ ആര്‍ച്ചുബിഷപ്പിനെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി. ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പായുടെ മരണശേഷം 1978ല്‍ത്തന്നെ കുടേണ്ടിവന്ന രണ്ടാമത്തെ കോണ്‍ക്ലേവില്‍ വച്ച് ഒക്ടോബര്‍ 14-ാം തീയതി 264-ാമത്തെ മാര്‍പ്പാപ്പയായി 58 വയസ്സുകാരനായ കര്‍ദ്ദിനാല്‍ കരോള്‍ ജോസഫ് വോയ്റ്റിവ തിരഞ്ഞെടുക്കപ്പെട്ടു. 2014 ഏപ്രില്‍ 27ന് ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.
ദൈവത്തിന്റെ മന:സാക്ഷിയുടെ ധീരമായി മുഴങ്ങിയ ശബ്ദമായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടേത്. ആഗോളവല്‍ക്കരണത്തിന്റെയും ഭൗതിക കാഴ്ചപ്പാടുകളുടെയും തിരത്തള്ളലിനിടയില്‍ സഭയുടെ ധാര്‍മിക നേതൃത്വത്തെ മുന്‍പന്തിയിലെത്തിച്ച മാര്‍പ്പാപ്പയായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍. വിശ്വാസവും സത്യവും ഭൂരിപക്ഷ താല്പര്യങ്ങള്‍ക്ക് വിധേയപ്പെടുന്ന അത്യാപത്തിനെ മുന്നില്‍ക്കണ്ട് അദ്ദേഹം പറഞ്ഞു. ‘ജനാധിപത്യ രീതികളില്‍ സത്യവും വിശ്വാസവും അളക്കപ്പെടുന്നത് തെറ്റാണ്. വോട്ടെണ്ണി നിങ്ങള്‍ക്ക് സത്യമേതെന്ന് നിര്‍ണ്ണയിക്കാനാവില്ല.’ 2005 ഏപ്രില്‍ 2 ശനിയാഴ്ച ഭൗതികദേഹം ഭൂമിയില്‍ ഉപേക്ഷിച്ച് സ്‌നേഹിതനായ ക്രിസ്തുവിന്റെ പക്കലേക്ക് പാപ്പാ യാത്രയായി.
ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ വില്‍പ്പത്രം അവസാനിക്കുന്നത് ചെറുപ്പകാലം മുതലുണ്ടായ എല്ലാ വേദനകളെയും അയവിറക്കിയാണ്.
‘ഈ ലോകത്തിലെ എന്റെ ജീവിതത്തിന്റെ അവസാനമടുക്കുമ്പോള്‍ എന്റെ ഓര്‍മ്മകളുമായി അതിന്റെ ആരംഭത്തിലേക്കു ഞാന്‍ മടങ്ങിപ്പോകുന്നു. എന്റെ മാതാപിതാക്കളുടെയടുത്തേക്ക്, എന്റെ സഹോദരന്റെ പക്കലേക്ക്, ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ സഹോദരിയുടെ പക്കലേയ്ക്ക്, എന്നെ മാമോദീസ മുക്കിയ, എനിക്ക് ഏറ്റം പ്രിയപ്പെട്ട വുഡോവിസിലെ എന്റെ ഇടവകയിലേക്ക്…. ഞാന്‍ ജോലി നോക്കിയ സ്ഥലങ്ങളിലേക്ക്… എന്റെ കര്‍ത്താവ് എനിക്ക് പ്രത്യേകമാംവിധം ഏല്‍പിച്ചു തന്ന എല്ലാവരുടെയും പക്കലേക്ക് ഞാന്‍ മടങ്ങുന്നു.’

ഫാ ജോസഫ് ആലഞ്ചേരി രചിച്ച വഴിത്തിരിവ് എന്ന പുസ്തകത്തിലെ 8-ാം അദ്ധ്യായം ആണ് ഈ ലേഖനം

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു