സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം: പ്രതിരോധം കടുപ്പിക്കണമെന്ന് കേന്ദ്രസംഘം
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, പ്രതിരോധം കടുപ്പിക്കണമെന്ന് കേന്ദ്രസംഘം. പരിശോധനകള്‍ കൂട്ടണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. കേന്ദ്രസംഘം സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തില്‍ കോവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം എത്തിയത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നതില്‍ കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പിനോട് വിശദീകരണം തേടി.
കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ രോഗ വ്യാപനം കൂടാനാണ് സാധ്യതയെന്നാണ് സംഘത്തിന്റെ നിഗമനം. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം ഇപ്പോള്‍. ഇത് പ്രതിരോധ നടപടികളില്‍ ഉണ്ടായ പാളിച്ചയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം ഇപ്പോള്‍ രോഗവ്യാപനത്തിലാണ് മുന്നില്‍. കേന്ദ്രസംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍. കേരളത്തിനൊപ്പം രോഗവ്യാപനം തുടരുന്ന മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ 48 ശതമാനവും കേരളത്തിലാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,08,14,304 ആയി ഉയര്‍ന്നു.ഇന്നലെ മാത്രം 14,488 പേരാണ് രോഗമുക്തരായത്.