
എന്നെ ശകാരിച്ചും പ്രോത്സാഹിപ്പിച്ചും നേതൃനിരയിലേക്ക് കൊണ്ട് വന്നത് വയലാർജി ആയിരുന്നു.|മാത്യു കുഴൽനാടൻ
കെഎസ്‌യു..
എന്നെ ഞാനാക്കിയ പ്രസ്ഥാനം.. വെറുതെ ആലങ്കാരികമായി പറഞ്ഞതല്ല. അക്ഷരാർത്ഥത്തിൽ സത്യമാണ്..
കോതമംഗലം, എം എ കോളേജിൽ പ്രീഡിഗ്രി പഠിക്കുമ്പോൾ ഒരു സാധാരണ കെഎസ്‌യു പ്രവർത്തകൻ മാത്രമായിരുന്നു ഞാൻ. പിന്നീട് തിരുവനന്തപുരം ഗവ: ലോ കോളേജിൽ ചേർന്ന ആദ്യദിനം തന്നെ കെഎസ്‌യു വിന്റെ നേതാക്കൾക്കൊപ്പം കൂടി. ഒന്നാംവർഷ ക്ലാസ്സിൽ നിന്നും ഞാനും നിയാസും മാത്രമാണ് ആദ്യദിനം തന്നെ കെഎസ്‌യു ആണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഇത് ലോ കോളേജിന്റെ അന്നത്തെ സാഹചര്യത്തിൽ ഐതിസാഹസികത ആയിരുന്നു. അന്നുമുതൽ എസ്എഫ്ഐ ഞങ്ങളെ വേട്ടയാടാൻ ആരംഭിച്ചതാണ്. ഒരുപക്ഷേ ആ വേട്ടയാടലാണ് എന്നെ തീവ്രവാദിയായ ഒരു കെഎസ്‌യു കാരൻ ആക്കി മാറ്റിയത്.
അന്നത്തെ കെഎസ് യു സംസ്ഥാന നേതാവായിരുന്ന എം എം നസീർ എന്നെക്കുറിച്ച് പറഞ്ഞ് ഒരു കമന്റ് ശരിയാണ് എന്ന് എനിക്കും പിന്നീട് തോന്നിയിട്ടുണ്ട്..” പയ്യൻ കൊള്ളാം പക്ഷേ ചെറിയ ഒരു പ്രശ്നമേയുള്ളൂ.. അവൻ ഒരു 20 മിനിറ്റ് ഫാസ്റ്റാണ്.. “ശരിയാണ്.. പക്വത ഇല്ലാത്ത പെരുമാറ്റവും.. അടക്കമില്ലാത്ത കൗമാരവും എന്നെ വികാരജീവിയായ ഒരു കെഎസ്‌യു ക്കാരനാക്കിമാറ്റി.എന്നാൽ എന്നെ ശകാരിച്ചും പ്രോത്സാഹിപ്പിച്ചും നേതൃനിരയിലേക്ക് കൊണ്ട് വന്നത് വയലാർജി ആയിരുന്നു. ഒടുവിൽ കാൽ നൂറ്റാണ്ടിന് ശേഷം ലോ കോളേജിന്റെ മട്ടുപ്പാവിൽ ഇന്ദ്രനീല പൊൻപതാക പാറിച്ചിട്ടാണ് ഞങ്ങൾ ആ കലാലയം വിട്ടത്.പിന്നീട് ഒരുപാട് സ്ഥാനമാനങ്ങളിൽ ഇരിക്കാനായെങ്കിലും നിഷ്കളങ്കമായിരുന്ന ആ കെഎസ്‌യു പ്രവർത്തനത്തിന്റെ സംതൃപ്തി ഒരിക്കലും ഉണ്ടായിട്ടില്ല..
ഇന്ന് കോൺഗ്രസ്സ് ഒരു പുനരുജ്ജീവനത്തിനായി പരിശ്രമിക്കുമ്പോൾ നമ്മൾ ആദ്യം ശക്തിപ്പെടുത്തേണ്ടത് കെഎസ്‌യു ആണ് എന്നാണ് എന്റെ അഭിപ്രായം. കോൺഗ്രസ് ദുർബലപ്പെട്ടപ്പോഴൊക്കെ പാർട്ടിക്ക് പുതു ജീവനും ശക്തിയും നൽകിയ ചരിത്രമാണ് കെഎസ്‌യു വിന്റേത്. ആ ചരിത്രം ആവർത്തിക്കാൻ കെഎസ്‌യുവിന് കഴിയട്ടെ..
കെഎസ്‌യു വിന്റെ 64 ജന്മദിനത്തിൽ ഹൃദയാഭിവാദ്യങ്ങൾ..

മാത്യു കുഴൽനാടൻ