
ഓർക്കുക ആത്മഹത്യ അല്ല പോരാട്ടമാണ് അതിജീവനവഴി
ഷാൾ കൊണ്ട് രണ്ട് മക്കളെയും ചേർത്തു കെട്ടി അമ്മ പുഴയിൽ ചാടി മരിച്ചു.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു അമ്മ മൂത്ത കുട്ടിയേയും കൊണ്ട് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു..
ഇങ്ങനെയുള്ള അനിഷ്ടസംഭവങ്ങൾ ഈയിടെയായി ആവർത്തിച്ചു നമ്മൾ കേൾക്കുന്നുണ്ട്. മരണത്തിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം, എങ്കിലും അതിൽ പ്രധാനപ്പെട്ട കാരണമാണ് പോസ്റ്റ് പാർട്ടം ഡിപ്രെഷൻ എന്ന വിഷാദാവസ്ഥ.
പ്രസവശേഷം സ്ത്രീയുടെ ചുറ്റുപാടിലും ദിനചര്യയിലും പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ അംഗീകരിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും അമ്മമാർക്ക് മനസ്സിനെ പാകപ്പെടുത്താൻ കഴിയാത്ത അവസ്ഥ അതാണ് പ്രസവാന്തര വിഷാദരോഗം.
പ്രസവത്തൊടനുബന്ധിച്ചു പല സ്ത്രീകളിലും മാനസിക സങ്കർഷങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും തനിയെ അതങ്ങ് മാറും. പക്ഷെ ചെറിയൊരു ശതമാനം പേരിൽ ഇത് ചികിത്സ ആവശ്യമുള്ള ഘട്ടത്തിലേക്ക് എത്തി മനോരോഗമായി മാറും.
അകാരണമായി ദേഷ്യപ്പെടുക, ഉറക്കെ നിലവിളിക്കുക. കുഞ്ഞിനെ നോക്കാതിരിക്കുക, ഉപദ്രവിക്കാൻ ശ്രമിക്കുക, ഒന്നിലും താല്പര്യമില്ലാതെ ഇരിക്കുക ഇതൊക്കെ വിഭ്രാന്തിയുടെ ലക്ഷണങ്ങളായിരിക്കും.പ്രസവിച്ചു ദിവസങ്ങൾക്കുള്ളിൽ ആഴ്ച്ചകൾക്കുള്ളിൽ, മാസങ്ങൾക്കുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ അവസ്ഥ പ്രത്യക്ഷപ്പെടാം.
ഗർഭിണിയായ സ്ത്രീകൾക്ക് മാനസികസംഘർഷം ഉണ്ടാക്കരുതെന്ന പൊതുവായ ഒരു അവബോധം നമുക്കുണ്ട്. എന്നാൽ പ്രസവശേഷം ആ കരുതൽ ഉണ്ടാകുന്നുണ്ടോ…?
മാതൃത്യം മഹത്തരമാണ് അതുപോലെ തന്നെ സങ്കീർണ്ണവുമാണ്. എന്നാൽ ഈ അവസ്ഥയെക്കുറിച്ച് നിർഭാഗ്യവശാൽ സമൂഹത്തിൽ വേണ്ടത്ര ധാരണയില്ല, ഗൗരവമായി കാണുന്നില്ല.
ഇതൊരു അസുഖമാണെന്ന് തിരിച്ചറിയാതെ വിഷമഘട്ടത്തിൽ ചേർത്തുപിടിക്കേണ്ട കുടുംബാങ്ങൾ തന്നെ കുറ്റപ്പെടുത്തുകയും വാക്കുകൾ കൊണ്ട് പ്രഹരിക്കുകയും ചെയ്യുമ്പോൾ എത്ര മനക്കരുത്തുള്ളവരായാൽ പോലും പിടിച്ചുനിൽക്കാൻ പറ്റിയെന്നു വരില്ല. ആ അവസ്ഥ അവരെ കൊണ്ടെത്തിക്കുന്നത് ആത്മഹത്യ പ്രവണതയിലേക്കും ആക്രമണസ്വഭാവത്തിലേക്കും ആയിരിക്കും.
അവസ്ഥ നിയന്ത്രണാതീതമായാൽ ആരോഗ്യവിദഗ്ധരുടെ സഹായം തേടുക തന്നെ ചെയ്യണം. വേഗത്തിലുള്ള രോഗനിർണ്ണയവും ശരിയായ ചികിത്സയും സ്ഥിതി ഗതികൾ മെച്ചപ്പെടുത്താൻ സഹായിക്കും.
പ്രശ്ങ്ങൾ കേൾക്കാൻ ആരെങ്കിലും ഉണ്ടെന്ന തോന്നൽ രോഗിക്ക് നൽകുന്നത് വലിയൊരു ആശ്വാസമാണ്.അവരെ കേൾക്കണം ആകുലതകളും വിഷമങ്ങളും മനസ്സിലാക്കണം. വാക്കുകൾ കൊണ്ട് സഹതപിക്കാതെ ചേർത്ത് പിടിക്കുക.
ഇനിയും ഒരമ്മയ്ക്കും മക്കളെയും കൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ടി വരരുത്. വേണ്ടപ്പെട്ടവരുടെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധ ഈ വിഷയത്തിൽ പതിയട്ടെ.വേണ്ടത് ശാശ്വതമായ പരിഹാരമാർഗങ്ങളാണ്, കരുതലാണ്…
.ഓർക്കുക ആത്മഹത്യ അല്ല പോരാട്ടമാണ് അതിജീവനവഴി
Dr.Asha Ullas